Connect with us

Video Stories

ചിന്തകളെ ജ്വലിപ്പിച്ച തൂലിക

Published

on


പി.കെ കുഞ്ഞാലിക്കുട്ടി എം.പി


എം.ഐ തങ്ങളുടെ വേര്‍പാട് അപരിഹാര്യമായ നഷ്ടമാണ്. മുസ്്‌ലിംലീഗിന്റെ സംഘടനാചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പേരായിരിക്കും എം.ഐ തങ്ങളുടേത്. വിദ്യാര്‍ഥി ജീവിത കാലഘട്ടം മുതല്‍ അടുത്ത പരിചയവും, കഴിഞ്ഞ നാലു പതിറ്റാണ്ടായി ഉത്തമ സൗഹൃദവുമുള്ള വ്യക്തിയാണ് തങ്ങള്‍. അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും ചിന്തയും ഒരു ജനതയില്‍ അവകാശബോധം ഉണര്‍ത്തുന്നതിനും സമുദായത്തെ സംഘടിത പ്രസ്ഥാനമാക്കി മാറ്റുന്നതിനും ഉത്തേജകമായി. എം.ഐ തങ്ങളുമായി ആദ്യമായി കണ്ടുമുട്ടുന്നത് ഓര്‍മയില്‍ വരികയാണ്. 1973 ലാണ് അത്. ഞാന്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് ബിരുദ വിദ്യാര്‍ഥിയാണ്. കോളജ് യൂണിറ്റ് എം.എസ്.എഫ് പ്രസിഡന്റും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചാര്‍ജും വഹിക്കുന്നു. അത്തരം ഒരു സന്ദര്‍ഭത്തിലാണ് പി.പി കമ്മു സാഹിബ്, റഹീം മേച്ചേരി, എം.ഐ തങ്ങള്‍ എന്നിവരടങ്ങിയ മൂവര്‍ സംഘം ഉത്തര മലബാറില്‍ ഒരു പര്യടനത്തിന് എത്തുന്നത്. കണ്ണൂരില്‍ എത്തിയ മലപ്പുറത്തുകാര്‍ എന്ന നിലക്ക് കൂടുതല്‍ സമയം അവരോടൊപ്പം ചെലവഴിക്കാന്‍ സന്ദര്‍ഭമുണ്ടായി. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാപ്പിളനാട് ദൈ്വവാരികയുടെ പ്രചാരണത്തിന് എത്തിയതായിരുന്നു അവര്‍.
മലപ്പുറത്തു നിന്നും പ്രസിദ്ധീകരിക്കുന്ന മാപ്പിളനാട് കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പ്രസിദ്ധീകരണമായിരുന്നു. മുസ്്‌ലിം സമുദായത്തിലും മുസ്്‌ലിംലീഗിലും സ്വയം വിമര്‍ശനങ്ങള്‍ക്ക് ചൂട് പകര്‍ന്നിരുന്ന വാരിക. മാപ്പിളനാടില്‍ വരുന്ന ലേഖനങ്ങളും അഭിപ്രായങ്ങളും അതിനിശിതമായ വിമര്‍ശനങ്ങളും ചിലപ്പോഴൊക്കെ പ്രകോപനപരവുമായിരുന്നു. ഇന്നത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേതുപോലുള്ള അതിരറ്റ വിമര്‍ശനങ്ങള്‍ പോലും വരുമായിരുന്നു ചില ഘട്ടത്തില്‍. പാര്‍ട്ടിക്കകത്തെ വിപ്ലവ ചിന്തകളും മാപ്പിളനാടില്‍ പ്രതിഫലിച്ചു.
