Connect with us

Video Stories

ഗവര്‍ണറുടെ നടപടി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Published

on

തിരുവനന്തപുരത്ത് കഴിഞ്ഞ നാലു ദിവസമായി നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ്‌മേധാവിയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയ അസാധാരണമായ സംഭവം ബഹുമുഖമായ ചിന്തകള്‍ക്ക് പ്രേരണ നല്‍കുന്നു. സംസ്ഥാനത്ത് കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും പതിവുസംഭവമാണെങ്കിലും ഇതാദ്യമായാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ക്രമസമാധാനനിലയെക്കുറിച്ച് വിശദീകരണം ആരാഞ്ഞിരിക്കുന്നത്. ഇതിന് ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്നചോദ്യം ഉയരുന്നുണ്ടെങ്കിലും ഇത്തരമൊരു നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. ഗവര്‍ണര്‍ക്ക് നല്‍കിയ ഉറപ്പനുസരിച്ച് മുഖ്യമന്ത്രി ഇന്നലെ ബി.ജെ.പി, സി.പി.എം നേതൃത്വവുമായി ചര്‍ച്ച നടത്തി. ആഗസ്റ്റ്ആറിന് സര്‍വകക്ഷി പ്രതിനിധികളുമായും ചര്‍ച്ച നടത്താനിരിക്കയാണ്. കണ്ണൂരിലും കോട്ടയത്തും ചര്‍ച്ച നടക്കും.
മൂന്നു കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെയും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തലസ്ഥാന നഗരിയെ യുദ്ധക്കളമാക്കിയത്. ജനപ്രതിനിധികളുടെയും സാധാരണക്കാരുടെയും വീടുകള്‍ ആക്രമിക്കുകയും ബി.ജെ.പിയുടെ സംസ്ഥാന ഓഫീസ് മന്ദിരത്തിന് നേരെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടിനുനേരെയും അക്രമികള്‍ കല്ലേറു നടത്തി. നിരവധി വാഹനങ്ങളും അടിച്ചുതകര്‍ത്തു. ദൃശ്യങ്ങള്‍ പ്രകാരം സി.പി.എം നഗരസഭാ കൗണ്‍സിലര്‍ ഐ.പി ബിനു, എസ്.എഫ്.ഐ ജില്ലാസെക്രട്ടറി പ്രതിന്‍ എന്നിവരെ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു. സംഭവം നോക്കിനിന്നതിന് രണ്ട് പൊലീസുകാരും സസ്‌പെന്‍ഷന് വിധേയനായി. എന്നാല്‍ ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേഷ് എന്ന യുവാവ് കൊലചെയ്യപ്പെട്ടത് സ്ഥിതിഗതികള്‍ അത്യന്തം വഷളാക്കുകയാണുണ്ടായത്. ഇതിലെ പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരിക്കുകയുമാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി. ജെ.പി ഞായറാഴ്ച സംസ്ഥാനതല ഹര്‍ത്താല്‍ നടത്തിയെങ്കിലും അതിനിടയിലും വ്യാപകമായ അക്രമമാണ് ഉണ്ടായത്. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ഭരണമുന്നണിയിലെ സി.പി.എമ്മും സി.പി.ഐയും ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും വിഷയത്തില്‍ പൂര്‍ണതൃപ്തിയില്ലെന്നാണ് ലഭിക്കുന്ന സൂചന. എങ്കിലും ഗവര്‍ണര്‍ വിളിക്കുമ്പോള്‍ ചെന്നു കാണേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം മുഖ്യമന്ത്രി നിറവേറ്റി എന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ അന്തസ്സാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
