അഹമ്മദാബാദ്: പട്ടിദാര്‍ പ്രക്ഷോഭ നായകന്‍ ഹര്‍ദിക് പട്ടേലിനേയും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയേയും ഒ.ബിസി നേതാവ് അല്‍പേഷ് താക്കൂറിനേയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. മൂവരും തങ്ങളുടെ ജനപിന്തുണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കാണിക്കേണ്ടതെന്നും രൂപാണി പറഞ്ഞു. ഒരു ദേശീയ ദിനപത്രം അഹമ്മദാബാദില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് മൂവരേയും കുറിച്ചുള്ള ചോദ്യത്തിന് മൂവരും ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നോ എന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കില്‍ മാത്രമേ ഇവരുടെ ജനപിന്തുണയെ കുറിച്ച് എന്തെങ്കിലും പറയാനാവൂ. ഇവര്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണ്, ഹര്‍ദിക് പട്ടേല്‍ ട്വിറ്ററില്‍ ബി.ജെ.പി വിരുദ്ധനാണ്. ഇന്നുവരെ പട്ടേലിന്റെ മുഴുവന്‍ ട്വീറ്റുകളും അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ മൂവരും കോണ്‍ഗ്രസിന് എതിരായി ഒന്നും പറയുന്നില്ല.
കോണ്‍ഗ്രസില്‍ എല്ലാം ശരിയാണോ എന്നും മുതിര്‍ന്ന ബി.ജെ.പി നേതാവു കൂടിയായ രൂപാണി ചോദിച്ചു. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ പശ്ചാതലത്തിലാണ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത്. മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് മൂവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് പിന്നാലെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പട്ടീദാറുമാര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയും ബി.ജെ.പിയെ അലട്ടുന്നുണ്ട്. ഇത് മറികടക്കുന്നതിനായി പട്ടിദാര്‍ സമുദായാംഗങ്ങളുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.