ആന്ധ്രാപ്രദേശ്: ബാങ്ക് ജീവനക്കാരിയെ മുന്‍ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തി കത്തിച്ചു. ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലാണ് ബാങ്കിലെ കരാര്‍ ജീവനക്കാരിയായ സ്‌നേഹലതയെ(19) പ്രതി ഗൂട്ടി രാജേഷ് കൊലപ്പെടുത്തിയത്. സ്‌നേഹലത മറ്റൊരു യുവാവുമായി അടുപ്പത്തിലായതിനെ തുടര്‍ന്നാണ് കൊലപാതകമെന്നും പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു.

ഗൂട്ടി രാജേഷും സ്‌നേഹലതയും തമ്മില്‍ സ്‌നേഹത്തിലായിരുന്നുവെന്നും ബാങ്കില്‍ കരാര്‍ ജോലി ലഭിച്ചതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്നു പിന്മാറിയതായും പൊലീസ് പറഞ്ഞു. സ്‌നേഹലത മറ്റൊരാളുമായി സ്‌നേഹത്തിലായതോടെ ഗൂട്ടി കൊലപാതകം നടത്താന്‍ പദ്ധതിയിടുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1618 തവണയാണ് ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച സ്‌നേഹലതയുമായി അനന്തപുരത്തേക്കു പോകുന്നതിനിടെ ബദനാപ്പള്ളിയിലെ പാടത്തോട് ചേര്‍ന്നു ബൈക്ക് നിര്‍ത്തുകയും സുഹൃത്തായ പ്രവീണിനോടുള്ള ബന്ധത്തെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇവരുവരും തമ്മില്‍ സംഘഷത്തിലേര്‍പ്പെട്ടതോടെ ഗൂട്ടി പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചു കൊന്നു. ആളെ തിരിച്ചറിയാതെയിരിക്കാന്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും കൈവശമുണ്ടായിരുന്ന ബാങ്ക് പേപ്പറുകളും തീയിടുകയും മൃതദേഹം അവിടെ ഉപേക്ഷിക്കുകയുമായിരുന്നു. ശരീരത്തില്‍ ഭാഗികമായി പൊള്ളലേറ്റ നിലയിലായിരുന്നു.

പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമമുണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതോടെ കുടുംബം പൊലീസ് പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.