ranjith

മാർക് സുക്കർബർഗ് ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കുന്നുണ്ടെങ്കിൽ അതൊരൊറ്റ കാര്യം ആലോചിച്ചായിരിക്കും. അമേരിക്കയിലെ കുത്തക നിരോധന നിയമങ്ങളിൽ കുരുങ്ങി കമ്‌‌പനി വിഭജിച്ച് നൂറു കഷ്ണങ്ങളായി പോകുന്ന സ്വപ്നം കണ്ടായിരിക്കണം അത്. 1982 ൽ ടെലികോം രംഗത്തെ മൄഗീയ കുത്തകയായിരുന്ന ബെൽ ലാബ്‌‌സ്സിനെ ഫെഡറൽ ട്രേഡ് കമ്മീഷൻ 32 ചെറു കമ്പനികളാക്കി വിഭജിച്ചിരുന്നു. അതിനു ശേഷം പല കുത്തകളുടെ സാരഥികൾക്കും ആൻറി മൊണോപ്പളി നിയമങ്ങൾ പേടി സ്വപ്നം ആണ്.

ഈ പേടി സമർത്ഥമായി വിനയോഗിച്ച ഒരു മനുഷ്യനുണ്ട്. സ്‌‌റ്റീവ് ജോബ്സ്. ഒരു പക്ഷെ ബിസിനസ്സ് വാർ സ്‌‌റ്റോറികളിലെ ഏറ്റവും മനോഹരമായ ഏടുകളിൽ ഒന്നാണത്.

1998 ൽ സ്‌‌റ്റീവ് ജോബ്സ് ആപ്പിളിൽ തിരിച്ചെത്തിയ സമയം. കമ്പനി മൂന്നുമാസം ഓടിച്ചു കൊണ്ട് പോകാനുള്ള കാശെ ബാങ്കിലുള്ളു. സ്‌‌റ്റീവ് ജോബ്സ് തൻറെ ആജൻമ ശത്രുവായ ബിൽ ഗേറ്റ്‌‌സിനെ വിളിക്കുന്നു. കമ്പനി പൂട്ടേണ്ടി വരുമെന്ന കാര്യം അവതരിപ്പിച്ചു. ബിൽ ഗേറ്റ്‌‌സ് ഫെഡറൽ ട്രേഡ് കമ്മീഷൻറെയും, ജസ്‌‌റ്റിസ് ഡിപ്പാർട്‌‌മെൻറിൻറെയും അന്വേഷണം നേരിടുന്ന സമയമാണ്. കുത്തക നിരോധന നിയമങ്ങളിൽ കുരുങ്ങി മൈക്രോസോഫ്‌‌റ്റ് വിഭജിച്ചു പോകുമെന്ന പേടി കാരണം ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന സമയം. ബില്ലിനെ സമ്ബന്ധിച്ചിടത്തോളം ആകെ അവശേഷിക്കുന്ന ഒരു എതിരാളി ഇല്ലാതാകുക എന്നത് ആലോചിക്കാനെ പറ്റില്ല. ആപ്പിളിനെ ചൂണ്ടി തങ്ങൾക്ക് എതിരാളികളുണ്ടെന്ന് സമർത്ഥിച്ച് രക്ഷപെട്ട് നിൽക്കുന്ന സമയമാണ്. ആപ്പിൾ പൂട്ടിയാൽ മൈക്രോസോഫ്‌‌റ്റ് ഇല്ലാതാകും. ബിൽ ഗേറ്റ്‌‌സിൻറെ അവസ്ഥ കൄത്യമായി മനസ്സിലാക്കിയാണ് സ്‌‌റ്റീവ് ജോബ്സ് വിളിക്കുന്നത്. മൈക്രോസോഫ്‌‌റ്റ് ആപ്പിളിന് $150 മില്യണ് ഡോളർ കൊടുക്കാൻ ധാരണയായി. പകരം ആപ്പിൾ മാക്കിലെ ഡീഫോൾട്ട് ബ്രൌസർ ഇൻറർനെറ്റ് എക്സ്‌‌പ്ലോററും ആയിരിക്കും എന്നും ധാരണയായി. ആപ്പിൾ രക്ഷപെട്ടു. മൈക്രോസോഫ്‌‌റ്റിനെക്കാൾ വളർന്നു. ബിൽ ഗേറ്റ്സിൻറെ പേടി സമർത്ഥമായി വിനയോഗിച്ചതിൻറെ പരിണിത ഫലം.

