കെ.എന്‍.എ. ഖാദര്‍

ജാഗ്രതയുടെ നിറം

കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഇന്നൊരു ദൈനംദിന പ്രക്രിയയാണ്. അതിതീവ്രമഴ, ഇടിയോട് കൂടിയ മഴ, ഒറ്റപ്പെട്ട കനത്ത മഴ, ന്യൂനമര്‍ദ്ദം തുടങ്ങിയ പദാവലികള്‍ ഇപ്പോള്‍ നാട്ടുകാര്‍ക്ക് പരിചിതമായി. മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും നൂറുതരം മഴകളും ഇടിമിന്നലുകളും കൊടുങ്കാറ്റുകളും നമ്മളുണ്ടാകും മുമ്പേ ഉണ്ടായിരുന്നു. റവന്യൂ വകുപ്പ് നിലിവില്ലാതിരുന്നതിനാല്‍ മഴ ജില്ലയും താലൂക്കും അതിര്‍ത്തികളും നോക്കാതെ യഥേഷ്ടം പെയ്തുകൊണ്ടേയിരുന്നു. ആശങ്ക കൂടാതെ ജാഗ്രതയോടെ ഇരിക്കുന്ന വിദ്യയും അന്നില്ലായിരുന്നു. മുന്നറിയിപ്പുകള്‍ക്ക് വിശദീകരണം എളുപ്പമല്ലാത്തതിനാല്‍ മഴവില്ലിലെ വര്‍ണങ്ങള്‍ വേര്‍പ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ താക്കീത് നല്‍കലാണ് ഇപ്പോഴത്തെ രീതി. ഈ പൊട്ടപണി ആരാണ് കണ്ടുപിടിച്ചതെന്നറിയില്ല. കാലാവസ്ഥ കലക്കിക്കുടിച്ച ശാസ്ത്രജ്ഞന്മാര്‍ മഴയും കാറ്റുമൊക്കെ അദ്ദേഹത്തെ പോലെ ഏതോ ജില്ലക്കാരാണെന്ന് ധരിച്ചുവശായിരിക്കുന്നു. മഴക്ക് ജില്ലയുണ്ടോ? പെയ്തു തീര്‍ന്നാലെ അവയേതു നാട്ടുകാരുടെതാണെന്ന് മനസിലാവൂ. സൗകര്യമനുസരിച്ച് പറന്നു നടക്കുന്ന കാര്‍മേഘ പടലങ്ങളില്‍ നിന്നു താഴേക്ക് കോരിച്ചൊരിയുന്നവെള്ളം റവന്യൂ ഡിവിഷന്‍ അനുസരിച്ച് നിജപ്പെടുത്തിയത് നമ്മളാണ്. ഈ വിവരമൊട്ടുമറിയാത്തതിനാല്‍ അവര്‍ക്കിഷ്ടമുള്ളിടത്തും അവ പെയ്തിറങ്ങും. ഇനിയിപ്പോള്‍ മഴയിലും ഹലാലും ഹറാമും ആരെങ്കിലും കണ്ടെത്തിയോയെന്നറിയില്ല. കൃത്യമായി