Connect with us

Football

ഫുട്‌ബോളിന്റെ രാജാവിനും രാജാക്കന്മാര്‍ക്കും എന്ത് കാനഡ; അര്‍ജന്റീന ഫൈനലില്‍

ആദ്യ പകുതിയിൽ ജൂലിയൻ അൽവാരസും രണ്ടാം പകുതിയിൽ മെസ്സിയും ഗോൾ നേടി.

Published

on

കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലിൽ കാനഡയെ തകർത്ത് അർജന്റീന ഫൈനലിൽ. നായകൻ ലയണൽ മെസ്സി ടൂർണമെന്റിൽ ആദ്യമായി ഗോളടിച്ച മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലോകചാമ്പ്യൻമാരുടെ ജയം. ആദ്യ പകുതിയിൽ ജൂലിയൻ അൽവാരസും രണ്ടാം പകുതിയിൽ മെസ്സിയും ഗോൾ നേടി. വ്യാഴാഴ്ച പുലർച്ചെ നടക്കുന്ന കൊളംബിയ-യുറഗ്വായ് രണ്ടാം സെമി ഫൈനൽ വിജയികളെയാണ് ഫൈനലിൽ നേരിടുക.

22-ാം മിനിറ്റിൽ മുന്നേറ്റതാരം ജൂലിയൻ അൽവാരസാണ് ലോകചാമ്പ്യൻമാരെ മുന്നിലെത്തിച്ചത്. 51-ാം മിനിറ്റിൽ മെസ്സിയും ഗോൾ നേടി. കാനഡയുടെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്താണ് രണ്ട് ഗോളുകളും നേടിയത്. കാനഡയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഗോളി എമിലിയാനോ മാർട്ടിനസ് രക്ഷകനായി. അർജന്റീന പ്രതിരോധവും മികച്ച പ്രകടനം നടത്തി. 4-4-2 ആയിരുന്നു അർജന്റീനയുടെ ലൈനപ്പ്. കാനഡയുടേത് 4-2-3-1. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് വന്നപ്പോഴും അർജന്റീന എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു.

22-ാം മിനിറ്റിലാണ് ലോകചാമ്പ്യൻമാരുടെ ആദ്യ ഗോളെത്തിയത്. മൈതാനമധ്യത്തിൽ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്ന റോഡ്രിഗോ ഡി പോൾ, മുന്നേറ്റ താരം ജൂലിയൻ അൽവാരസിലേക്ക് ഫോർവേഡ് പാസ് നൽകി. കാനഡ പ്രതിരോധത്തെ പിളർത്തിക്കൊണ്ട് മുന്നോട്ടാഞ്ഞ അൽവാരസ് പന്ത് അനായാസം വലയിലെത്തിച്ചു (1-0). ബോക്സിനകത്ത് കനേഡിയൻ താരം ബോംബിറ്റോ ഗോൾ പ്രതിരോധിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

രണ്ടാംപകുതിയിലായിരുന്നു മെസ്സിയുടെ ഗോൾ. ബോക്സിന്റെ എഡ്ജിൽവെച്ച് മധ്യനിര താരം എൻസോ ഫെർണാണ്ടസ് പിറകിലേക്ക് നൽകിയ പാസ് കനേഡിയൻ താരത്തിന്റെ കാലിലെത്തി. ബോക്സിന് പുറത്തുകടത്താൻ ശ്രമിച്ച് അടിച്ച പന്ത് പക്ഷേ, അർജന്റീനാ താരത്തിന്റെ കാലിലെത്തി. വല ലക്ഷ്യമാക്കി പായിച്ച പന്ത്, മെസ്സിയുടെ കാലിൽ നേരിയ തോതിൽ തട്ടി വലയിലേക്ക്. മെസ്സി ഓഫ്സൈഡാണെന്ന് വാദിച്ച് കനേഡിയൻ താരങ്ങൾ പ്രതിഷേധമുയർത്തിയതോടെ വാർ ചെക്കിങ് നടത്തി. പരിശോധനയ്ക്കൊടുവിൽ ഗോൾ സാധുവായി. കോപ്പയിലെ മെസ്സിയുടെ ആദ്യ ഗോൾ (2-0).

