എം.എം അക്ബര്‍ / ശിബിലി മുഹമ്മദ്

കഴിഞ്ഞ ഏതാനും മാസങ്ങളായി മത-സാംസ്‌കാരിക രംഗത്തെ പ്രധാനചര്‍ച്ചയിലൊന്നായിരുന്നു ജനുവരി ഒമ്പതിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ഇസ്ലാം – നാസ്തിക സംവാദം. പണ്ഡിതനും പ്രഭാഷകനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം അക്ബര്‍ ഇസ്ലാമിക പക്ഷത്തെ പ്രതിനിധീകരിച്ചും ഇസ്ലാം വിമര്‍ശകനായ യുക്തിവാദി നേതാവ് ഇ.എ. ജബ്ബാര്‍ നാസ്തിക പക്ഷത്തെ പ്രതിനിധീകരിച്ചും അഞ്ച് മണിക്കൂര്‍ നേരം മുഖാമുഖം നടന്ന സംവാദത്തിന്റെ പൂര്‍ണ്ണമായ സംഘാടന ദൗത്യം ഏറ്റെടുത്തത് കേരള യുക്തിവാദി സംഘമായിരുന്നു. ഇസ്ലാം വിമര്‍ശകര്‍ സ്വപ്‌നേപി വിചാരിക്കാത്ത ആശയ സഞ്ചയവുമായി ആത്മവിശ്വാസത്തോടെയുള്ള അവതരണവൈഭവത്തോടെയാണ് സംവാദത്തിലുടനീളം എം.എം അക്ബര്‍ ഇടപ്പെട്ടത്. കടലിനടിയിലെ ഇരുട്ടും ഹാര്‍ട്ട് ബ്രെയിനും തുടങ്ങി സംവാദത്തിന് ശേഷവും ഉയര്‍ന്നുവരുന്ന സംശയങ്ങളെക്കുറിച്ച് എം.എം അക്ബര്‍ സംസാരിക്കുന്നു.

സംവാദം ഫലപ്രദമാണെന്ന് കരുതുന്നുണ്ടോ?

സംവാദം കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. അതില്‍ പ്രധാനമായി തോന്നുന്നത് യുക്തിവാദി സംഘം ഇന്ന് നിലനില്‍ക്കുന്ന ഭൂമികയുടെ യുക്തിരാഹിത്യവും ശാസ്ത്ര വിരുദ്ധതയും ജനാധിപത്യവിരുദ്ധതയും ചൂണ്ടിക്കാണിക്കാനും ബോധ്യപ്പെടുത്താനും ഈ സംവാദം വഴി കഴിഞ്ഞു എന്നുള്ളതാണ്. തികച്ചും അശാസ്ത്രീയമായ നിലപാടുകളായിരുന്നു സംവാദ ഘടന മുതല്‍ക്കുള്ള കാര്യങ്ങളില്‍ അവര്‍ എടുത്തത്. സംവാദത്തിന് വന്ന ആള്‍ക്ക് തന്നെ യുക്തിബോധവും ശാസ്ത്രീയ അടിത്തറയും ഇല്ലെന്ന് വ്യക്തമായി. യുക്തിവാദികളുടെ ‘ആശയാടിത്തറ’യായ ജീവപരിണാമം എന്ന ആശയത്തെക്കുറിച്ച് പോലും തനിക്ക് അറിയില്ല എന്ന് പരസ്യമായി പറയുന്ന ഒരാളാണ് യുക്തിവാദി സംഘത്തിന്റെ പ്രതിനിധിയായി വന്നത് എന്നത് വിരോധാഭാസമാണ്. ഇസ്‌ലാമിനെയും ഖുര്‍ആനിനെയും പ്രവാചകനെയും അധിക്ഷേപിക്കുക എന്നതില്‍ കവിഞ്ഞ് ഒന്നും പറയാനുണ്ടായിരുന്നില്ല അദ്ദേഹത്തിന്. പുതിയകാല യുക്തിവാദി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ അപചയത്തെ കൃത്യമായി ബോധ്യപ്പെടുത്താന്‍ സംവാദത്തിലൂടെ സാധിച്ചു. സഹോദരന്‍ അയ്യപ്പനെപോലെയുള്ള പരിഷ്‌കര്‍ത്താക്കള്‍ ആരംഭിച്ച യുക്തിവാദി സംഘത്തിന്റെ ഇന്നത്തെ ദയനീയാവസ്ഥ കൂടിയാണ് സംവാദത്തിലൂടെ വ്യക്തമായത്. പരിഷ്‌കരണത്തിന്റെയോ നവോത്ഥാനത്തിന്റെയോ സാമൂഹികമായ എന്തെങ്കിലും ഗുണപരമായ ഫലങ്ങള്‍ പ്രകടിപ്പിക്കുന്നതല്ല, കേവലം ഇസ്‌ലാം വെറുപ്പും ഇസ്‌ലാം ഭീതിയും മാത്രം ഉല്‍പാദിപ്പിക്കുന്ന ഒരു കൂട്ടായ്മയാണ് പുതിയകാലത്തെ യുക്തിവാദം എന്ന വസ്തുത കൂടി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
കേരള ജനത ഖുര്‍ആന്‍ സൂക്തങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചുതുടങ്ങാനും പഠനത്തിന് വിധേയമാക്കാനും സംവാദം കാരണമായിട്ടുണ്ട്. മറ്റൊന്ന്, കേരളത്തിലെ വിവിധ മുസ്‌ലിം വിഭാഗങ്ങളും സംഘടനകളും ഇവിടെ ഒറ്റകെട്ടായി നിലകൊണ്ടു. ഇസ്‌ലാമിനെതിരെ ഒരു ആക്രമണമുണ്ടായാല്‍ ഞങ്ങള്‍ ഒന്നാണ് എന്ന വളരെ വലിയ സന്ദേശം നല്‍കാന്‍ കൂടി ഈ സംവാദത്തിന് സാധിച്ചു. അത് നിസ്സാര കാര്യമല്ല.

