മോണ്ടിവിഡിയോ: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയെ ഉറുഗ്വേ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. നിര്‍ണായ മത്സരത്തില്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ മെസ്സിയും സംഘവും ഉറുഗ്വേയോട് ഗോള്‍ രഹിത സമനില വഴങ്ങിയതോടെ മുന്‍ ചാമ്പ്യന്‍മാരുടെ ലോകകപ്പ് പ്രവേശം ത്രിശങ്കുവിലായി. സൂപ്പര്‍താരങ്ങളായ മെസിയും സുവാവാരസും എഡിന്‍സണ്‍ കവാനിയു മൗറോ ഇക്കാര്‍ഡിയും ഏഞ്ചല്‍ ഡി മരിയയും പൗളോ ഡിബാലയുമെല്ലാം അണിനിരന്നിട്ടും ഉറുഗ്വേയോട് വിജയിക്കാനാവാത്തത് അര്‍ജന്റീനക്ക് കനത്ത തിരിച്ചടിയായി. സമനില വഴങ്ങിയതോടെ അര്‍ജന്റീനയുടെ ലോകകപ്പ് ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍ക്കുമേല്‍ നിഴല്‍ വീണിരിക്കുകയാണ്. പതിനഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 23 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കണം. 36 പോയിന്റുള്ള ബ്രസീലാണ് ഒന്നാമത്. 25 പോയിന്റുള്ള കൊളംബിയ രണ്ടാമതും 24 പോയിന്റുള്ള ഉറുഗ്വേ മൂന്നാമതും 23 പോയിന്റുള്ള ചിലി നാലാമതുമാണ്. ലാറ്റിമേരിക്കന്‍ യോഗ്യത റൗണ്ടില്‍ 14 കളി പൂര്‍ത്തിയായപ്പോള്‍ ബ്രസീല്‍ മാത്രമാണ് ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്. നാല് മത്സരങ്ങള്‍കൂടി ബാക്കിനില്‍ക്കെ ശേഷിച്ച ടീമുകള്‍ക്കെല്ലാം ഓരോ മത്സരവും നിര്‍ണായകമാണ്. ബുധനാഴ്ച വെനിസ്വേലയ്‌ക്കെതിരെയാണ് മെസിയുടേയും കൂട്ടരുടേയും അടുത്ത മത്സരം.ഫൈനല്‍ റൗണ്ടിന് നേരത്തെ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞ ബ്രസീല്‍ ഇക്വഡോറിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം 69ാം മിനിറ്റില്‍ പൗലിന്യോയും 76ാം മിനിറ്റില്‍ കുടിന്യോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള കൊളംബിയക്ക് വെനസ്വേലയോട് ഗോള്‍രഹിത സമനില വഴങ്ങേണ്ടിവന്നു. മറ്റൊരു മത്സരത്തില്‍ പെറു ബൊളീവിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചു. പെറുവിനുവേണ്ടി എഡിസണ്‍ ഫ്‌ളോറസ്, ക്യുവ എന്നിവരും ബൊളീവിയക്കുവേണ്ടി ആല്‍വരെസും ഗോള്‍ നേടി.മറ്റൊരു മത്സരത്തില്‍ താരനിബിഡമായ ചിലിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പാരഗ്വേ അട്ടിമറിച്ചു. അര്‍തുറോ വിദാലിന്റെ സെല്‍ഫ് ഗോളും കാസിറസ്, ഓര്‍ട്ടിസ് എന്നിവരുടെ ഗോളുകളുമാണ് പാരഗ്വേക്ക് സഹായകരമായത്.