മായാനദിക്ക് ശേഷം വമ്പന്‍ താരനിരയുമായി പുതിയ ചിത്രത്തിനൊരുങ്ങി സംവിധായകന്‍ ആഷിഖ് അബു. അപൂര്‍വ പനിയിലൂടെ മലയാളികളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.
വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ ആഷിഖ് അബു തന്നെയാണ് പുറത്തുവിട്ടത്.

നിപ വൈറസ് കാലത്ത് ഏറെ ശ്രദ്ധ നേടിയ ഒരു ഫോട്ടോ ഉപയോഗിച്ചുള്ള ചിത്രത്തിന്റെ പോസ്റ്ററില്‍ സിനിമയിലെ താരനിരയെ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത വേനലവധിയിലേക്കായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററിന് വന്‍ പ്രചാരമാണ് വാടസ്സപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, കാളിദാസ് ജയറാം, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നീ വന്‍ താരനിരയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. നിപ ബാധ ചികിത്സക്കിടെ മരിച്ച നഴ്‌സ് ലിനിയുടെ വേഷത്തിലാണ് റിമയെത്തുക.

അമല്‍ നീരദിന്റെ പുതിയ സിനിമയായ വരത്തന്റെ സ്‌ക്രിപ്‌ററ് റൈറ്റേഴ്‌സായ സുഹാസ്-ഷറഫു ടീമും സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മുഹ്സിന്‍ പെരാരിയും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി എഴുതുന്നത്. രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കഥാപാത്രങ്ങളുടെ രൂപകൽപ്പന ചെയ്യുന്നത് സമീര സനീഷ്. സംഗീതം സുശിന്‍ ശ്യാം. അടുത്ത വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തും.