‘കടലിനടിയിലെ ഇരുട്ട്’ ഇപ്പോഴും വലിയ ചര്‍ച്ചയാണ്. അറബികള്‍ അക്കാലഘട്ടത്തില്‍ കടലിലേക്ക് മുത്തും പവിഴവും പെറുക്കാന്‍ പോയിട്ടുണ്ടാവുമല്ലോ. അപ്പോള്‍ അവിടെയുള്ള ഇരുട്ട് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലേ?

എത്ര വലിയ വിഡ്ഢിത്തമാണത്. 20 മീറ്ററില്‍ താഴേക്ക് ഒരു സാധാരണ മനുഷ്യന് പോവാന്‍ കഴിയില്ല എന്ന് പറയുന്നത് ശാസ്ത്രമാണ്. 1925ല്‍ സ്‌ക്യൂബ സിസ്റ്റം കണ്ടെത്തിയതിന് ശേഷമാണ് അത്രയെങ്കിലും നമുക്ക് പോകാന്‍ കഴിഞ്ഞത്. ഞാന്‍ പറഞ്ഞത്, 1000മീറ്റര്‍ താഴെയുള്ള ഇരുട്ടാണ്‍ 1000 മീറ്ററില്‍ താഴെയുള്ള ഇരുട്ടിലേക്ക് ആദ്യമായി നമ്മള്‍ പോയത് 1930കളിലാണ്. എന്നിട്ട് അവര്‍ പറയുന്നു, മുത്തും പവിഴവും നോക്കാന്‍ പോകുന്നവര്‍ക്ക് കണ്ടുകൂടെ എന്ന്?! മുത്തും പവിഴവും പെറുക്കാന്‍ പോകുന്നവര്‍ പറയുന്നത് ‘ആഴക്കടല്‍’ എന്നായിരിക്കും. സാധാരണ വ്യവഹാരത്തില്‍ 20 മീറ്റര്‍ താഴേക്ക് എത്തുന്ന കടല്‍ തന്നെ ആഴക്കടല്‍ എന്ന് പറയാന്‍ പറ്റും!
ഒരുപാട് കാലത്തെ പരിശീലനമുള്ള വിദഗ്ധനായ ഒരാള്‍ക്ക് 30 മീറ്റര്‍ വരെയെല്ലാം പോകാന്‍ സാധിച്ചേക്കാം. ശ്വാസം മാത്രമല്ല, ശരീരത്തിന് പുറമെനിന്ന് ജലം കൊണ്ടുണ്ടാകുന്ന സമ്മര്‍ദ്ദം താങ്ങാന്‍ കഴിയണ്ടേ? ഹൃദയം അതിനനുസരിച്ച് പ്രവര്‍ത്തിക്കണ്ടേ? കഴിയില്ല! അതുകൊണ്ടാണ് പലരൂപത്തിലുള്ള നീന്തല്‍ ഉപകരണങ്ങളും ബാത്തീസ്ഫിയര്‍ പോലെയുള്ളവയും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അറബികള്‍ ആ ഇരുട്ട് കണ്ടു എന്ന വാദം യുക്തിവാദി സംഘത്തിന്റെ സ്റ്റേജില്‍ നിന്ന് കേള്‍ക്കാന്‍ പാടില്ലാത്തതാണ്. യുക്തിവാദികളുടെ മഹാചിന്തകന്‍ പറഞ്ഞതുപോലെ ‘രാത്രി ഉണ്ടാവില്ലേ?!’ എന്ന് ചോദിച്ചാല്‍ പറയാനുള്ളത്, രാത്രി ഉണ്ടാവും! എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് രാത്രിയല്ല, മറിച്ച് കടലിലെ ഇരുട്ടിനെക്കുറിച്ചാണ്. അത് മനസ്സിലാക്കുക.

