മാഞ്ചസ്റ്റര്‍: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ ജയം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയുടെ ജയം. 15-ാം മിനുട്ടില്‍ കെവിന്‍ ഡിബ്രുയ്‌നെയും 36-ാം മിനുട്ടില്‍ കെലിച്ചി ഇഹ്യാനാച്ചോയും സിറ്റിക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ 42-ാം മിനുട്ടില്‍ സ്ലാട്ടന്‍ ഇബ്രാഹിമിവിച്ചിലൂടെയായിരുന്നു യുനൈറ്റഡിന്റെ മറുപടി ഗോള്‍. ഹോസെ മൗറീഞ്ഞോയുടെ കീഴില്‍ യുനൈറ്റഡിന് ആദ്യ തോല്‍വിയാണിത്.

സീസണില്‍ തുടര്‍ച്ചയായ നാലാം മത്സരവും ജയിച്ച സിറ്റി 12 പോയിന്റോടെ ടേബിളില്‍ ഒന്നാം സ്ഥാനം ഒറ്റക്ക് നിലനിര്‍ത്തി. ഒമ്പത് പോയിന്റുമായി ചെല്‍സിയും യുനൈറ്റഡും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ചെല്‍സിക്ക് തിങ്കളാഴ്ച സ്വാന്‍സീ സിറ്റിക്കെതിരെ മത്സരമുണ്ട്.