X

ജോക്കോവിച്ച് വീണു; കാർലോസ് അൽകാരസ് വിംബിൾഡൺ ചാമ്പ്യൻ

വിംബിൾഡൺ പുരുഷ ടെന്നീസിൽ പുതുയുഗം പിറന്നു . റെക്കോഡ്‌ ഗ്രാൻഡ്‌ സ്ലാം മോഹിച്ചെത്തിയ നൊവാക്‌ ജൊകോവിച്ചിനെ വീഴ്ത്തി കാർലോസ്‌ അൽകാരസ്‌ ചാമ്പ്യനായി.ലണ്ടനിലെ സെന്റർ കോർട്ടിൽ നാല്‌ മണിക്കൂറും 42 മിനിറ്റും നീണ്ട അഞ്ച്‌ സെറ്റ്‌ പോരിലാണ്‌ ജയം. സ്‌കോര്‍: 1-6, 7-6, 6-1, 3-6, 6-4. ലോക ഒന്നാം നമ്പര്‍ താരമായ അല്‍ക്കറാസിന്റെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണും അല്‍ക്കറാസിനായിരുന്നു.

ആദ്യ സെറ്റ്‌ നഷ്ടമായശേഷമായിരുന്നു സ്‌പാനിഷുകാരന്റെ തേരോട്ടം.രണ്ടാംസെറ്റിൽ അൽകാരസ്‌ ചുവടുമാറ്റി. കരുത്തും വേഗവും കൂട്ടി. ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി. അൽകാരസ്‌ പുതുഷോട്ടുകൾ ഉതിർത്തു. ഇരുപതുകാരന്റെ വീര്യത്തിനുമുന്നിൽ മുപ്പത്താറുകാരനായ ജൊകോയ്‌ക്ക്‌ റാക്കറ്റ്‌ താഴ്‌ത്തേണ്ടിവന്നു. ടൈബ്രേക്കിൽ 8–-6ന്‌ സെറ്റ്‌ നേടി. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായില്ല. മൂന്നാംസെറ്റിൽ സമഗ്രാധിപത്യമായിരുന്നു. മൂന്നുതവണ ജൊകോയുടെ സർവ്‌ ഭേദിച്ചു അൽകാരസ്‌. 6–-1ന്‌ സെറ്റ്‌ നേടി.എന്നാൽ, വിട്ടുകൊടുക്കാൻ ജൊകോ തയ്യാറായിരുന്നില്ല. . 6–-3ന്‌ സെറ്റ്‌ പിടിച്ചു. ഇതോടെ അഞ്ചാംസെറ്റിന്റെ വിധിയെഴുത്തിലേക്ക്‌ കളി നീണ്ടു. അവസാന സെറ്റിൽ ആദ്യ പോയിന്റ്‌ ജൊകോ നേടി. എന്നാൽ, അൽകാരസ്‌ വേഗം മറുപടി നൽകി. തുടർച്ചയായി മൂന്ന്‌ പോയിന്റുകൾ കുറിച്ചു. ഒടുവിൽ 6–-4ന്‌ സെറ്റും കളിയും ജയിച്ച് കാർലോസ്‌ അൽകാരസ്‌ എന്ന ഇരുപതുകാരൻ ലോക ടെന്നീസിന്റെ നെറുകയിലെത്തി.

 

webdesk15: