വിപ്ലവം എന്ന പദത്തിന് കാലപ്പഴക്കമുണ്ട്…. പക്ഷേ ആ പദത്തിന്റെ കരുത്ത് കാലങ്ങളെ അതിജയിക്കും. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്നലെ നടന്നത് കേവലം ക്രിക്കറ്റ്് വിപ്ലവമല്ല-സ്‌പോര്‍ട്‌സ് വിപ്ലവമാണ്. സ്വയംഭരണത്തിന്റെ പേരില്‍ ഞങ്ങളെ തൊടരുതെന്ന് ഉച്ചത്തില്‍ പറയുന്ന കായിക സംഘടനകളിലെ സ്ഥിരം പുലികള്‍ക്കുള്ള മുന്നറിയിപ്പ് വിപ്ലവം. എന്തായിരുന്നു ക്രിക്കറ്റ് അഹന്ത..! ഞങ്ങളെ തൊടാന്‍ ആരുമില്ലെന്ന് അഹങ്കരിച്ച് നടന്നു എല്ലാവരും. സുപ്രീം കോടതിയെന്നാല്‍ അത്് സാധാരണ പൗരന്മാര്‍ക്കോ, ഭരണകര്‍ത്താക്കള്‍ക്കോ ഉളളതാണെന്നും കറന്‍സി ക്രീസില്‍ സിക്‌സറും ബൗണ്ടറികളും മാത്രമടിക്കുന്ന ക്രിക്കറ്റുകാരെ നിയമം പോലും ബാധിക്കില്ലെന്ന് പറഞ്ഞ് നടന്നവരായിരുന്നല്ലോ ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍…. അവരുടെ മുഖത്തേക്കാണ് സുപ്രീം കോടതിയുടെ സിക്‌സര്‍ പതിച്ചിരിക്കുന്നത്.

അനുരാഗ് ഠാക്കുറും അജയ് ഷിര്‍ക്കെയുമെല്ലാം ഒരു മണിക്കൂറിനുള്ളില്‍ കോടികളുടെ ക്രിസ് വീടേണ്ടി വന്നു. സുപ്രീം കോടതി വളരെ കൃത്യവും വ്യക്തവുമായി പറഞ്ഞു-ഓഫീസില്‍ ഇരിക്കരുതെന്ന്. ആലോചിക്കു-കോടികളുടെ സ്വത്തുമായി അതിന് മുകളില്‍ കയറിയിരുന്ന് ഉച്ചത്തില്‍ സംസാരിച്ചവരോടാണ് കോടതി പറഞ്ഞത് ഇറങ്ങി പോവാന്‍… അവര്‍ ഇറങ്ങാന്‍ നിര്‍ബന്ധിതരായി. ഇത്തരത്തിലൊരു വിപ്ലവം നമ്മുടെ സ്‌പോര്‍ട്‌സില്‍ ഇത് വരെയുണ്ടായിട്ടില്ല. സ്വയം ഭരണത്തിന്റെ പേരില്‍ എല്ലാവരെയും പേടിപ്പിച്ചിരുന്നു ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍. സുരേഷ് കല്‍മാഡി, അഭയ്‌സിംഗ് ചൗട്ടാല തുടങ്ങിയ കളളന്മാരെ വീണ്ടും കസേരയില്‍ അവരോധിക്കാനുളള തീരുമാനത്തെ കേന്ദ്രവും ജനങ്ങളും ചോദ്യം ചെയ്തപ്പോള്‍ ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞത് തങ്ങളെ തൊടരുതെന്നാണ്. അവര്‍ക്ക് കൂടിയുള്ള മുഖത്തടിയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

ഇന്ത്യ മധുര മനോഹര ജനാധിപത്യ റിപ്പബ്ലിക്കാണ്. നമ്മുടെ ഭരണകൂടം പറയാറുണ്ട്-ഇവിടെ ജനമാണ് വലുതെന്ന്. പക്ഷേ ഭരണത്തിലെത്തിയാല്‍ ജനത്തെ മറന്ന് തന്നിഷ്ടം നടപ്പാക്കുന്നവരാണ് ഭരണാധികാരികള്‍. അവരെ പോലും നിശ്ചലരും നിശബ്ദരുമാക്കി ക്രിക്കറ്റുകാര്‍ മുന്നേറിയപ്പോള്‍ മൗനത്തിന്റെ പുതപ്പിലേക്ക് എല്ലാ ജനാധിപത്യവാസികളും പിന്‍വലിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനെ എത്രമാത്രം രാഷ്ട്രീയ കുലപതിമാര്‍ വിഴുങ്ങി എന്നതിനുളള ഉത്തമ ഉദാഹരണമായിരുന്നു ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ വിസമ്മതിച്ച ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഒരു നേതാവ് പോലും വിരലനക്കാതിരുന്നത്.

