ദോഹ: യമനില്‍ വീശിയടിച്ച മെക്കുനു കൊടുങ്കാറ്റില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അടിയന്തര സഹായവുമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്). യമനിലെ സുകോത്രയിലാണ് വലിയ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.
യമനില്‍ ആദ്യഘട്ട കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഒരുലക്ഷം ഡോളര്‍ അനുവദിച്ചിട്ടുണ്ട്. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, ഭക്ഷ്യ- ഭക്ഷ്യേതര ഉത്പന്നങ്ങള്‍ എന്നിവ എത്തിക്കുന്നതിനായാണിത്. ക്യുആര്‍സിഎസിന്റെ ഡിസാസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സെന്റര്‍ യമനിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയും സഹായത്തിനായുള്ള കരുതല്‍ ലഭ്യത ഉറപ്പാക്കുകയും ആവശ്യമായ സഹായങ്ങള്‍ക്കും മറ്റുക്രമീകരണങ്ങള്‍ക്കുമുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
യമന്‍ റെഡ്ക്രസന്റ് സൊസൈറ്റിയുമായും ബന്ധപ്പെട്ട യുഎന്‍ ഏജന്‍സികളുമായും സഹകരിച്ച് മൂന്നുമാസ പ്രത്യേക പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. കൊടുങ്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുയും കൊടുങ്കാറ്റിനിരകളായ അല്‍മഹ്‌റ ഗവര്‍ണറേറ്റിലെ വിവിധ ജില്ലകളിലെ ഏകദേശം 10,000ത്തോളം പേരെ സഹായിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കിടക്കള്‍, ബ്ലാങ്കറ്റുകള്‍, തലയിണകള്‍, ഭക്ഷ്യ പാര്‍സലുകള്‍ എന്നിവ ഇവിടങ്ങളിലുള്ളവര്‍ക്ക് ലഭ്യമാക്കും. എല്ലാ സംവിധാനങ്ങളോടെയുമുള്ള അഞ്ച് മൊബൈല്‍മെഡിക്കല്‍ ടീമുകളെ ഈ സ്ഥലങ്ങളിലായി വിന്യസിക്കും. സുകോത്രയില്‍ കൊടുങ്കാറ്റ് വീശിയടിച്ചതിനെത്തുടര്‍ന്ന് 19 പേരെ കാണാതായിട്ടുണ്ട്. വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 200 കുടുംബങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.