വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ട ശേഷം തനിക്കുണ്ടായ നിരാശ തുറന്നുപറഞ്ഞ് ഹിലരി ക്ലിന്റണ്‍. തോല്‍വിയെത്തുടര്‍ന്ന് വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ ഏതെങ്കിലും നല്ല പുസ്തകവുമായി ചുരുണ്ടുകൂടി കഴിയാനാണ് തനിക്ക് തോന്നിയതെന്ന് അവര്‍ പറഞ്ഞു. ചില്‍ഡ്രന്‍സ് ഡിഫന്‍സ് ഫണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹിലരി.

ഈ രാത്രി ഇവിടേക്ക് വരുകയെന്നത് തനിക്കത്ര എളുപ്പമല്ല. തെരഞ്ഞെടുപ്പ് ഫലത്തില്‍ എല്ലാവരും നിരാശരാണെന്ന് എനിക്കറിയാം. തുറന്നു പ്രകടിപ്പിക്കാനാവാത്ത വിധം ഞാനും നിരാശയാണ്. നാം വിചാരിച്ചതുപോലുള്ള ഒരു രാജ്യമാണോ അമേരിക്കയെന്ന് പലരും സ്വയം ചോദിച്ചു. ഈ തെരഞ്ഞെടുപ്പിലൂടെ വിഭാഗീയതകള്‍ കൂടുതല്‍ പ്രകടമായിരിക്കുന്നു. പക്ഷെ, അമേരിക്ക വിലപ്പെട്ടതാണ്്. നമ്മുടെ കുട്ടികള്‍ വിലപ്പെട്ടതാണ്. നമ്മുടെ രാജ്യത്തില്‍ വിശ്വസിക്കുക. നമ്മുടെ മൂല്യങ്ങള്‍ക്കുവേണ്ടി പോരാടുക. ഒരിക്കലും അത് ഉപേക്ഷിക്കരുത്-ഹിലരി പറഞ്ഞു. അവസാനം നിമിഷം വരെ വിജയപ്രതീക്ഷ കാത്തുസൂക്ഷിച്ച ഹിലരിക്കും അനുയായികള്‍ക്കും ട്രംപിന്റെ വിജയം കനത്ത ആഘാതമായിരുന്നു. ഹിലരിയുടെ തോല്‍വി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പ്രതീക്ഷിച്ചിരുന്നില്ല.

അതേസമയം രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാരെ പുറത്താക്കുന്നതിനെതിരെ നിരവധി പ്രമുഖര്‍ ട്രംപിന് മുന്നറിയിപ്പുനല്‍കി. നാടുകടത്തുന്നതില്‍നിന്ന് അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ദെ ബ്ലാസിയോ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ, ഷിക്കാഗോ, ബോസ്റ്റണ്‍, ഫിലാഡല്‍ഫിയ, വാഷിങ്ടണ്‍ ഡി.സി മേയര്‍മാരും കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.