കുത്തക നിവാരണം എന്നത് ക്യാപ്പിറ്റലിസത്തിൽ അന്തർലീനിയമായൊരു വ്യവസ്ഥയാണ്. പുതിയ ബിസിനസ്സ് സംരംഭങ്ങൾക്ക് മാർക്കെറ്റിൽ ഇറങ്ങാൻ അവസരമുണ്ടാക്കാനും, പുതിയ ഇന്നവേറ്റീവ് പ്രോഡക്ടുകൾ നിർമ്മിക്കാനും ഉതകുന്ന ഒരു എക്കോസിസ്‌‌റ്റം വളർത്താനായാണ് ക്യാപ്പിറ്റിലിസം കുത്തകളെ നിവാരണം ചെയ്യാൻ മുതിരുന്നുത്. ഒരു സംരംഭകന് മാർക്കെറ്റിൽ എത്താനുള്ള പ്രതിബന്ധം നീക്കുകയും, ഉപഭോക്താക്കൾക്ക് നീതിയുക്തമായൊരു വില ഉറപ്പാക്കുകു എന്നതുമാണ് കുത്തക നിവാരണ നിയമങ്ങളുടെ ലക്ഷ്യം. കമ്മ്യൂണിസ്‌‌റ്റുകളെ കാൾ കുത്തകകളെ പേടി ക്യാപ്പിറ്റിലിസ്‌‌റ്റിനാണ്.

അതിനാൽ ഫേസ്ബുക്, ഗൂഗിൾ പോലുള്ള കമ്പനികൾ തങ്ങളുടെ കുത്തക സാന്നിദ്ധ്യം കുറച്ചു കാണിക്കാൻ ശ്രമിക്കും. ഒരു പോംവഴി തങ്ങൾ അല്ലാത്തതെന്തൊ അതിനെ ഫോക്കസ് ചെയ്ത് അവതരിപ്പിക്കുക എന്നതാണ്. ഉദാഹരണം. ഗൂഗിൾ. ഗൂഗിൾ സേർച്ച് എഞ്ചിനിലെ കുത്തകയാണ്. 68% ആണ് അവരുടെ മാർക്കെറ്റ് ഷെയർ. മൈക്രോസോഫ്‌‌റ്റും, യാഹുവും 19% വും 10% വും വച്ചാണ്. ഈ കുത്തക നിവാരണ നിയമങ്ങളിൽ നിന്ന് രക്ഷപെടാൻ ഗൂഗിൾ സ്വയം അവതരിപ്പിക്കുന്നത് അവരൊരു ഓണ്‌‌ലൈൻ അഡ്വർട്ടൈസ്മെൻറ് കമ്പനി ആയിട്ടാണ്. തങ്ങൾ സേർച്ച് എഞ്ചിൻ കമ്പനിയാണെന്ന് അവകാശപ്പെട്ടാലല്ലെ കുത്തക നിയമം ബാധകമാകുകയുള്ളു. $450 ബില്യണ്ടെ മാർക്കെറ്റാണ് ഓണ്ലൈൻ അഡ്വർട്ടൈസിംഗിൻറെത് (ലോകം മൊത്തമെടുത്താൽ). ഗൂഗിൾ അതിൻറെ 3.4% മാത്രമേ ഉള്ളു. നീ കുത്തകയല്ലേ എന്ന് ചോദിച്ചു വരുന്നവരോട് ഫോക്കസ് അൽപം മാറ്റി അവതരിപ്പിക്കുമ്പോൾ അവർ തീരെ ചെറിയ കമ്പനി ആയത് കണ്ടൊ.? വേറൊരു പോംവഴി എതിരാളികളെ പർവ്വതീകരിച്ചു കാണിക്കുക എന്നതാണ്. ബിൽ ഗേറ്റ്സ് ആപ്പിളിനെ ചൂണ്ടി രക്ഷപെട്ട് നിന്നത് ഈ സ്‌‌ട്രാറ്റജി ഉപയോഗിച്ചാണ്. അല്ലെങ്കിൽ സ്വയം കാശു മുടക്കി കോംപറ്റീഷനെ മാർക്കെറ്റിൽ നില നിർത്തുക. മൈക്രോസോഫ്‌‌റ്റ് ആപ്പിളിന് കാശു കൊടുത്തതാണ് ഉദാഹരണം

ഇനി കുത്തക നിവാരണ നിയമങ്ങൾ ഇല്ലാത്ത രാജ്യങ്ങളിലെ സ്ഥിഥിഥി എന്താണ് ?