‘കൈ പുറത്തെടുത്താല്‍ അതുപോലും അവന് കാണാന്‍ കഴിയില്ല’ എന്നുള്ള ഈ സൂക്തത്തിലെ പരാമര്‍ശം സമുദ്രോപരിതലത്തില്‍ സംഭവിക്കുന്ന ഒരു കാര്യമായിട്ടല്ലേ മനസ്സിലാവുന്നത്?

ഖുര്‍ആന്‍ ഈ ആയത്തില്‍ പറയുന്നത് ‘ഒരാള്‍ തന്റെ കൈ പുറത്തെടുത്താലും’ അഥവാ, ‘ഒരു സ്ഥലത്തു നിന്ന് പുറത്തേക്കെടുക്കുക’ എന്നല്ല മറിച്ച് ‘അഖ്‌റജ’ എന്ന പദം, കൈനീട്ടുന്നതിനും കൈ ചലിപ്പിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്ന ഒന്നാണ്. അല്ലാതെ കടലിനു പുറത്തേക്ക് എടുത്താല്‍ കൈ കാണില്ല എന്ന് ഒരിക്കലും പരിശുദ്ധ ഖുര്‍ആന്‍ പറയുന്നില്ല. മറിച്ച് പരിശുദ്ധ ഖുര്‍ആന്‍ ഇവിടെ പറയുന്നത് ‘കൈ എടുത്താല്‍’ എന്നാണ്. ഇനി അക്ഷരാര്‍ത്ഥത്തില്‍ ‘പുറത്തെടുത്താല്‍’ എന്ന പദപ്രയോഗം തന്നെ ഉപയോഗിച്ചുകൊണ്ട് ചിന്തിച്ചാല്‍ പോലും ഖുര്‍ആനിന്റെ ആ പ്രയോഗം വളരെ കൃത്യമാണ് എന്നാണ് നമുക്ക് ബോധ്യപ്പെടുക. വ്യക്തമായി പറഞ്ഞാല്‍, ഇത്തരത്തില്‍ ആഴക്കടലിലേക്ക് പോവണമെന്നുണ്ടെങ്കില്‍ ആ രൂപത്തില്‍ സജ്ജമായ വസ്ത്രം ധരിച്ചിരിക്കണം. അപ്പോള്‍ ആ വസ്ത്രത്തിന് അകത്തായിരിക്കും അയാളുടെ കൈയും ശരീരവുമെല്ലാം. ആഴക്കടലിലേക്ക് പോകുന്ന ആളുകള്‍ ബഹിരാകാശയാത്രികരെ പോലെതന്നെ പ്രത്യേക വസ്ത്രവും മറ്റു സജ്ജീകരണങ്ങളുമായിട്ടായിരിക്കും പോവുന്നത്. ആ ഒരു സാഹചര്യത്തില്‍ ഒരാള്‍ പുറത്തെടുത്താല്‍ എന്നുള്ള അര്‍ത്ഥം തന്നെ കല്‍പ്പിച്ചു കൊടുത്താലും അത് തെറ്റാവില്ല.