നമ്മുടെ കാര്‍ഷിക വിളയുള്ള സ്ഥലത്തും കാലം തെറ്റാതെയും അളവ് അനുസരിച്ചും പെയ്യുന്ന മഴ ഹലാലാകാം. മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുവരാതെയും ഉറക്കം സുഖമായിരിക്കാം രാത്രികാലത്തു മാത്രംശരിയായ അളവില്‍ പെയ്യുന്നതും ഹലാല്‍ ആകാം. കണ്ണും മൂക്കുമില്ലാതെ ആകാശത്തിന് തുളവീണതു പോലെ സ്ഥാനത്തും അസ്ഥാനത്തും അസമയത്തും കുത്തിയൊലിച്ച് മദിച്ച് പുളച്ച് താഴോട്ട് വീഴുന്ന വന്‍ മഴയെ ചിലര്‍ക്ക് ഹറാം ആക്കി പ്രഖ്യാപിക്കാം. എല്ലാ മഴയും നല്ലതു തന്നെ. ഇനി അത് ദുര്‍വ്യാഖ്യാനം ചെയ്ത് കുളമാക്കരുത്. മുന്നറിയിപ്പുകാര്‍ ഇപ്പോള്‍ മഞ്ഞ ജാഗ്രത, പച്ച ജാഗ്രത, ചുവപ്പ് ജാഗ്രത എന്നൊക്കെയാണ് പറഞ്ഞു വരുന്നത്. ഓരോ നിറത്തിലും അടങ്ങിയ ശക്തിയും ദൗര്‍ബല്യവും ആര്‍ക്കും അറിഞ്ഞുകൂടാ. ഇതിനെ ഈ വിധത്തില്‍ കാണുന്നത് ഏത് മാനദണ്ഡമനുസരിച്ചാണെന്നും കേട്ടറിവില്ല. മാനത്തു നിന്നും വരുന്ന ഓരോ ദണ്ഡനമാണ് അതെന്നറിയാം. മലയാളികള്‍ പൊതുവേ കക്ഷി രാഷ്ട്രീയത്തിനടിമകളാണ്. സ്വതന്ത്ര ചിന്തയുള്ളവര്‍ ഇവിടെ നന്നേ കുറവാണ്. മഞ്ഞയും പച്ചയും ചുകപ്പുമായി മഴയെ വേര്‍തിരിക്കുന്നതിനു പകരം കേരളത്തിലാവുമ്പോള്‍ മാര്‍ക്‌സിസ്റ്റ് ജാഗ്രത, ലീഗ് ജാഗ്രത, സംഘി ജാഗ്രത എന്നൊക്കെ മുന്നറിയിപ്പു വന്നാല്‍ വേഗം നമുക്ക് മനസിലായേനെ. വെയിലോ മഴയോ എന്ന് വിദഗ്ധര്‍ക്ക് വ്യക്തമാവാതെ വരുന്ന ദിവസങ്ങളില്‍ ചുകപ്പ്, മഞ്ഞയെന്നൊക്കെ ഇനം തിരിക്കല്‍ പ്രയാസമാവും. അതിനാണല്ലോ മൂന്നും ചേര്‍ന്ന കോണ്‍ഗ്രസ് ജാഗ്രത ഇവിടെ ബാക്കിയുള്ളത്. അഥവാ ത്രിവര്‍ണ ജാഗ്രത.