അതിന് ഉദാഹരണമാണ് കാർലോസ് സ്ലിം. ലോകത്തെ ഏറ്റവും വലിയ പണക്കാരുടെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ കാർലോസ് സ്ലിമ്മും ഉണ്ടാകും. ബിൽ ഗേറ്റ്‌‌സിനും, വാറൻ ബഫറ്റിനും ഒപ്പം തന്നെ. മെക്സിക്കൊയിൽ നിന്നുള്ള ബിസ്സിനസ്സ് കാരനാണ്. കാർലോസ് സ്ലിം കാശുണ്ടാക്കിയത് മെക്സിക്കോയുടെ ടെലിക്കോം കമ്പനിയായ Telemax (ഇൻഡ്യയിലെ BSNL ന് സമം) സ്വന്തമാക്കിയതോടെയാണ്. 1990 ൽ മെക്സിക്കൻ പ്രസിഡൻറ് ടെലിമാക്സ് പ്രൈവറ്റൈസ് ചെയ്യാൻ മുതിർന്നപ്പോളാണ് സ്ലിമ്മിന് ഇത് സാദ്ധ്യമായത്. ടെലിമാക്സിൻറെ 51% ഷെയർ ഒരു ചില്ലിക്കാശു മുടക്കാതെ സ്ലിമ്മിന് വാങ്ങിച്ചെടുക്കാനായി. ഈ വില ടെലിമാക്സിൻറെ ഷെയറുകളുടെ ഡിവഡൻറുകളിലൂടെ വർഷങ്ങളെടുത്ത് തിരിച്ചടച്ചാണ് വിൽക്കൽ സമയത്ത് കാശു കൊടുക്കാതെ രക്ഷപെട്ടത്. സ്ലിമ്മിന് പ്രസിഡൻറ് കാർലോസ്സുമായുള്ള വ്യക്തിപരമായ ബന്ധങ്ങളാണ് ഇത്തരം പരാക്രമങ്ങൾ സാദ്ധ്യമാക്കിയത്. Avantel എന്ന കമ്പനി കുത്തക നിവാരണ നിയമങ്ങളിലൂടെ സ്ലിമ്മിനെ കുടുക്കാൻ ശ്രമിച്ചപ്പോൾ “recurso de amparo” എന്നൊരു നിയമത്തിൻറെ പഴുതുപയോഗിച്ച് സ്ലിമ്മിന് രക്ഷപെടാനും സാധിച്ചു. recurso de amparo എന്ന് പേര് കേട്ടാൽ വലിയക്കാട്ടെ എന്തൊ നിയമം ആണെന്ന് തോന്നും. “ഇതെനിക്ക് ബാധകമല്ല” എന്നേ അർതഥമുള്ള. പണ്ട് സുഹൄത്തുക്കളൊന്നിച്ച് ക്രിക്കറ്റ് കളിക്കുമ്പോൾ ബാറ്റും ബോളും കൊണ്ട് വരുന്നവന് കളിയിലെ നിയമങ്ങളിൽ ചില അയവു നൽകിയിരുന്നു. അതു പോലൊരു ബാലിശമായ നിയമം ആണിത്.

ബിൽ ഗേറ്റ്സും, മാർക്ക് സുക്കർബർഗ്ഗും ഒക്കെ കാശുണ്ടാക്കിയത് ഇന്നൊവേറ്റീവായൊരു പ്രോഡക്ട് മാർക്കെറ്റിലെത്തിച്ചാണ്. കുത്തക നിവാരണ നിയമങ്ങളോട് മല്ലിട്ടാണ് അവർ കാശു കാരനായത്. കാർലോസ് സ്ലിമ്മിന് യാതൊരു വിധ ഇന്നവേഷൻ ബാദ്ധ്യതകളുമില്ല. ആരോ ഉണ്ടാക്കിയ സാധനം വെറും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു കൈക്കലാക്കിയാണ് കാർലോസ് കാശു കാരനായത്. ഇതിനാണ് ക്രോണി ക്യാപ്പിറ്റലിസം എന്ന് പറയുന്നത്.

ഇൻഡ്യ നിലവിൽ ഒരു അഗ്രിക്കൾച്ചറൽ സൊസൈറ്റിയിൽ നിന്ന് യന്ത്രവത്‌‌കൄത ക്യാപ്പിറ്റലിസ്‌‌റ്റ് സൊസൈറ്റിയിലേയ്‌‌ക്കുള്ള പ്രയാണത്തിൻറെ പ്രാരംഭ ഘട്ടത്തിലാണ്. കുത്തക നിവാരണ നിയമങ്ങൾ ഒന്നും കൄത്യമായി പരിണമിച്ചിട്ടില്ല. ചില ഫ്യൂഡൽ അംശങ്ങൾ ഇപ്പോഴും ഇക്കണോമിയിൽ നില നിൽക്കുന്നുണ്ട്. അതിനാൽ സുതാര്യമായൊരു ക്യാപ്പിറ്റലിസ്‌‌റ്റ് ഇക്കണോമിയെക്കാൾ ഒരുതരം ക്രോണി ക്യാപ്പിറ്റലിസത്തിൻറെ അംശങ്ങളുടെ ലക്ഷണം അവിടിവിടെ കാണാം. വിദേശ നിക്ഷേപകരിലും ഈ ആശങ്ക നിലവിലുണ്ട്. എന്നിരുന്നാലും ഇൻഡ്യയിൽ ജനാധിപത്യത്തിൻറെ വേരുകൾ വളരെ ആഴ്‌‌ന്നിറങ്ങിയിട്ടുണ്ട്. മെക്സിക്കോയിലെ അവസ്ഥ ഇൻഡ്യയിൽ ഉണ്ടാവില്ലെന്നുറപ്പാണ്.