സംവാദത്തില്‍ ‘ഹാര്‍ട്ട് ബ്രെയിനെ’ കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. അത് ഭൗതികവാദികള്‍ വലിയ പരിഹാസ രൂപത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ട്രോളുകളാക്കുകയും ചെയ്യുന്നുണ്ട്. അതൊന്ന് കൃത്യമായി വിശദീകരിക്കാമോ?

‘ഹാര്‍ട്ട് ബ്രെയിന്‍’ എന്നുള്ള കോണ്‍സെപ്റ്റ് ഖുര്‍ആനെ സംരക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഉണ്ടാക്കിയതല്ല. ഖുര്‍ആനെ സംരക്ഷിക്കാന്‍ ഒരു കോണ്‍സെപ്റ്റും നമ്മളാരും ഉണ്ടാക്കേണ്ടതില്ല. അങ്ങനെ ചെയ്യാനും പാടില്ല. ഖുര്‍ആനില്‍ പറയുന്ന ഒരു കാര്യമുണ്ട്. ചിന്തയുമായി, നന്മ തിന്മകളുടെ തെരഞ്ഞെടുപ്പുമായി, ഹൃദയത്തിന്- ഖല്‍ബിന് ബന്ധമുണ്ട്. നമ്മള്‍ ഈ അടുത്ത കാലം വരെ കൃത്യമായി മനസ്സിലാക്കിയിരുന്നത്, ഇപ്പോഴും യുക്തിവാദികള്‍ മനസ്സിലാക്കുന്നത് തലച്ചോറ് എന്നത് ശരീരത്തെ നിയന്ത്രിക്കുന്ന അവയവമാണ്, ഹൃദയത്തെയടക്കം എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരേയൊരു അവയവം തലച്ചോറാണ് എന്നാണ്. തീര്‍ച്ചയായും തലച്ചോറാണ് ശരീരത്തിന്റെ സി.പി.യു എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ ഈ കണ്‍ട്രോളിങ് യൂണിറ്റിന് കൊടുക്കുന്ന സിഗ്നലുകള്‍, ആ കണ്‍ട്രോളിങ് യൂണിറ്റിനെ കൃത്യമായി നിയന്ത്രിക്കുന്ന വേറെ ഭാഗങ്ങളുണ്ടോ? ഇത് കുറെ കാലമായി പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതാണ്. അവിടെയാണ് ‘ഹാര്‍ട്ട് ബ്രെയിന്‍’ എന്നുള്ള കോണ്‍സെപ്റ്റ് കടന്നുവരുന്നത്.
‘ബ്രെയിന്‍ ഡെത്ത്’ എന്ന് നാം പറയാറില്ലേ. എന്താണ് ബ്രെയിന്‍ ഡെത്ത്? ബ്രെയിന്റെ മരണം. അപ്പോള്‍ ബ്രെയിന്‍ ഡത്ത് നടന്നാല്‍ പിന്നെ ശരീരം പ്രവര്‍ത്തിക്കാന്‍ പാടുണ്ടോ? ബ്രെയിന്‍ ഡത്ത് നടന്നുകഴിഞ്ഞാല്‍ പിന്നെയും കുറെ നേരത്തേക്ക് ശരീരം പ്രവര്‍ത്തനക്ഷമമാണ്. ആ സമയത്ത് നമുക്ക് ഹൃദയമടക്കമുള്ള അവയവങ്ങള്‍ മാറ്റിവെക്കാം. എന്ത് കൊണ്ടാണ് ബ്രയിന്‍ ഡത്ത് നടന്നാല്‍ ഹൃദയമടക്കം മാറ്റിവെക്കാന്‍ കഴിയുന്നത്?. അവിടെ ശരീരത്തിന്റെ എല്ലായിടത്തും ആവശ്യമായ ജീവന്‍ നിലനിര്‍ത്തുന്ന ഹൃദയത്തിലൂടെയുള്ള രക്തചംക്രമണം നിലക്കുന്നില്ല, ബ്രെയിന്‍ മരിച്ചാലും എന്നാണതിന്റെ അര്‍ത്ഥം. ആ രക്തചംക്രമണം നിലക്കാതിരിക്കുന്നത് ബ്രെയിനിന്റെ കണ്‍ട്രോളിലല്ലാതെ ഹൃദയം കണ്‍ട്രോള്‍ഡ് ആവുന്നത് കൊണ്ടാണ്. ഹൃദയത്തിനകത്ത് ഹൃദയത്തിന്റെതായ ഒരു മസ്തിഷ്‌കമുണ്ട് എന്നതിലേക്ക് ശാസ്ത്രജ്ഞരെത്തുന്നത് ഇത്തരം കുറെ തെളിവിന്റെ അടിസ്ഥാനത്തിലാണ്. ആ തെളിവിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഏകദേശം നാല്‍പതിനായിരത്തോളം ന്യൂറോണുകള്‍ ഹൃദയത്തിനകത്തുണ്ടത്രെ.