രൂക്ഷമായ വിമര്‍ശനങ്ങള്‍ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ നേതാക്കന്മാരുടെ അപ്രിയത്തിന് കാരണമായി. മുസ്‌ലിംലീഗിലെ ഭിന്നിപ്പിന് തൊട്ടുമുമ്പുള്ള കാലമാണ്. പില്‍ക്കാലത്ത് പിളര്‍പ്പിനിടയാക്കിയ പല കാരണങ്ങളെയും മുന്‍കൂര്‍ വിശകലന വിധേയമാക്കി കൊണ്ടുള്ള ചൂടേറിയ ചര്‍ച്ചക്ക് മാപ്പിളനാട് വേദിയായി.
മാപ്പിളനാടും അതിലെ എഴുത്തുകാരും ജനശ്രദ്ധയില്‍ ജ്വലിച്ചുനില്‍ക്കുന്ന ആ കാലത്താണ് പി.പി കമ്മു സാഹിബും റഹീം മേച്ചേരിയും എം.ഐ തങ്ങളും കണ്ണൂരിലെ പര്യടനത്തിന് എത്തുന്നത്.
സ്വാഭാവികമായും നാട്ടുകാരെന്ന നിലയില്‍കൂടി അവരോടൊപ്പം അവിഭക്ത കണ്ണൂര്‍ ജില്ലയിലെങ്ങും പര്യടനത്തിനുപോയി. ആ പര്യടനം തന്നെ ചില വിവാദങ്ങള്‍ക്ക് വഴിവെച്ചു. എം.ഐ തങ്ങളുമായും സൗഹൃദം ഉടലെടുത്തത് തന്നെ ഇത്തരമൊരു ചൂടേറിയ അനുഭവ പശ്ചാത്തലത്തിലാണ്. ആ സഹയാത്രതൊട്ട് എം.ഐ തങ്ങളില്‍ നിന്ന് പലതും പഠിക്കാനും പകര്‍ത്താനുമുണ്ടെന്ന് ബോധ്യമായി. എം.ഐ തങ്ങളുടെ പഠന ക്ലാസുകള്‍ തേടിപ്പിടിച്ച് പങ്കെടുത്തു. ഗഹനമായ ആ പഠനങ്ങളിലും വിഷയാവതരണ ശൈലിയിലും ആകൃഷ്ടനായി. അത് കൂടുതല്‍ അടുത്ത സൗഹൃദമായി വളര്‍ന്നു. പില്‍ക്കാലത്ത് പൊതുരംഗത്ത് സജീവമായപ്പോള്‍ എം.ഐ തങ്ങള്‍ വലിയ സ്വാധീനമായി. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളില്‍ രൂപപ്പെടുന്ന ആശയങ്ങളും പദ്ധതികളും പൊതുപ്രവര്‍ത്തനത്തില്‍ ഏറെ പ്രയോജനകരമായി.
1991 ലെ യു.ഡി.എഫ് സര്‍ക്കാറില്‍ പങ്കാളികളായപ്പോള്‍ പല ഗൗരവതരമായ വിഷയങ്ങളിലും എം.ഐ തങ്ങളുടെ അഭിപ്രായം ആരാഞ്ഞു. അതിനായി എം.ഐ തങ്ങളും മറ്റു എഴുത്തുകാരും ഉള്‍പ്പെടുന്ന കൂടിക്കാഴ്ചകള്‍ നടക്കും. പല വിഷയങ്ങളിലും സ്ഥൈര്യമുള്ള നിലപാട് സ്വീകരിച്ചുകൊണ്ടായിരുന്നു എം.ഐ തങ്ങള്‍ ഇടപെട്ടിരുന്നത്. ചരിത്രം ഉദ്ധരിച്ചും ആദ്യകാല നേതാക്കളുടെ നയനിലപാടുകള്‍ ചൂണ്ടിക്കാട്ടിയും അദ്ദേഹം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വലിയ വെളിച്ചമായിരുന്നു.
വിവിധ പ്രസ്ഥാനങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ആഴത്തില്‍ പഠിച്ചായിരുന്നു അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നതും നിലപാടുകള്‍ സ്വീകരിച്ചിരുന്നതും. മുസ്‌ലിംലീഗിന്റെ നയനിലപാടുകള്‍ നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു എം.ഐ തങ്ങള്‍.
