ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവിവാഹിതനാണെന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ പരാമര്‍ശത്തോട് വിയോജിപ്പുമായി മോദിയുടെ ഭാര്യ യശോദബെന്‍ രംഗത്ത്. ആനന്ദിബെന്നിന്റെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്ന് യശോദ പറഞ്ഞു. തന്റെ ഭര്‍ത്താവായ മോദി തനിക്ക് രാമതുല്യനാണെന്നും യശോദബെന്‍ പറഞ്ഞു. 10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് യശോദബെന്നിന്റെ പ്രതികരണം വന്നിരിക്കുന്നത്.

2004-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കുമ്പോള്‍ വിവാഹിതനാണെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും രേഖകളില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും യശോദ പറഞ്ഞു. മോദി തന്നെ വിവാഹം കഴിച്ചിട്ടുണ്ട്. ഇത്രയും വിദ്യാഭ്യാസമുളള ആനന്ദിബെന്‍ ഒരു അധ്യാപികയെ കുറിച്ച് പറയേണ്ട കാര്യമല്ല സംസാരിച്ചത്. ഇത് കൂടാതെ ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയാണ് അവര്‍ തകര്‍ക്കുന്നത്. അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു, അദ്ദേഹം തനിക്ക് രാമതുല്യനാണെന്നും അവര്‍ പറയുന്നു.

ജനങ്ങള്‍ സത്യം അറിയണം എന്ന് തോന്നിയതുകൊണ്ടാണ് താന്‍ തനിക്ക് പറയാനുള്ളത് വീഡിയോയിലൂടെ പറഞ്ഞത്. ആനന്ദീബെന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലക്ക് തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയ ആളാണ്. എന്നിട്ടും ഇത്തരമൊരു പ്രസ്താവന അവരുടെ ഭാഗത്തുനിന്നുണ്ടായത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് യശോദ ബെന്‍ പറയുന്നു. സത്യം എന്നും സത്യമായി അവശേഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.