കൊല്ലം: കോവൂർ കുഞ്ഞുമോൻ എം എൽ എയെ വഴിയിൽ തടഞ്ഞ് യൂത്ത്കോൺഗ്രസുകാരുടെ വേറിട്ട പ്രതിഷേധം. എംഎല്‍എയുടെ കാവി നിക്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഉടുതുണി അഴിച്ചിട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്, ഇവര്‍ എംഎല്‍എയെ കരിങ്കൊടിയും കാണിച്ചു.

യൂത്ത്കോൺഗ്രസുകാരുടെ മുണ്ട് നീക്കിനോക്കിയാൽ കാവിനിക്കർ കാണാമെന്ന എം എൽ എയുടെ പരാമർശമാണ് യു ഡി എഫിനെ പ്രകോപിപ്പിച്ചത്.  എംഎല്‍എയുടെ പരാമര്‍ശം ഓര്‍ത്തുവെച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ‘മുണ്ട്പൊക്കി പ്രതിഷേധം’. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ നിയമസഭയിലാണ് ഈ പരാമര്‍ശം നടത്തിയത്. ശാസ്താം കോട്ടയ്ക്ക് സമീപത്തായിരുന്നു പ്രതിഷേധം അരങ്ങേറിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് മുണ്ട് പൊക്കി കാണിച്ച സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് കേസെടുത്തു.

പ്രമുഖ ഇടതുപക്ഷ നേതാവും കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കോവൂർ കുഞ്ഞുമോൻ. നിലവിൽ ആർ.എസ്.പി. (ലെനിനിസ്റ്റ്) സെക്രട്ടറി ജനറലാണ്.