മത്സരത്തിലുടനീളം മെസ്സിയുടെ മികച്ച മുന്നേറ്റങ്ങൾ കാണാനായി. 12-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ നൽകിയ പാസ് മെസ്സി ഗോൾവല ലക്ഷ്യമാക്കി പായിച്ചെങ്കിലും പുറത്തേക്ക് പോയി. 44-ാം മിനിറ്റിൽ കനേഡിയൻ പ്രതിരോധത്തെ കബളിപ്പിച്ച് മെസ്സി വീണ്ടും മുന്നേറ്റം നടത്തി. പക്ഷേ, ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിൽ അപ്പോഴും പരാജയപ്പെട്ടു. അതിനിടെ ആദ്യ ഗോൾ വരുന്നതിന് അഞ്ച് മിനിറ്റ് മുൻപ് അൽവാരസ് സ്വന്തം പകുതിയിൽനിന്ന് കനേഡിയൻ വല തുളയ്ക്കാനുള്ള ശ്രമം നടത്തി. കനേഡിയൻ ഗോൾക്കീപ്പർ ക്രെപിയോയെ മറികടക്കാൻ ലക്ഷ്യമിട്ട് അടിച്ച ലോങ് ബോൾ പുറത്തേക്ക് പോയി.

കൗണ്ടർ അറ്റാക്കുകളിലൂടെ കാനഡ ചില മുന്നേറ്റങ്ങൾ നടത്തിയിരുന്നു. 15, 16 മിനിറ്റുകളിൽ അർജന്റീനയുടെ ഗോൾമുഖം വിറപ്പിക്കാനായി അവർക്ക്. ബോക്സിനകത്തെ പിഴവുകളും പാസുകൾ ശരിയാംവിധം നൽകുന്നതിൽ പരാജയപ്പെട്ടതുമാണ് കാനഡയെ ഗോളിൽനിന്ന് അകറ്റിയത്. കാനഡയുടെ മികച്ച ഒരു നീക്കം അർജന്റൈൻ ഗോൾക്കീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞിട്ടതും രക്ഷയായി.

ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെ മണലും ഈർപ്പവും കാരണം വേഗം കുറഞ്ഞ പിച്ചിലായിരുന്നു മത്സരം. കാനഡ ബാക്ക്ലൈൻ തുളച്ചുകയറാനുള്ള അർജന്റീനയുടെ ശ്രമം മോശം പിച്ച് കാരണം പലപ്പോഴും പരാജയപ്പെട്ടു. അർജന്റീനയുടെ തുടർച്ചയായ രണ്ടാം കോപ്പ അമേരിക്ക ഫൈനലാണിത്. 2021 കോപ്പ അമേരിക്ക കിരീടം, 2022 ലോകകപ്പ് കിരീടം എന്നിവ കഴിഞ്ഞ് മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ പ്രധാന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് നേടുന്നതിലാണ് അർജന്റീനയുടെ കണ്ണ്. ഫൈനലിൽ വിജയിച്ചാൽ കോപ്പ അമേരിക്കയിലെ തുടർച്ചയായ രണ്ടാം ജയമായിരിക്കും.

Football

മെസ്സിയുടെ പാത പിന്തുടര്‍ന്ന് ലാമിന്‍ യമാല്‍; ബാഴ്സയില്‍ ഇനി 19-ാം നമ്പര്‍ ജഴ്സി അണിയും

മെസ്സിയെ കൂടാതെ പാട്രിക് ക്ലൂയിവര്‍ട്, സെര്‍ജിയോ അഗ്യൂറോ എന്നീ താരങ്ങളും ഈ ഐക്കോണിക് നമ്പര്‍ ജഴ്‌സിയാണ് അണിഞ്ഞിരുന്നത്.

Published

on

എഫ്സി ബാഴ്സലോണയില്‍ 19-ാം നമ്പര്‍ ജഴ്സി തിരഞ്ഞെടുത്ത് കൗമാരതാരം ലാമിന്‍ യമാല്‍. വരാനിരിക്കുന്ന 2024-25 സീസണിലാണ് ബാഴ്സയുടെ 19-ാം നമ്പര്‍ ജഴ്സി യമാല്‍ അണിയുക. വീഡിയോയിലൂടെയാണ് തങ്ങളുടെ പുതിയ 19-ാം നമ്പറിനെ ബാഴ്സ പ്രഖ്യാപിച്ചത്. ഇതിഹാസതാരം ലയണല്‍ മെസ്സി ബാഴ്സലോണയില്‍ തുടക്ക കാലത്ത് അണിഞ്ഞ ജഴ്സിയാണിത്. മെസ്സിയെ കൂടാതെ പാട്രിക് ക്ലൂയിവര്‍ട്, സെര്‍ജിയോ അഗ്യൂറോ എന്നീ താരങ്ങളും ഈ ഐക്കോണിക് നമ്പര്‍ ജഴ്‌സിയാണ് അണിഞ്ഞിരുന്നത്.