വിവിധ വീക്ഷണ ഗതികളോടുള്ള സമീപനത്തെക്കുറിച്ച് എം.ഐ തങ്ങള്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. ന്യൂനപക്ഷ, പിന്നാക്ക സമൂഹത്തില്‍ നിന്നുള്ള എല്ലാ അഭിപ്രായഗതികളും ഒരുമിച്ചിരുന്ന് പൊതുലക്ഷ്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന വേദിയായിരിക്കണം മുസ്്‌ലിംലീഗ് എന്ന് അദ്ദേഹം എപ്പോഴും പറയും. സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോം ആയിരിക്കണം മുസ്്‌ലിംലീഗ് എന്നതായിരുന്നു ആ നിലപാട്. മാപ്പിള നാടിലെ പത്രപ്രവര്‍ത്തനത്തിന്‌ശേഷം ചന്ദ്രികയുടെ പത്രാധിപസമിതിയില്‍ അംഗമായപ്പോഴും പിന്നീട് പത്രാധിപരായിരുന്നപ്പോഴും സമൂഹത്തിന്റെ ശാക്തീകരണത്തിനും പത്രത്തിന്റെ വളര്‍ച്ചയിലും അദ്ദേഹത്തിന്റെ തൂലികയും കാഴ്ചപ്പാടുകളും ഫലപ്രദമായി വിനിയോഗിച്ചു. അദ്ദേഹത്തിന്റെ ലേഖനങ്ങളും പംക്തികളും വലിയ അറിവുകള്‍ പ്രദാനം ചെയ്തു.
മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം എം.ഐ തങ്ങളുടെ ചിന്തയും തൂലികയും അര്‍പ്പിച്ച സേവനം അമൂല്യമാണ്.
മുസ്‌ലിം സമുദായത്തിനും പൊതുസമൂഹത്തിനും മുസ്‌ലിംലീഗ് ഉണ്ടാക്കിയ നേട്ടങ്ങള്‍ ഇന്നാരും തര്‍ക്കമില്ലാത്തവിധം സമ്മതിക്കുന്ന യാഥാര്‍ഥ്യമാണ്. വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്കും ഒരു ഉത്തമ സമൂഹത്തിന്റെ രൂപീകരണത്തിനും മുസ്‌ലിംലീഗ് പ്രയോഗവത്കരിച്ച ആശയസംഹിത വളരെ പ്രധാനമാണ്. അതുകൊണ്ട്തന്നെ ഇതര സംഘടനകള്‍ പലതിനും ശോഷണം സംഭവിച്ചപ്പോഴും മുസ്‌ലിംലീഗ് വലിയ സ്വീകാര്യതയോടെ നിലനില്‍ക്കുന്നു. പാര്‍ട്ടിയുടെ ഈ ആശയപരവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളില്‍ എം.ഐ തങ്ങള്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചു. അദ്ദേഹം നിശബ്ദമായി സംഘടനയെ സേവിച്ചു. അധികാര സ്ഥാനങ്ങള്‍ ആഗ്രഹിക്കാതെ സംഘടനാരംഗത്ത് ഒതുങ്ങിനിന്ന് അച്ചടക്കമുള്ള പ്രവര്‍ത്തകനായി സേവനം ചെയ്തു. സ്ഥാനമാനങ്ങള്‍ ഒരിക്കലും വലിയ കാര്യമായി കണക്കാക്കിയില്ല അദ്ദേഹം. പാര്‍ട്ടി പദവികള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എം.ഐ തങ്ങള്‍ തന്റെ സേവനങ്ങള്‍ ഒരേ ശക്തിയോടെ സംഘടനക്ക് നല്‍കി. ഓരോ മുസ്‌ലിംലീഗുകാരന്റെയും മനസ്സില്‍ എം.ഐ തങ്ങള്‍ ഉണര്‍ത്തിവിട്ട ചിന്തയും ആ സാന്നിധ്യവും മായാതെ നിലനില്‍ക്കും.