ക്ഷുദ്രജീവി

കാട്ടുജീവികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിച്ചു കിട്ടാന്‍ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ് കേരളം. ക്ഷുദ്ര ജീവി ഏതൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അവകാശം കേന്ദ്രത്തിനാണത്രെ? അത് സത്യമാണെന്ന് നമുക്കും തോന്നിയിട്ടുണ്ട്. സംഘി സര്‍ക്കാറിന്റെ സമ്പ്രദായം അനുസരിച്ച് അവര്‍ക്കെതിരെ പറയുന്നവരും എതിര്‍ക്കുന്നവരും ആരായാലും അവരൊക്കെ ക്ഷുദ്ര ജീവികളാണ്. ആരും ആവശ്യപ്പെടാതെ തന്നെ അവരത് കണ്ടറിഞ്ഞു പ്രഖ്യാപിക്കാന്‍ മിടുക്കുളളവരാണ്. നമ്മള്‍ പൊതുവേ അങ്ങനെയാണ്. നമുക്കിഷ്ടമില്ലാത്തവരോക്കെ ആ വിഭാഗത്തില്‍പ്പെടും. കേന്ദ്ര സര്‍ക്കാറിനെയും അവരുടെ പാര്‍ട്ടിയേയും നേതാക്കളെയും വിമര്‍ശിച്ചാല്‍ ക്ഷുദ്രജീവി പട്ടം കിട്ടുമായിരിക്കും. പക്ഷേ ഇവിടെ പന്നികള്‍ക്ക് ആ പണി അറിയില്ലല്ലോ. അവരെങ്ങനെ മുദ്രാവാക്യം വിളിക്കും. പിണറായിയോട് തീരുമാനിക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ ഏറി വന്നാല്‍ ഒരു യു.എ.പി.എ പദവി തരും അത്ര തന്നെ. ആരാണ് ക്ഷുദ്രന്‍, ആരാണ് ശുദ്ധന്‍.
രാഷ്ട്രീയത്തിലും മതത്തിലും പൊലീസിലും എല്ലാ വിഭാഗങ്ങളിലും ഈ രണ്ടുതരവും ഉണ്ട്. എന്നാല്‍ അവരെല്ലാം കുഞ്ഞിക്കൂനന്‍ സിനിമയിലെ ദിലീപിനെ പോലെ സ്വയം വിമല്‍കുമാര്‍ എന്നു വിളിക്കുന്നവരാണ്. അടുത്ത കാലത്തായി കേരളത്തില്‍ ക്ഷുദ്ര ജീവികള്‍ പെരുകുകയാണ്. കാടു കയ്യേറി മൃഗങ്ങളുടെ വാസസ്ഥലം വളച്ചുകെട്ടി നശിപ്പിച്ചും വീടും കടകളും ഉണ്ടാക്കിയും മരം വെട്ടിയും വെളുപ്പിച്ചും മുന്നേറുന്ന മനുഷ്യര്‍ ശുദ്ധ ജീവികള്‍. അന്യാധീനപ്പെട്ട തങ്ങളുടെ വാസയോഗ്യമായ ഭൂമിയും വനവും ജലസ്രോതസുകളും ആഹാരവും കട്ടെടുത്തവരോട് പ്രതികാരം ചെയ്യാനും പ്രതിഷേധം പ്രകടിപ്പിക്കാനും നാട്ടിലിറങ്ങുന്ന കാട്ടുപന്നികള്‍ നമുക്ക് ക്ഷുദ്ര ജീവികളാണ്. അത് പറയേണ്ടവര്‍ പറയണമല്ലോ. അതിനാണ് കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അപേക്ഷ കൊടുത്തിട്ടുള്ളത്. ചന്ദനവും ഈട്ടിതടിയും വെട്ടി കട്ടു കടത്താനോ മരംമുറിക്കുള്ള അനുമതി അണ്ണന്മാര്‍ക്ക് കൊടുക്കാനോ ആണെങ്കില്‍ അതൊക്കെ ആരുമറിയാതെ ചെയ്യാന്‍ നമ്മുടെ വിദ്വാന്മാര്‍ക്കറിയാം. മൃഗങ്ങളെ കറണ്ടിലടിച്ചു കൊന്നും നമുക്ക് ശീലമുണ്ട്. കാട്ടു പന്നിയേയും നാട്ടു പന്നിയേയും ഒരു പോലെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിച്ച ഒരു കൂട്ടര്‍ ആയിരത്തി അഞ്ഞൂറു വര്‍ഷങ്ങളായി ഇവിടെയുണ്ടെന്ന ഇവര്‍ ഓര്‍ക്കുന്നില്ല. എങ്കിലും അവയെ കൊല്ലാനോ തിന്നാനോ പാടില്ല. അവരും ജീവിക്കട്ടെ. പ്രകൃതി ചികിത്സകനായ ഒരു ആചാര്യന്‍ ഒരിക്കല്‍ പറഞ്ഞു. ജീവിതം പ്രകൃതി മാര്‍ഗത്തിലാണെങ്കിലും താനും രോഗം വന്നാല്‍ ഡോക്ടറെ കാണും. അദ്ദേഹം നിര്‍ദ്ദേശിക്കുന്ന അലോപ്പതി മരുന്നുകള്‍ എഴുതി വാങ്ങും. ഡോക്ടര്‍ക്കും ജീവിക്കണ്ടേ? മെഡിക്കല്‍ഷോപ്പില്‍ പോയി അവ വാങ്ങും. ഷോപ്പുകാര്‍ക്കും ജീവിക്കണ്ടേ? ആ മരുന്നെല്ലാം താന്‍ വലിച്ചെറിഞ്ഞു കളയും. കാരണം എനിക്കും ജീവിക്കണ്ടേ? എന്ന്. അതുപോലൊരു ബന്ധം മനുഷ്യര്‍ക്ക് ഈ ക്ഷുദ്ര ജീവികളോടാകമല്ലോ. ആരാണ് സത്യത്തില്‍ ക്ഷുദ്ര ജീവികള്‍.

