കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി കാരാട്ട് റസാഖ് എം.എല്‍.എയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ വാക്കേറ്റം. രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന യുവാക്കള്‍ക്ക് യോഗത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നാണ് വാക്കേറ്റമുണ്ടായതെന്നാണ് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസാരിക്കാന്‍ അവസരം ലഭിക്കാത്ത യുവാക്കള്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എയെ തടയുകയായിരുന്നു.

യോഗത്തില്‍ വിവിധ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. തുടര്‍ന്ന് തങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍നിന്നത്. തങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയെ തടയുകയായിരുന്നു.

അതേസമയം ഉരുള്‍പൊട്ടലില്‍ കാണാതായ നഫീസയ്ക്കായി തെരച്ചില്‍ തുടരണമെന്ന യോഗത്തിലെ ആവശ്യം അംഗീകരിച്ചു. ദുരിതാശ്വാസ ക്യാമ്പായ വട്ടിഒഴിഞ്ഞൊട്ടു സ്‌കൂളില്‍ താമസിക്കുന്ന ആളുകളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് കുറിച്ച് ആലോചിക്കുമെന്ന് പറഞ്ഞ കാരാട്ട് റസാഖ് എം.എല്‍.എ, സ്‌കൂള്‍ എത്രയും പെട്ടെന്ന് തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. നിപ ബാധയെ തുടര്‍ന്ന് സ്‌കൂള്‍ തുറക്കുന്നത് നീട്ടിവച്ചിരുന്നു. ഇനിയും തുറക്കാതിരുന്നാല്‍ കുട്ടികളുടെ പഠനം മുടങ്ങുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.