Video Stories

ദേശീയ ഗെയിംസിന് ഇന്ന് ഔദ്യോഗിക തുടക്കം

കേരളത്തിന്റെ അത്‌ലറ്റിക്‌സ് ടീം അടക്കമുള്ള 102 അംഗ സംഘം ഇന്നലെ അഹമ്മദാബാദിലെത്തി. കേരള ടീമിനെ രാജ്യാന്തര ലോങ്ജമ്പ് താരം എം ശ്രീശങ്കര്‍ ആണ് നയിക്കുന്നത്. 26 ഇനങ്ങളിലാണ് കേരളം പങ്കെടുക്കുന്നത്.

Published

on

അഹമ്മദാബാദ്: 36ാമത് ദേശീയ ഗെയിംസിന് ഇന്ന് ഔദ്യോഗിക തുടക്കം. ചില മത്സരങ്ങള്‍ നേരത്തെ തുടങ്ങിയെങ്കിലും ഇന്നാണ് ഔദ്യോഗിക ഉദ്ഘാടനം. അഹമ്മദാബാദ് മൊട്ടേരയിലെ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സ്വന്തം പേരിലുള്ള സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ഗുജറാത്തിന്റെ വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. ഒക്‌ടോബര്‍ 12 വരെയാണ് ഗെയിംസ്. അഹമ്മദാബാദിന് പുറമെ ഗാന്ധിനഗര്‍, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭാവ്‌നഗര്‍ എന്നിവയാണ് മറ്റു ഗെയിംസ് വേദികള്‍. ആകെ 36 ഇനങ്ങളിലാണ് മത്സരം.

എണ്ണായിരത്തോളം കായികതാരങ്ങളും ആയിരത്തോളം ഒഫീഷ്യല്‍സും പങ്കെടുക്കും. കേരളത്തിന്റെ അത്‌ലറ്റിക്‌സ് ടീം അടക്കമുള്ള 102 അംഗ സംഘം ഇന്നലെ അഹമ്മദാബാദിലെത്തി. കേരള ടീമിനെ രാജ്യാന്തര ലോങ്ജമ്പ് താരം എം ശ്രീശങ്കര്‍ ആണ് നയിക്കുന്നത്. 26 ഇനങ്ങളിലാണ് കേരളം പങ്കെടുക്കുന്നത്. 436 കായികതാരങ്ങളും 123 ഒഫീഷ്യല്‍സും അടങ്ങിയ 559 അംഗ സംഘമാണ് കേരളത്തിന്റേത്. ഒമ്പത് സംഘമായിട്ടാണ് ടീം അഹമ്മദാബാദിലെത്തിയത്. ബാഡ്മിന്റണ്‍ താരം ഒളിമ്പ്യന്‍ വി ദിജുവാണ് സംഘത്തലവന്‍. 2015ല്‍ കേരളത്തിലാണ് ഏറ്റവുമൊടുവില്‍ ഗെയിംസ് നടന്നത്. കഴിഞ്ഞതവണ രണ്ടാംസ്ഥാനക്കാരായ കേരളം ഇത്തവണ ചാമ്പ്യന്‍ പട്ടമാണ് ലക്ഷ്യമിടുന്നത്. അത്‌ലറ്റിക്‌സ്, നീന്തല്‍, ബാഡ്മിന്റണ്‍, വോളിബോള്‍, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ അടക്കമുള്ള ഇനങ്ങളിലെല്ലാം ആധിപത്യം പുലര്‍ത്താന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

Continue Reading

Video Stories

നെഹ്‌റുട്രോഫിക്ക് കളങ്കം ചാര്‍ത്താന്‍ പിണറായി

ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി ജലമേളയുടെ ഉദ്ഘാടകനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദത്തില്‍.