2024 യൂറോ കപ്പില്‍ സ്പെയിനിന് വേണ്ടിയും യമാല്‍ 19-ാം നമ്പര്‍ ജഴ്സിയിലാണ് ഇറങ്ങിയത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയ കൗമാരതാരമാണ് യമാല്‍. സ്പെയിനിന്റെയും ബാഴ്സയുടെയും ഫുട്ബോള്‍ ഭാവിയായി വാഴ്ത്തപ്പെടുകയാണ് ഈ 17കാരന്‍. യൂറോ കപ്പില്‍ സ്പെയിനിന്റെ കിരീടനേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് യമാല്‍.

2024 യൂറോ കപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടതും യമാലാണ്. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച യമാല്‍ നാല് അസിസ്റ്റുകളും ഒരു ഗോളും നേടി. ഫൈനലില്‍ സ്‌പെയിനിന്റെ ആദ്യ ഗോള്‍ പിറന്നത് യമാലിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു.

Continue Reading

Football

റയലുമായി 2025 വരെ കരാര്‍ നീട്ടി ലൂക്ക മോഡ്രിച്ച്‌

റയലിലെ കരാര്‍ ഈ ജൂണോടെ അവസാനിക്കേണ്ടിയിരുന്ന സാഹചര്യത്തിലാണ് പുതിയ കരാര്‍ പ്രഖ്യാപനം.

Published

on

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ വരവ് ആഘോഷമാക്കുന്ന റയല്‍ മാഡ്രിഡ് ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത കൂടി. സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡില്‍ തന്നെ തുടരും. താരവുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

റയലിലെ കരാര്‍ ഈ ജൂണോടെ അവസാനിക്കേണ്ടിയിരുന്ന സാഹചര്യത്തിലാണ് പുതിയ കരാര്‍ പ്രഖ്യാപനം. ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷ വേളയില്‍ ഒരു വര്‍ഷം കൂടി മാഡ്രിഡില്‍ തുടരുമെന്ന് 38കാരനായ മോഡ്രിച്ച് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മധ്യനിരതാരം ടോണി ക്രൂസ് വിരമിച്ച സാഹചര്യത്തില്‍ റയല്‍ ആരാധകര്‍ക്ക് വലിയ മോഡ്രിച്ചിന്റെ കരാര്‍ നീട്ടിയത് വലിയ ആശ്വാസമാണ്.

റയല്‍ മാഡ്രിഡില്‍ തന്നെ വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോഡ്രിച്ച് നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നു. 2012ലാണ് ക്രൊയേഷ്യന്‍ താരം സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തുന്നത്. റയലിനൊപ്പം 26 കിരീടങ്ങളും മോഡ്രിച്ച് നേടിയിട്ടുണ്ട്.

Continue Reading

Football

തുടര്‍ച്ചയായ ഫൈനലിലെ തോല്‍വി; ഗാരെത് സൗത്ത്‌ഗേറ്റ് രാജിവെച്ചു

2016ല്‍ റോയ് ഹഡ്‌സണില്‍ നിന്ന് ഇംഗ്ലീഷ് പരിശീലക ചുമതലയേറ്റെടുത്തതു മുതല്‍ ഇതുവരെ 102 മത്സരങ്ങളില്‍ നിന്നായി 61 ജയവും 24 സമനിലയുമാണ് സമ്പാദ്യം.

Published

on

യൂറോകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട്‌ കോച്ച് ഗാരെത് സൗത്ത്‌ഗേറ്റ് രാജിവെച്ചു. യൂറോക്ക് പിന്നാലെ സ്ഥാനമൊഴിയുമെന്ന് സൗത്ത്‌ഗേറ്റ് പറഞ്ഞിരുന്നെങ്കിലും 2026 ലോകകപ്പ് വരെ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ കോച്ചായി തുടരാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെക്കുന്നതായി സൗത്ത്‌ഗേറ്റ് പ്രഖ്യാപിച്ചത്.