ഓര്‍ത്തു നോക്കു- ഒരു രാഷ്ട്രീയ വിഷയത്തിലാണ് സുപ്രീം കോടതി വിധി നടത്തുന്നതെങ്കില്‍ ആ വിധിയില്‍ പരാമര്‍ശിക്കപ്പെടുന്നയാളെ കടിച്ചു വലിക്കില്ലേ മറ്റ് രാഷ്ട്രീയ കക്ഷികള്‍. ആരോപണ വിധേയന്റെ രക്തം വലിച്ചു കുടിക്കില്ലേ എല്ലാവരും. പക്ഷേ ക്രിക്കറ്റിലേക്ക് വന്നപ്പോള്‍ സുപ്രീം കോടതി രണ്ട് തവണ വ്യക്തമായി ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ചിട്ടും കാക്കത്തൊള്ളായിരം വരുന്ന ദേശീയ കക്ഷികളും പ്രാദേശിക കക്ഷികളും ക…മ എന്ന രണ്ടക്ഷരമെങ്കിലും മിണ്ടിയോ…? ഇല്ല. ബോര്‍ഡിനെ ഭരിക്കുന്നത് ബി.ജെ.പി ക്കാരനായ അനുരാഗായിട്ട് പോലും കോണ്‍ഗ്രസിന്റെ കിലാഡികള്‍ അനങ്ങിയില്ല. ലാലുവും മുലായവും തുടങ്ങി ക്രിക്കറ്റ് അറിയാതിരുന്നിട്ടും ക്രിക്കറ്റ് ഭരണത്തില്‍ താല്‍പ്പര്യമെടുത്തവരെല്ലാം മൗന നിലപാടാണ് സ്വീകരിച്ചത്.ജനാധിപത്യ രാജ്യത്ത് ജനത്തെ നോക്കുകുത്തിയാക്കി ചിലര്‍ കോടികളുടെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ ഏറ്റവും അവസാനത്തെ ആലംബമായിരുന്നു നീതിപീഠം. അവരാണിപ്പോള്‍ വിപ്ലവം നടത്തിയിരിക്കുന്നത്. കോടതിയുടെ ഈ ഇടപെടല്‍ ക്രിക്കറ്റ് ബോര്‍ഡിന് മാത്രമല്ല-കായിക രംഗത്തെ എല്ലാ താപ്പാനകള്‍ക്കും മുന്നറിയിപ്പാണ്. കസേരയില്‍ അടയിരുന്ന് കിട്ടുന്നതെല്ലാം പോക്കറ്റിലാക്കി ഞാനാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് എന്ന് പ്രഖ്യാപിക്കുന്ന ലൂയി പതിനാലാമന്മാരുടെ ലോകത്ത് ഹിറ്റ്‌ലറുടെ റോളിലാട്ടെ നീതിപീഠം.

ചില ഘട്ടങ്ങളില്‍ ഹിറ്റ്്‌ലര്‍മാര്‍ വരണം-ചിലതെല്ലാം നന്നാക്കാന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ചിലര്‍ മാത്രമാണ് കൊള്ളക്കാര്‍. ക്രിക്കറ്റ് എന്ന ഗെയിമിനെ വളര്‍ത്താനും പരിപോഷിപ്പിക്കാനും സജീവമായി പ്രൊഫഷണലിസമെന്ന മുദ്രാവാക്യത്തില്‍ എത്രയോ പേര്‍ ജോലി ചെയ്യുന്നു. കേരളം തന്നെ ഉദാഹരണം-കെ.സി.എയുടെ ആഭിമുഖ്യത്തില്‍ നല്ല പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.
എല്ലാ ജില്ലകളിലും ക്രിക്കറ്റ് മൈതാനങ്ങളും ക്രിക്കറ്റ്് ക്ലിനിക്കുകളുമെല്ലാമായി ആരോഗ്യകരമായി കാര്യങ്ങള്‍ പോവുന്നു. ഇനി ശക്തമായ പ്രൊഫഷണലിസവും സുതാര്യയമായ ക്രിക്കറ്റ് ഭരണവും വരട്ടെ. അഹന്തയുടെ പാത വിട്ട് നയതന്ത്രത്തിന്റെ ജനാധിപത്യ പാതയില്‍ വരട്ടെ ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍.