രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ എ.ടി.എം കൗണ്ടറുകള്‍ ഇന്നലെ തുറന്നെങ്കിലും പണത്തിനായുള്ള ജനങ്ങളുടെ പരക്കം പാച്ചിലിന് അറുതിയായില്ല. തുറന്നും അടച്ചും ഇടക്ക് പണിമുടക്കിയും എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചുവെങ്കിലും പണത്തിനായി ജനം ഇന്നലെയും പരക്കം പാഞ്ഞു.

നിത്യചെലവുകള്‍ക്കായി കൈയിലുള്ള പണം മാറാനും അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനും എത്തിയവരെ കൊണ്ടുള്ള തിക്കിത്തിരക്കായിരുന്നു ഇന്നലെയും ബാങ്കുകള്‍. എ.ടി.എം കൗണ്ടറുകള്‍ക്ക് മുന്നിലും സ്ഥിതി സമാനമായിരുന്നു. അനിയന്ത്രിതമായ ജനക്കൂട്ടമായിരുന്നു എല്ലായിടത്തും. എ.ടി.എമ്മുകളില്‍ പെട്ടെന്ന് പണം കാലിയായതിനെ തുടര്‍ന്ന് ക്യൂ നിന്നവര്‍ നിരാശരായി മടങ്ങി.

അതേസമയം അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വരെ നീട്ടി. നേരത്തേ ഇളവു നല്‍കിയ അവശ്യസേവനങ്ങള്‍ക്കു മാത്രമാണ് ഇതു ബാധകം. റെയില്‍വേയും കെ.എസ്.ആര്‍.ടി.സിയും പെട്രോള്‍ പമ്പുകളും പാല്‍ ബൂത്തുകളും നോട്ടുകള്‍ സ്വീകരിക്കും. സര്‍ക്കാര്‍ ആസ്പത്രികള്‍, സര്‍ക്കാര്‍ ഫാര്‍മസികള്‍, വിമാനത്താവളങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവിടങ്ങളിലും അസാധുവാക്കിയ നോട്ട് ഉപയോഗിക്കാം. ദേശീയപാതകളിലെ ടോള്‍ പിരിവും തിങ്കളാഴ്ചവരെ ഉണ്ടാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചു.

പുറം കരാറുകാര്‍ പണം നിറയ്ക്കുന്ന എ.ടി.എമ്മുകള്‍ ഇന്നലെ പ്രവര്‍ത്തിച്ചിരുന്നില്ല. സാങ്കേതിക പ്രശ്‌നമാണ് ഇതിനു കാരണമായി അധികൃതര്‍ പറഞ്ഞത്. ബാങ്കുകള്‍ നേരിട്ട് നടത്തുന്ന എ.ടി.എമ്മുകളില്‍ നോട്ടുകളുടെ മാറ്റത്തിനനുസരിച്ച് സോഫ്റ്റ്‌വെയര്‍ തയാറാക്കാത്തതിനാല്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭ്യമായിരുന്നില്ല. നൂറു, അമ്പത് രൂപ നോട്ടുകള്‍ മാത്രമാണ് എ.ടി.എമ്മുകളില്‍ ലഭ്യമായിരുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് പണം തീരുകയും എ.ടി.എം കൗണ്ടറുകള്‍ അടച്ചിടേണ്ടിയും വന്നു. ഒരു എ.ടി.എമ്മില്‍ അഞ്ചു തവണവരെയാണ് ഇത്തരത്തില്‍ പണം നിറക്കേണ്ടി വന്നത്.

1000 രൂപ നോട്ടാണെങ്കില്‍ 80 ലക്ഷവും 500 രൂപ നോട്ടാണെങ്കില്‍ 40 ലക്ഷം രൂപയുമാണ് ഒരു എ.ടി.എമ്മില്‍ നിറക്കാന്‍ കഴിയു. നൂറു രൂപയുടെയും അന്‍പതു രൂപയുടെയും നോട്ടുകളായതിനാല്‍ പരമാവധി നാല് ലക്ഷം രൂപവരെ മാത്രമേ നിറയ്ക്കാന്‍ കഴിഞ്ഞുള്ളു. 2000 രൂപ മാത്രമാണ് എ.ടി.എം വഴി പിന്‍വലിക്കാന്‍ അനുമതിയുള്ളത്. എന്നിട്ടും പെട്ടെന്നുതന്നെ എ.ടി.എമ്മുകള്‍ കാലിയായി. ഇന്ന് കൂടുതല്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിവരം. റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ വൈകിട്ട് ആറു മണിവരെ ബാങ്കുകള്‍ പ്രവര്‍ത്തിച്ചു. തിരക്ക് ഒഴിവാക്കാന്‍ ഇന്നും നാളെയും ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

പണമില്ലാത്തത് വാണിജ്യ സ്ഥാപനങ്ങളിലും വില്‍പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്നു കിട്ടിയ രണ്ടായിരത്തിന്റെ നോട്ടുകൊണ്ട് കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരും ചില്ലറകിട്ടാതെ മടങ്ങി. ഫലത്തില്‍ ബാങ്കില്‍ നിന്നു കിട്ടിയ പണം കൊണ്ടും പലര്‍ക്കും ഉപയോഗമുണ്ടായില്ല. ഒരു ദിവസം ഒരാള്‍ക്ക് നാലായിരം രൂപ ബാങ്കുകളില്‍ നിന്ന് മാറ്റിക്കൊടുക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും രണ്ടായിരം രൂപ മാത്രമാണ് പല ബാങ്കുകാരും നല്‍കിയത്. പതിനായിരം രൂപ വരെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പല ബാങ്കുകളും അതിന്റെ പകുതി മാത്രമേ നല്‍കിയുള്ളു.