Published

on

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി ജലമേളയുടെ ഉദ്ഘാടകനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദത്തില്‍. നിരന്തരം സംഘ്പരിവാര്‍ വിരുദ്ധത പ്രസംഗിക്കുന്ന സി.പി.എമ്മും ഇടതുപക്ഷവും സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കരസ്പര്‍ശമേറ്റ നെഹ്‌റുട്രോഫി സമ്മാനിക്കുന്ന ചടങ്ങിലേക്ക് അമിത്ഷായെ പോലൊരു കളങ്കിതനെ ക്ഷണിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. അമിത്ഷായെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിനായി നെഹ്‌റു ട്രോഫിയുടെ സകല കീഴ്‌വഴക്കങ്ങളും ലംഘിച്ചുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തിയത്.

ഇതിന്റെ ഞെട്ടലിലാണ് സംഘടാക സമിതിയായ എന്‍.ടി.ബി.ആര്‍ സൊസൈറ്റി. മുന്‍കാലങ്ങളില്‍ സംഘാടക സമിതി നിര്‍ദേശിക്കുന്ന ദേശീയ നേതാക്കളെയായിരുന്നു പരിപാടിയിലേക്ക് സര്‍ക്കാര്‍ ക്ഷണിച്ചിരുന്നത്. എന്‍.ടിി.ബി.ആര്‍ സൊസൈറ്റിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഉദ്ഘാടകയായി എത്തിക്കാനായിരുന്നു താല്‍പര്യം. രാഷ്ട്രപതി എത്തുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയെ തന്നെ ഉദ്ഘാടകനാക്കാനായിരുന്നു ധാരണ. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഒരുപടി കൂടി കടന്ന് അസാധാരണമായ രീതിയില്‍ മുഖ്യമന്ത്രി നേരിട്ട് അമിത് ഷായെ ജലമേളയക്ക് ക്ഷണിച്ചത്.

ജലമേളയുടെ തലേദിവസമായ സെപ്തംബര്‍ മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റിന്റെ ദക്ഷിണ മേഖല യോഗത്തിന് ക്ഷണിക്കുന്നതിനൊപ്പമാണ് നെഹ്‌റുട്രോഫിക്കും കൂടിയുള്ള ക്ഷണം കഴിഞ്ഞ 23ന് അമിത്ഷാക്ക് മുഖ്യമന്ത്രി അയച്ചത്. നെഹ്‌റുട്രോഫിയുടെ ചരിത്രം വിശദീകരിച്ചുള്ള കത്തില്‍ പരിപാടി സ്ഥലത്തേക്കുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അമിത്ഷായെ ക്ഷണിച്ച നടപടിക്കെതിരെ വിവിധ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി പരിഗണിക്കാനിരിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചേര്‍ത്താണ് വിമര്‍ശനം.അതേസമയം അമിത്ഷായുടെ വരവ് ഉറപ്പായ നിലയിലുള്ള ക്രമീകരണങ്ങളാണ് ആലപ്പുഴയിലും വള്ളംകളി നടക്കുന്ന പുന്നമടയിലും പുരോഗമിക്കുന്നത്. സുരക്ഷാ ക്രമീകരണ മുന്നൊരുക്കങ്ങള്‍ പുന്നമടകായലില്‍ ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത ഇന്നലെ നേരിട്ടെത്തി പരിശോധിച്ചു. കലക്റ്റര്‍ വി.ആര്‍ കൃഷ്ണാ തേജ, ജില്ലാ പൊലീസ് മേധാവി ജി ജയദേവ് എന്നിവര്‍ക്കൊപ്പമായിരന്നു പരിശോധന.

Continue Reading

Indepth

നീതി ദേവത-പ്രതിഛായ

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ അറ്റോണി ജനറലായിരുന്നയാളുടെ പേരാണ് മോട്ടിലാല്‍ ചിമന്‍ലാല്‍ സെതല്‍വാദ്. പേരിലെ ഈ കുടുംബവാല്‍ ഇന്ന് ലോകം മുഴുവന്‍ അറിയുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഗുജറാത്തിക്കാരിയുടേത് കൂടിയാണ്-ടീസ്റ്റ സെതല്‍വാദ്.