യു.ഡി.എഫ് ഭരിക്കുമ്പോള്‍ ശാന്തമാകാറുള്ള കണ്ണൂരില്‍ അക്രമം തിരിച്ചുവന്നത് ഇടതുമുന്നണി ഭരണത്തോടെയാണ്. ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് അറുപതോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. ഇതില്‍ പത്തും കണ്ണൂരിലാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ തിരുവനന്തപുരവും പിന്നിലല്ല. കേരളത്തില്‍ തങ്ങളുടെ അണികളെ കമ്യൂണിസ്റ്റുകാര്‍ കൂട്ടത്തോടെ വകവരുത്തുകയാണെന്നാണ് ബി.ജെ.പി നേതൃത്വം രാജ്യത്താകെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ ഭരണഘടനയുടെ 356-ാം വകുപ്പുപയോഗിച്ച് പിരിച്ചുവിടണമെന്ന് കേരളത്തിലെ ചില ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടുവരികയുമാണ്. എന്നാല്‍ ഇത്തരമൊരു ശിപാര്‍ശ നല്‍കാന്‍മാത്രം മുന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസായ പി.സദാശിവം തയ്യാറാകുമെന്ന് തോന്നുന്നില്ല. ആര്‍. എസ്.എസ്സും ബി.ജെ.പിയും ഒരുഭാഗത്തും സി.പി.എം മറുഭാഗത്തുമായി നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും ഇരുവര്‍ക്കും തുല്യ പങ്കാണെന്ന് ഗവര്‍ണര്‍ സദാശിവം ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്. കണക്കുകള്‍ ബോധ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കേരളത്തിലെത്തി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. ബീഹാറിലും ഗോവയിലും മണിപ്പൂരിലുമൊക്കെ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് ബി.ജെ.പി അധികാരം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ക്രമസമാധാനത്തകര്‍ച്ച ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാമെങ്കില്‍ അതേറ്റവും കൂടുതല്‍ ബാധകമാകുന്നത് ബി.ജെ.പി തന്നെ ഭരിക്കുന്ന വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ്. ബി.ജെ.പിക്ക് ഭരണപങ്കാളിത്തമുള്ള ജമ്മുകശ്മീരിലും സമാനസ്ഥിതിതന്നെ. ശുദ്ധഇരട്ടത്താപ്പെന്നല്ലാതെ ഇതെന്താണ്.
ഒരുവിധ ഭരണ സംവിധാനവും നിലവിലില്ലാത്ത രാജ്യങ്ങളില്‍ പോലും നടക്കാത്തവിധമുള്ള കൊടുംക്രൂരതകളാണ് ജനാധിപത്യ രാജ്യത്ത് മൃഗത്തിന്റെ പേരില്‍ മനുഷ്യര്‍ക്കുനേരെ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുകൊല്ലത്തിനിടെ ഗോമാതാവിന്റെ സംരക്ഷണം പറഞ്ഞ് എത്രയെത്ര നിരപരാധികളെയാണ് ബി.ജെ.പി ഉള്‍പ്പെടുന്ന സംഘ്പരിവാറുകാര്‍ പരസ്യമായി അടിച്ചുകൊന്നത്. പ്രധാനമന്ത്രിയുടെ രണ്ടോ മൂന്നോ പ്രസ്താവനക്കപ്പുറം അവിടെയെവിടെയും ഒരു മുഖ്യമന്ത്രിയെയും ഗവര്‍ണര്‍മാര്‍ വിളിച്ചുവരുത്തിയതായി അറിവില്ല.എന്നിട്ടുമെന്തേ കേരളത്തിന്റെ കാര്യത്തില്‍ മാത്രം ഈ അസക്യത. കാരണം ലളിതം. പതിനെട്ടു സംസ്ഥാനങ്ങളില്‍ ഭരിക്കാനായിട്ടും കേരളം ഇതുവരെയും ബി.ജെ.പിക്ക് ബാലികേറാമലയായി നിലകൊള്ളുന്നുവെന്നതുതന്നെ. ഗവര്‍ണറുടെ നടപടിക്കു പിന്നില്‍ അദ്ദേഹത്തിനുമേല്‍ കേന്ദ്ര ഭരണത്തിനുള്ള സ്വാധീനമാണെന്ന് സംശയിക്കാന്‍ ന്യായം വേറെ വേണ്ടതില്ല. അതേസമയം, ഇതിനൊക്കെ തക്കം പാര്‍ത്തിരിക്കുന്ന ബി.ജെ.പിയുടെ കെണിയില്‍വീഴുന്ന ദീര്‍ഘദൃഷ്ടിയില്ലാത്തതും അവിവേകവുമായ അനവധാനതയാണ് മറുവശത്ത് സംസ്ഥാനസര്‍ക്കാരും സി.പി.എമ്മും കാണിച്ചുകൂട്ടിക്കൊണ്ടിരിക്കുന്നത്. അണികളെ അക്രമത്തില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ദേശിക്കാമെന്ന് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പറയാനിടവന്നതുതന്നെ അവര്‍ക്കും കേരളത്തിനും നാണക്കേടാണ്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന ഇരുപാര്‍ട്ടികളുടെയും നയമാണ് ഇതിനൊക്കെ കാരണം. വടികൊടുത്ത് അടി വാങ്ങണോ എന്നു ചിന്തിക്കേണ്ടത് രണ്ടു സംസ്ഥാനത്ത് മാത്രം വേരുകളുള്ള മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതൃത്വമാണ്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending