ചിക്മംഗ്ലൂര്‍: കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പ്രചരണം നടത്തുന്ന നടന്‍ പ്രകാശ് രാജിനും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്കും പ്രസംഗിക്കാനുള്ള വേദി നിഷേധിച്ച് പൊലീസ്. ബി.ജെ.പി കര്‍ണാടക ഘടകം നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചിക്മംഗ്ലൂരില്‍ ഇരുവരും സംസാരിക്കാനിരുന്ന മൈതാനം നിഷേധിച്ചത്. എന്നാല്‍, പിന്മാറാന്‍ തയ്യാറാവാതെ ഇരുവരും തെരുവിലേക്കിറങ്ങിയപ്പോള്‍ കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടം തന്നെ തടിച്ചുകൂടി.

തെരഞ്ഞെടുപ്പ് കഴിയും വരെ പൊതുയോഗങ്ങളില്‍ സംസാരിക്കാന്‍ പ്രകാശ് രാജിനെയും മേവാനിയെയും അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. മേവാനി ദളിതരുടെ രോഷം ആളിക്കത്തിക്കുകയും പ്രകാശ് രാജ് ജനങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ഇത്. ഇതിനിടയിലാണ് ഇരുവരും സംസാരിക്കാനിരുന്ന ചിക്മംഗ്ലൂരിലെ പൊതുയോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചത്.

രൂക്ഷമായ ഭാഷയിലാണ് ഇതിനോട് ഇരുവരും പ്രതികരിച്ചത്.
‘നമ്മെ നിശ്ശബ്ദമാക്കാനുള്ള മറ്റൊരു ബാലിശമായ ശ്രമമാണിത്. ചിക്മംഗ്ലൂരില്‍ സംസാരിക്കാന്‍ എന്നെയും പ്രകാശ് രാജിനെയും അനുവദിച്ചില്ല. കാരണം എന്താണെന്ന് കര്‍ണാടകയിലെ കാവിവല്‍ക്കരിക്കപ്പെട്ട പോലീസിന് നന്നായറിയാം. ഞങ്ങളെ അവഗണിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തൊഴില്‍ അടക്കമുള്ള വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കുന്ന പൗരന്മാരെ ബി.ജെ.പിക്ക് പേടിയാണ്.’ മേവാനി ട്വിറ്ററില്‍ കുറിച്ചു.

താന്‍ പങ്കെടുത്ത പൊതുയോഗങ്ങളിലെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് പ്രകാശ് രാജ് പൊലീസ് നടപടിയോട് പ്രതികരിച്ചത്. ‘പൊതുമൈതാനങ്ങളില്‍ സംസാരിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ നിങ്ങള്‍ ശ്രമിച്ചേക്കാം. പക്ഷേ, തെരുവിലിറങ്ങി ജനങ്ങളിലേക്ക് ചെല്ലുന്നത് തടയാന്‍ കഴിയില്ലല്ലോ. നിങ്ങള്‍ക്ക് ഒരു വേദി നിഷേധിക്കാന്‍ കഴിയും. എന്റെ ശബ്ദം മൂടിക്കെട്ടാനാവില്ല.’ പ്രകാശ് രാജ് പ്രതികരിച്ചു.

‘എന്നെ നിശ്ശബ്ദനാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ ജനങ്ങളിലേക്കെത്തുന്നത് തടയാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ക്കൊരു നദിയെ തടഞ്ഞുനിര്‍ത്താനാവുമോ? തോല്‍വി നിങ്ങളെ തുറിച്ചു നോക്കുകയാണ്.’ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.