മുംബൈ: വിദേശ ക്രിക്കറ്റ് ലീഗില്‍ കളിക്കാനുള്ള മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താന്റെ നീക്കത്തിന് തിരിച്ചടി. താരത്തിന് ഹോങ്കോങ് ട്വന്റി20 ലീഗില്‍ കളിക്കാനുളള അനുമതി (എന്‍.ഒ.സി) ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയില്ല. നേരത്തെ അനുമതി നല്‍കാമെന്ന് ബിസിസിഐ യൂസഫ് പത്താന് ഉറപ്പ് നല്‍കിയിരുന്നതാണ്. ഈ ഉറപ്പാണ് ബിസിസിഐ ഇപ്പോള്‍ ലംഘിച്ചത്. ഇതോടെ വിദേശ ടി 20 ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കാനുളള സുവര്‍ണാവസരമാണ് പത്താന് നഷ്ടമാകുന്നത്.

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ഹോങ്കോങ് ട്വന്റി20 ലീഗ് ആരംഭിക്കുന്നത്. കൗലൂണ്‍ കന്റോന്‍സിന് വേണ്ടിയാണ് യൂസഫ് ഹോങ്കോങ് ലീഗില്‍ ജെഴ്‌സി അണിയാന്‍ ഒരുങ്ങിയത്. പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദി, ഇംഗ്ലണ്ടിന്റെ തയ്മല്‍ മില്‍സ്, സ്‌കോട്ടിഷ് താരം കാലും മക്‌ലിയോഡ് തുടങ്ങിയവരും കൗലൂണ്‍ ടീമിലുണ്ട്. ശ്രീലങ്കന്‍ താരങ്ങളായ കുമാര്‍ സംഗക്കാര, തിലകരത്‌ന ദില്‍ഷന്‍ വെസ്റ്റിന്‍ഡീസ് താരം ഡാരണ്‍ സമ്മി, ന്യൂസിലന്‍ഡിന്റെ ജയിംസ് ഫോക്‌നര്‍ ദക്ഷിണാഫ്രിക്കന്‍ ഓഫ് സ്പിന്നര്‍ ജോഹന്‍ ബോത തുടങ്ങിയവരും ഈ ലീഗില്‍ കളിക്കാന്‍ തയ്യാറെടുക്കുന്നവരാണ്.

34 കാരനായ പത്താന്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ്. 2012ലാണ് യൂസഫ് പത്താന്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ഐപിഎല്ലിന് പുറമെ ധാക്കാ പ്രീമിയര്‍ ലീഗിലും തകര്‍പ്പന്‍ പ്രകടനമാണ് യൂസഫ് പത്താന് കാഴ്ച്ചവെച്ചത്.