ആന്റിഗ്വ :2004 ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായിരുന്നു വിന്‍ഡീസ്. 2006 ല്‍ അവര്‍ ഫൈനലും കളിച്ചു. പക്ഷേ ഇത്തവണ ലണ്ടനില്‍ ചാമ്പ്യന്‍സ് ട്രോഫി നടന്നപ്പോള്‍ ഐ.സി.സി റാങ്കിംഗില്‍ വളരെ പിറകില്‍ പോയതിനാല്‍ മെഗാ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാന്‍ പോലും കഴിയാത്ത ദുര്യോഗത്തിലായി ടീം. ലണ്ടനില്‍ ചാമ്പ്യന്‍സ് ട്രോഫി പുരോഗമിക്കുമ്പോള്‍ അഫ്ഗാനിസ്ഥാനുമായി ഏകദിന പരമ്പര കളിക്കേണ്ട ഗതികേടിലായിരുന്നു ബ്രയന്‍ ലാറയെ പോലുള്ള അതികായരെ ലോക ക്രിക്കറ്റിന് സമ്മാനിച്ച കരിബീയന്‍ ടീം. ലോക ക്രിക്കറ്റിലേക്ക് ഉദിച്ചുയര്‍ന്ന് വരുന്ന അഫ്ഗാന്‍ ടീമിനോട് സെന്റ് ലൂസിയയില്‍ നടന്ന ഏകദിനത്തില്‍ വിന്‍ഡീസ് 63 റണ്‍സിന് തകര്‍ന്നതോടെ ശക്തരായ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ വിന്‍ഡീസ് നാണംകെടുമെന്നാണ് കരുതപ്പെട്ടത്. പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളിലും (മഴ മൂലം അപൂര്‍ണമായ ആദ്യ ഏകദിനം ഉള്‍പ്പെടെ) ഇന്ത്യന്‍ ആധിപത്യം പൂര്‍ണമായപ്പോള്‍ കോച്ചില്ലെങ്കിലും പരമ്പര ഇന്ത്യ തൂത്ത് വാരുമെന്ന് എല്ലാവരും തലക്കെട്ട് നിരത്തി. നാലാം ഏകദിനത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം 189 ല്‍ വീണപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമായതായും തലക്കെട്ട് വന്നു. പക്ഷേ അവിടെ നിന്നാണ് ക്യാപ്റ്റന്‍ ജാസോണ്‍ ഹോള്‍ഡറുടെ അഞ്ച് വിക്കറ്റ് മികവില്‍ യുവാക്കളുടെ കരീബിയന്‍പ്പട തിരിച്ചുവന്നതും ഏകദിന റാങ്കിംഗില്‍ മൂന്നാമതുളള ഇന്ത്യയെ നാണംകെടുത്തിയതും.
അപ്രതീക്ഷിത വിജയമെന്ന് ഇതിനെ വിശേഷിപ്പിക്കരുത്-മല്‍സര ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹോള്‍ഡറുടെ വാക്കുകള്‍ ഇതായിരുന്നു. എനിക്ക് ടീമില്‍ വിശ്വാസമുണ്ടായിരുന്നു. എല്ലാവരും അവരുടെ കരുത്തിനൊപ്പം പൊരുതിയാല്‍ ജയിക്കാമെന്ന ഉറപ്പുമുണ്ടായിരുന്നു. കഴിഞ്ഞ നാല് മാസമായി എന്റെ ടീമിനെ എല്ലാവരും എഴുതിത്തളളുന്നു. അവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം-നായകന്‍ അഭിമാനത്തോടെ പറഞ്ഞു.
ബൗളര്‍മാരാണ് ഇന്ത്യന്‍ മെഗാ ബാറ്റിംഗിന് വിലങ്ങിട്ടത്. 62-ാമത് രാജ്യാന്തര ഏകദിനം കളിക്കുന്ന ഹോള്‍ഡറിന് ഉറച്ച പിന്തുണ നല്‍കി കെസ്‌റിക് വില്ല്യംസ്, അല്‍സാരി ജോസഫ് എന്നിവര്‍. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ അതിശക്തനായ മഹേന്ദ്രസിംഗ് ധോണിയെ 33 പന്തുകളില്‍ കേവലം 13 റണ്‍സ് മാത്രം നല്‍കി പിടിച്ചുകെട്ടിയ വില്ല്യംസിന്റെ മികവ് അപാരമായിരുന്നു. ധോണി ക്രീസിലുള്ളപ്പോള്‍ ഇന്ത്യക്ക് വ്യക്തമായ വിജയ സാധ്യതയുണ്ടായിരുന്നു. പക്ഷേ എം.എസിനെ പിടിച്ചുകെട്ടുക മാത്രമല്ല അദ്ദേഹത്തെ നാല്‍പ്പത്തിയൊമ്പതാം ഓവറിലെ അവസാന പന്തില്‍ പുറത്താക്കി നിര്‍ണായകമായ ബ്രേക്ക് ത്രൂ ടീമിന് വില്ല്യംസ് നല്‍കി. അവസാന ഓവറില്‍ ജയിക്കാന്‍ ഇന്ത്യക്ക് 14 റണ്‍സ് വേണ്ടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഒമ്പത് വിക്കറ്റിന് 189 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 49.4 ഓവറില്‍ 178 റണ്‍സിന് ഇന്ത്യ നാടകീയമായി പുറത്താവുകയായിരുന്നു. പരമ്പരയിലുടനീളം ഉജ്വല ഫോമില്‍ കളിക്കുന്ന അജിങ്ക്യ രഹാനെ 60 റണ്‍സ് നേടിയപ്പോള്‍ അഞ്ചാമനായി ബാറ്റ് ചെയ്ത ധോണി 54 റണ്‍സ് നേടി. പക്ഷേ പതിവ് ധോണിയായിരുന്നില്ല ക്രീസില്‍-ഇത്രയും റണ്‍സ് നേടാന്‍ അദ്ദേഹം 114 പന്തെടുത്തു. നേടിയത് ഒരു ബൗണ്ടറി മാത്രം. അത്രമാത്രം മന്ദഗതിയിലാണ് പിച്ച് പ്രതികരിച്ചത്. വാലറ്റത്തില്‍ ആരും പൊരുതിയില്ല. ഹാര്‍ദിക് പാണ്ഡ്യ 20 റണ്‍സ് നേടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ (5), ക്യാപ്റ്റന്‍ വിരാത് കോലി (3) ദിനേശ് കാര്‍ത്തിക് (2), കേദാര്‍ യാദവ് (10) രവീന്ദു ജഡേജ (11), ഉമേഷ് യാദവ് (0) തുടങ്ങിയവരെല്ലാം വേഗത കുറഞ്ഞ പിച്ചില്‍ ബൗളര്‍മാര്‍ക്ക് എളുപ്പത്തില്‍ പിടി കൊടുത്തു. ക്യാപ്റ്റന്‍ ഹോള്‍ഡര്‍ 9.4 ഓവറില്‍ 27 റണ്‍സിനാണ് അഞ്ച് വിക്കറ്റ് നേടിയത്. വില്ല്യംസ് പത്തോവറില്‍ 29 റണ്‍സ് മാത്രമാണ് നല്‍കിയത്. ഹോള്‍ഡറാണ് കളിയിലെ കേമന്‍.