ഞാന്‍ പറഞ്ഞല്ലോ, ഒരു വിവരവും ഇവര്‍ അപ്‌ഡേറ്റ് ചെയ്യില്ല. എന്നിട്ട് പത്തും ഇരുപതും കൊല്ലം മുന്‍പുള്ള കാര്യങ്ങള്‍ അതേപോലെ പറഞ്ഞു നടക്കും. പുതിയ കണ്ടെത്തല്‍ തലച്ചോറില്‍ നിന്നും ഹൃദയത്തിലേക്ക് നാഡീ സ്പന്ദനങ്ങള്‍ പോകുന്നുണ്ട് എന്നാണ്. തലച്ചോറിലേക്കും ഹൃദയത്തില്‍ നിന്ന് നിര്‍ദേശങ്ങള്‍ പോകുന്നുണ്ട് എന്നാണ്. ഹൃദയം മാറ്റിവെച്ച ആളുകളുടെ വൈകാരിക പ്രശ്‌നങ്ങള്‍ വലിയൊരു പഠനശാഖയാണിന്ന്. ഹൃദയം ചിന്തയുമായി നൂറു ശതമാനം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ, ശാസ്ത്രം അങ്ങോട്ട് പോകുന്നു. ഇവരെല്ലാം എടുത്തുദ്ധരിക്കുന്ന 20 കൊല്ലം മുന്‍പത്തെ കാര്യത്തില്‍ നിന്ന് ശാസ്ത്രം ഒരുപാട് മുമ്പോട്ട് പോയിരിക്കുന്നു. ന്യൂറോ കാര്‍ഡിയോളജി എന്നൊരു ശാസ്ത്രശാഖ തന്നെയുണ്ട്. ഹൃദയത്തിനകത്തെ മസ്തിഷ്‌കത്തെ കുറിച്ചുള്ള പഠനമാണ് ന്യൂറോ കാര്‍ഡിയോളജി. ആ മസ്തിഷ്‌കം തലച്ചോറിനടക്കം നല്‍കുന്ന സിഗ്നലുകളെക്കുറിച്ചുള്ള പഠനമാണത്. ആ പഠനത്തിന്റെ ആത്യന്തിക ഫലം എന്താവുമെന്ന് നിര്‍വചിക്കുക വയ്യ. പക്ഷെ, എന്നെ പരിഹസിക്കാന്‍ ഹൃദയത്തിനകത്ത് തലച്ചോര്‍ വെച്ചും മറ്റും പ്രചരിപ്പിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ. അവര്‍ യഥാര്‍ത്ഥത്തില്‍ പരിഹസിക്കുന്നത് ശാസ്ത്രത്തെയാണ്. ദൈവമുണ്ട് എന്ന് എവിടെയെങ്കിലും ശാസ്ത്രം തെളിയിക്കാന്‍ വന്നിട്ടുണ്ടെങ്കില്‍ ആ സമയത്തെല്ലാം അവര്‍ ശാസ്ത്രത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
അവര്‍ പുതിയ കാലത്തെ ചരിത്രം പഠിക്കട്ടെ. 1929ലാണ് പ്രപഞ്ചം വികസിക്കുന്നു എന്ന് ശാസ്ത്രം പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ 1931ലാണ് ലിമാത്ര പ്രപഞ്ചം ഒരു പോയിന്റില്‍ നിന്നാണ് ഉണ്ടായിട്ടുണ്ടാകുക എന്ന് പറഞ്ഞത്. 1970കള്‍ വരെ ഇതൊന്നും അംഗീകരിച്ചില്ല. തെളിവുകള്‍ വ്യക്തമായിരുന്നിട്ടും ഏകദേശം 40 വര്‍ഷത്തോളം ഭൗതികവാദികളായ ശാസ്ത്രജ്ഞന്മാര്‍ അത് അംഗീകരിച്ചില്ല. ഹെര്‍മന്‍ ബോണ്ടിയെയും ഫ്രെഡ് ഹോയിലിനെയും പോലെയുള്ള ആളുകള്‍ 1948ല്‍ സ്ഥിരസ്ഥിതി സിദ്ധാന്തം എന്ന പേരില്‍ മറ്റൊരു സിദ്ധാന്തം ഉണ്ടാക്കി. ഒരുപാട് കാലം ഇരുന്ന് ഉണ്ടാക്കിയതായിരുന്നു. പത്തു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അത് ഫ്യൂസായിപ്പോയി. എന്താ കാരണം, പ്രപഞ്ചം ഉണ്ടായി എന്നതിന് തെളിവ് കിട്ടി. അത് മറ്റൊരു വിഷയമാണ്. ഹൃദയവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തെളിയിക്കുന്നത് ഹൃദയത്തിനകത്ത് ഒരു മസ്തിഷ്‌കം ഉണ്ടെന്നും അത് ഹൃദയത്തെ ഒരു സ്വയംഭരണാവകാശമുള്ളതായി നിലനിര്‍ത്തുന്നു എന്നുമാണ്. അതുകൊണ്ടുതന്നെ ഹൃദയത്തിന് സ്വയമായി നില്‍ക്കാന്‍ കഴിയും. ഏറ്റവും പുതിയ പഠനം പറയുന്നത് ഹൃദയം ചില സവിശേഷമായ ഹോര്‍മോണുകളെ വരെ ഉല്‍പാദിപ്പിക്കുന്നുണ്ട് എന്നാണ്. എന്താണ് ആ ഹോര്‍മോണുകളുടെ ഉപയോഗം എന്ന് ശാസ്ത്രം കണ്ടെത്താന്‍ പോകുന്നേയുള്ളു. ശാസ്ത്രം, ശാസ്ത്രം എന്ന് പറഞ്ഞു നടന്നാല്‍ പോരാ പഠിക്കാന്‍ തയ്യാറാവണം, കാര്യങ്ങള്‍ മനസിലാക്കണം.