Published

on

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ അറ്റോണി ജനറലായിരുന്നയാളുടെ പേരാണ് മോട്ടിലാല്‍ ചിമന്‍ലാല്‍ സെതല്‍വാദ്. പേരിലെ ഈ കുടുംബവാല്‍ ഇന്ന് ലോകം മുഴുവന്‍ അറിയുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഗുജറാത്തിക്കാരിയുടേത് കൂടിയാണ്-ടീസ്റ്റ സെതല്‍വാദ്. രാജ്യത്തെ നിയമ പരിഷ്‌കാരത്തിനായി നെഹ്‌റു ഭരണകൂടം രൂപവല്‍കരിച്ച ആദ്യ ലോ കമ്മീഷന്റെ ചെയര്‍മാനായിരുന്നു ടീസ്റ്റയുടെ മുത്തച്ഛനും സ്വാതന്ത്ര്യസമരനേതാവുമായിരുന്ന എം.സി സെതല്‍വാദ്. അദ്ദേഹത്തിന്റെ പേരമകള്‍ ലോകമറിയുന്ന മനുഷ്യാവകാശ പോരാളിയായതില്‍ അത്ഭുതത്തിന് വകയില്ല. മുംബൈയിലെ പ്രമുഖ അഭിഭാഷകനായിരുന്നു പിതാവ് അതുല്‍ സെതല്‍വാദും. നോംചോംസ്‌കിയെ പോലുള്ള ലോകത്തെ അത്യുന്നത ചിന്തകരും ബുദ്ധിജീവികളും ടീസ്റ്റയെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ സുപ്രീംകോടതിക്ക് കത്തെഴുതിയിരിക്കുന്നത്. മറ്റൊരു ഇന്ത്യക്കാരനും ലഭിക്കാത്ത അത്യപൂര്‍വ ബഹുമതി. ഇന്ത്യയില്‍ ഫാസിസം വന്നോ, ഇല്ലെയോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഈ മഹതിയെ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് അഴിക്കുള്ളിലിട്ടത്. കുറ്റം ഗുജറാത്ത് കലാപത്തിലെ ഇരകളായ നിരാലംബര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചത്! ടീസ്റ്റ മോദിയുടെയും അമിത്ഷായുടെയും കണ്ണിലെ കരടാകുന്നത് 2002 മുതല്‍ക്കാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്കും മറ്റുമെതിരെ കോടതികളില്‍നിന്ന് കോടതികളിലേക്ക് കേസുകെട്ടുകളുമായി പായുകയായിരുന്നു ഇരകള്‍ക്കൊപ്പം ടീസ്റ്റ എന്ന 60കാരി. എന്നാല്‍ ഗുജറാത്ത് കലാപത്തിന് ഗൂഢാലോചന നടത്തിയവരില്‍പെടുത്തിയാണ് മോദിയും കൂട്ടരും മുന്‍ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനൊപ്പം ടീസ്റ്റയെയും തുറുങ്കിലിലടച്ചത്. ‘മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ നേരിട്ടുള്ള ആക്രമണം’ എന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറസ്റ്റിനെ വിശേഷിപ്പിച്ചത്. നീതിക്കുവേണ്ടി പോരാടിയവരുടെ ഇതിഹാസമാണ് പുരാണത്തിലെ ദുര്‍ഗയുടെയും സീതയുടെയും പാഞ്ചാലിയുടേതുമെന്നതിനാല്‍ ആധുനിക സീതയുടെ പരിവേഷമാണ് ടീസ്റ്റക്ക്. അമ്മയുടെ പേരിലുമുണ്ട് സീത.