കൊടിമരങ്ങള്‍

റോഡരുകിലും നടപ്പാതയിലും തെരുവുകളിലും നാട്ടിയിട്ടുള്ള അനധികൃത കൊടിമരങ്ങള്‍ ഉടനെ നീക്കം ചെയ്യണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് കല്‍പ്പിച്ചിരിക്കയാണ്. അതിനായി കോടതി അനുവദിച്ച പരിധി തീര്‍ന്നിട്ടും ഒറ്റക്കൊടിമരം പോലും നിന്നനില്‍പ്പില്‍ നിന്ന് അനങ്ങിയിട്ടില്ല. അക്കാരണത്താല്‍ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കുമെന്ന് കോടതി കര്‍ശനമായി പറഞ്ഞു. അനധികൃത കൊടിമരങ്ങള്‍ നീക്കാനാണല്ലോ കോടതി പറഞ്ഞത്. കൊടിമരങ്ങള്‍ നീക്കാന്‍ പോയ പഞ്ചായത്തുകള്‍ക്ക് അനധികൃത കൊടിമരങ്ങള്‍ ഒന്നുപോലും കാണാനായില്ലത്രെ. ഏതാണ് അനധികൃതം. ഏതാണ് അംഗീകൃതം എന്നതിന് ഒറ്റ നിര്‍വചനവും ഒരിടത്തുമില്ലത്രെ. ഇടതു ഭരണമുള്ള പഞ്ചായത്തുകളില്‍ ഇടതു മുന്നണിക്കാരുടെ എല്ലാ കൊടിമരങ്ങളും അധികൃതം. പ്രതിപക്ഷത്തിന്റെയെല്ലാം അനധികൃതം. യു.ഡി.എഫ് ഭരിക്കുന്നയിടങ്ങളില്‍ തിരിച്ചും. തല്‍ക്കാലം യു.ഡി.എഫും എല്‍.ഡി.എഫും ചേര്‍ന്ന് തീരുമാനിച്ചു. എല്ലാം അധികൃതങ്ങള്‍. അവസാനം കേരളത്തിലെവിടെയും അനധികൃത കൊടിമരങ്ങള്‍ ഇല്ല എന്ന നിഗമനത്തിലാണ് സകലമാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. ഞങ്ങളോടാണോ കളി ? മരടിലെ പടുകൂറ്റന്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ബോംബ് വെച്ച് തകര്‍ത്തു കളഞ്ഞത് കല്ലേപിളര്‍ക്കുന്ന ഹൈക്കോടതി വിധികാരണമാണ്. സുപ്രീം കോടതി വരെ അതിനോട് ചേര്‍ന്നു നിന്നു. എത്ര പ്രമാണിമാരുടെയും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരുടെയും കൂട്ടായ അഴിമതിയുടെ നിദര്‍ശനമായിരുന്നു ആ ഫഌറ്റുകള്‍. രാഷ്ട്രീയക്കാരും അതിന് ഒത്താശ ചെയ്തിരുന്നു. എന്നിട്ടും അവ നിലംപരിശാക്കി. ആ കണക്കിന് കൊടിമരമെല്ലാം ചീളു കേസാണ്. എന്നിട്ടും അതില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പതാകകള്‍ ഇപ്പോഴും പാറുന്നു.

ജൈവ വൈവിധ്യം

ജൈവ വൈവിധ്യ പാര്‍ക്കുകള്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും നിര്‍മിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. കണ്ടല്‍ കാടുകള്‍, പുഴയോരം, തീര പ്രദേശം, കാവുകള്‍ എന്നിവ സംരക്ഷിക്കുവാനും ജന്തു ജീവജാലങ്ങളെ വളര്‍ത്താനും ആവാസ വ്യവസ്ഥ ആരോഗ്യകരമാക്കാനും വേണ്ടിയാണത്രെ ഇത്. പത്തു സെന്റു മുതല്‍ മേലോട്ടുള്ള ഭൂരിഭാഗവും പാര്‍ക്കുകള്‍. അഞ്ചു ലക്ഷവും അതില്‍ കൂടുതലും ബോര്‍ഡ് തരും. ലോകത്തിലെ ഏറ്റവും മഹത്തായ ഒരു ജൈവ വൈവിധ്യകലവറയാണ് പശ്ചിമഘട്ടം. ഹിമാലയം കഴിഞ്ഞാല്‍ പിന്നെ എടുത്തു പറയാവുന്നത്. എണ്‍പതിനായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി, ആറു സംസ്ഥാനങ്ങളിലായി കിടക്കുന്നു. ആയിരത്തി അറുനൂറു കിലോമീറ്റര്‍ നീളം. കേരളത്തിലെ ആവാസ വ്യവസ്ഥയുടെ കാവല്‍ക്കാരനായ ഈ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കാന്‍ മനസില്ലാതെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ നാം പത്തു സെന്റ് ജൈവ വൈവിധ്യം ഉണ്ടാക്കുന്നുപോലും. ഇതിലും വലിയ നാണക്കേടുണ്ടോ?.