മുംബൈ: ഫോബ്‌സ് ഇന്ത്യാ പട്ടിക പുറത്തിറക്കിയ 100 സെലിബ്രിറ്റി പട്ടികയില്‍ മുന്നില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്‍. ബ്ലോക്ബസ്റ്റര്‍ ചിത്രം സുല്‍ത്താന്‍ നേടിയ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സല്‍മാന്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. 270.33 കോടി രൂപയാണ് സല്‍മാന്റെ വരുമാനം. ഷാറൂഖ് ഖാനാണ് രണ്ടാം സ്ഥാനത്ത് വരുമാനം 221.75 കോടി. ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലിയാണ് മൂന്നാമത്. 134.44 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് കോഹ്്‌ലിയുടേത്. എന്നാല്‍ പ്രശസ്തിയില്‍ ഒന്നാമതാണ് കോലി. ആമിര്‍ഖാന് ആദ്യ പത്തില്‍ ഇടം നേടാന്‍ സാധിച്ചില്ല. 14 സ്ഥാനത്താണ് ആമിര്‍. ആക്്ഷന്‍ താരം അക്ഷയ് കുമാറാണ് നാലാം സ്ഥാനത്ത്.

തൊട്ടുപിന്നില്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയും ബോളിവുഡ് നടി ദീപിക പദുക്കോണും. വിരമിച്ച ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറാണ് ഏഴാം സ്ഥാനത്ത്.
കായിക-സിനിമാ മേഖലയില്‍ നിന്നുള്ളവരെ കൂടാതെ എഴുത്തുകാരായ ചേതന്‍ ഭഗത് (46-ാം സ്ഥാനം), ദേവ്ദത്ത് പട്ടനായിക് (93-ാം സ്ഥാനം) എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.