2002ല്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല എന്ന കുപ്രസിദ്ധ ഭരണകൂട ഭീകരതക്കിരയായി കോണ്‍ഗ്രസ് എം.പി ഇഹ്്‌സാന്‍ ജാഫ്രിയടക്കം കൊലചെയ്യപ്പെട്ടതിന് നീതിതേടിയാണ് അദ്ദേഹത്തിന്റെ ഭാര്യ സാക്കിയ ജാഫ്രിയുള്‍പ്പെടെ കോടതിയെ സമീപിച്ചത്. കേസില്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റും സുപ്രീംകോടതി കുറ്റവിമുക്തമാക്കിയതിന് തൊട്ടുപിറ്റേന്നായിരുന്നു ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും അറസ്റ്റ്. മോദി വിളിച്ചുചേര്‍ത്ത 2002ലെ പൊലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ ഗോദ്ര സംഭവത്തിന് ‘ഹിന്ദുക്കളെ പ്രതികാരം ചെയ്യാന്‍വിടണ’മെന്ന് മുഖ്യമന്ത്രി ആജ്ഞാപിച്ചുവെന്നാണ് ടീസ്റ്റയും കൂട്ടരും വാദിച്ചത്. പരാതിയില്‍ മന്ത്രിമാരടക്കം 62 പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ പ്രത്യേകാന്വേഷണസംഘം പക്ഷേ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതാണ് ടീസ്റ്റയും മറ്റും സുപ്രീംകോടതിയില്‍ ചോദ്യംചെയ്തത്. ഇതാണ് ഫാസിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ചതും. പ്രതികളെ കുറ്റവിമുക്തമാക്കുമ്പോള്‍ പരാതിക്കാരെ കേട്ടില്ലെന്നാണ് കോടതിക്കെതിരായി ഉയര്‍ന്നിരിക്കുന്ന മുഖ്യപരാതി. ലോകത്തെ വിവിധ ഉന്നത സര്‍വകലാശാലകളിലെ അത്യുന്നത പ്രൊഫസര്‍മാരും ബ്രിട്ടീഷ് ജനപ്രതിനിധിയും അടക്കമാണ് കഴിഞ്ഞദിവസം ‘സഹമത്’ എന്ന സംഘടന പുറത്തിറക്കിയ ടീസ്റ്റയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇത് കാണാതിരിക്കാന്‍ ഇന്ത്യന്‍ നീതിപീഠത്തിന് കഴിയില്ല. വരുന്ന 22നാണ് സുപ്രീംകോടതി ഇവരുടെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. ഭാവി ചീഫ് ജസ്റ്റിസ് യു.യു ലളിതിന് മുമ്പാകെയാണ് കേസ് വരുന്നത്.

കുടുംബ പാരമ്പര്യം കാക്കാനായി നിയമം പഠിക്കാന്‍പോയെങ്കിലും ഫിലോസഫിയിലാണ് ബിരുദമെടുത്തത്. 1983ല്‍ പത്രപ്രവര്‍ത്തകയായി. മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമെന്ന നിലയില്‍ ഒട്ടനവധി കേസുകളാണ് ടീസ്റ്റ ഇതിനകം കോടതികളുടെ മുമ്പിലെത്തിച്ചിട്ടുള്ളത്. മുസ്്‌ലിംകളുടേതാണ് ഇവയില്‍ പലതും. കോര്‍പറേറ്റുകളുടെ ഭക്ഷ്യവസ്തുക്കളിലെ മായത്തിനെതിരെയും പോരാടുന്നു. ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസി’ന്റെ സെക്രട്ടറിയും ‘കമ്യൂണലിസം കോംപാക്ട്’ മാസികയുടെ സ്ഥാപകപത്രാധിപരും. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലും ബിസിനസ് ഇന്ത്യയിലും ജോലി ചെയ്യുന്നതിനിടെയാണ് ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതിവാങ്ങിക്കൊടുക്കാനായി ജോലി രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിറങ്ങിയത്. 2007ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. ഗുജറാത്ത്-മേക്കിംഗ് ഓഫ് എ ട്രാജഡി, രക്ഷകര്‍ ചതിക്കുമ്പോള്‍ തുടങ്ങിയ ഗ്രന്ഥങ്ങളെഴുതി. സമാനമേഖലയിലെ പോരാളി ജാവേദ് ആനന്ദാണ് ഭര്‍ത്താവ്. മകനും മകളുമുണ്ട്.

Continue Reading

Trending