” ഒരു ഇംഗ്ലീഷുകാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. ഇംഗ്ലണ്ടിനായി കളിക്കാനും പരിശീലിപ്പിക്കാനും സാധിച്ചത് അഭിമാനമായിക്കാണുന്നു. സാധ്യമായതെല്ലാം ചെയ്തു” -സൗത്ത്‌ഗേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ലിവര്‍പൂള്‍ വിട്ട ജുര്‍ഗന്‍ ക്ലോപ്പ്, ന്യൂകാസില്‍ കോച്ച് എഡ്ഡി ഹോ എന്നിവരുടെ പേരാണ് പകരക്കാരനായി പറഞ്ഞുകേള്‍ക്കുന്നത്.

ഇംഗ്ലണ്ടിനെ രണ്ട് മേജര്‍ ഫൈനലിലെത്തിച്ച പരിശീലകന്‍ എന്ന പേര് സൗത്ത്‌ഗേറ്റിന് മാത്രം സ്വന്തമാണ്. 2016ല്‍ റോയ് ഹഡ്‌സണില്‍ നിന്ന് ഇംഗ്ലീഷ് പരിശീലക ചുമതലയേറ്റെടുത്തതു മുതല്‍ ഇതുവരെ 102 മത്സരങ്ങളില്‍ നിന്നായി 61 ജയവും 24 സമനിലയുമാണ് സമ്പാദ്യം. യൂറോ കപ്പില്‍ ഇതുവരെ 13 കളിയില്‍ ഇംഗ്ലണ്ട് സൗത്ത്‌ഗേറ്റിന് കീഴില്‍ തോല്‍വി അറിഞ്ഞിട്ടില്ല. 2018 ലോകകപ്പിലും 2019 നേഷന്‍സ് ലീഗിലും സെമിയിലെത്തിച്ചു.

2020,2024 യൂറോ ഫൈനല്‍ പ്രവേശനമാണ് പ്രധാന നേട്ടം. എന്നാല്‍ വലിയ പ്രതീക്ഷയോടെയെത്തിയ 2022 ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ മടങ്ങാനായിരുന്നു കെയ്‌നിനും സംഘത്തിനും വിധി. ഇതോടെ സൗത്ത്‌ഗേറ്റിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് ആരാധകരും ഫുട്‌ബോള്‍ വിദഗ്ധരും ഉറച്ചു വിശ്വസിച്ചു. എന്നാല്‍ ഇംഗ്ലണ്ട് ഫുട്ബോളിന്റെ ബാറ്റണ്‍ കൈമാറേണ്ടതില്ലെന്ന സുപ്രധാന തീരുമാനമാണ് അധികൃതര്‍ സ്വീകരിച്ചത്.

സൗത്ത് ഗേറ്റിന് നേരെ പലകാലങ്ങളിലായി വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്. കളി ശൈലി മുതല്‍ താരങ്ങളെ തെരഞ്ഞെടുക്കുന്നതിലെ പ്രശ്‌നങ്ങള്‍ വരെ അതില്‍ ഉള്‍പ്പെടും. പ്രതിഭാസമ്പന്നമായ ഒരു ടീമിനെ ലഭിച്ചിട്ടും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ അറിയില്ലെന്ന പഴി ഈ യൂറോയിലും നിരവധി തവണ നേരിട്ടു. പ്രീമിയര്‍ലീഗിലെ മിന്നും താരങ്ങളായ കോബി മൈനുവിനും കോള്‍ പാല്‍മറിനുമൊന്നും ആദ്യ മത്സരങ്ങളില്‍ അവസരം നല്‍കാന്‍ സൗത്ത്‌ഗേറ്റ് തയാറായില്ല.

ഗോളടിക്കാതെ ബാക്ക് പാസ് നല്‍കിയുള്ള ഈ കളി ശൈലി മോഡേണ്‍ ഫുട്‌ബോളിന് യോചിച്ചതല്ലെന്ന് ഫുട്‌ബോള്‍ പണ്ഡിറ്റുകളും അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ സൗത്ത് ഗേറ്റിന്റെ ടാക്റ്റിക്‌സുകളും ടീം പ്രകടനവും ഈ വിമര്‍ശനം അടിവരയിടുന്നതായിരുന്നു. സെര്‍ബിയോട് ഒരു ഗോളിന് വിജയിച്ച ഹാരി കെയിനും സംഘവും ഡെന്‍മാര്‍ക്കിനോടും സ്ലൊവേനിയയോടും സമനില പിടിച്ചാണ് പ്രീക്വാര്‍ട്ടറില്‍ കടന്നുകൂടിയത്. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാതായതോടെ ആരാധകരില്‍ നിന്ന് നിരന്തരം കൂവലും പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നു.

Continue Reading

Trending