സംവാദത്തിന് ശേഷം ഒരുപാടുപേര്‍ വിഷയസംബന്ധമായും അല്ലാതെയും ധാരാളം സംശയങ്ങള്‍ പങ്കുവെക്കുന്നുണ്ട്. അവര്‍ക്ക് മറുപടി ലഭിക്കാന്‍ സംവിധാനമുണ്ടാവുമോ?

ഈ വിഷയത്തിലാണെങ്കിലും മറ്റു വിഷയങ്ങളിലാണെങ്കിലും സ്വാഭാവികമായും ഉയര്‍ന്നു വരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഇസ്ലാമുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും സംശയങ്ങളും snehasamvadam. org എന്ന വെബ്‌സൈറ്റിലും സ്‌നേഹസംവാദം വെബ്‌സിന്‍ ആപ്പിലൂടെയും പങ്കുവെക്കാവുന്നതാണ്. ആ സംശയങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴിയോ അല്ലാതെയോ മറുപടി നല്‍കുന്നതാണ്. യുക്തിവാദികള്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം ചോദ്യം ചോദിക്കാന്‍ തുറന്ന അവസരം നല്‍കുന്ന രൂപത്തിലുള്ള ലൈവ് പ്രോഗ്രാമുകള്‍ വൈകാതെ സംഘടിപ്പിക്കുന്നുണ്ട്. നിന്ദിക്കാനും പരിഹസിക്കാനുമല്ല. അത് നമ്മുടെ രീതിയുമല്ല. സത്യസന്ധമായി കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമൊരുക്കണം.