രാജ്‌കോട്ട്: സെഞ്ച്വറികള്‍ അരങ്ങുവാണ രാജ്‌കോട്ട് പിച്ചില്‍ ഒടുവില്‍ ഭാഗ്യ കടാക്ഷവും ക്യാപ്റ്റന്‍ കൊഹ്്‌ലിയും പ്രതിരോധം തീര്‍ത്തപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ സമനില കൊണ്ട് രക്ഷപ്പെട്ടു.
310 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 52.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിച്ചു. ഇന്ത്യയുടെ ആറു ബാറ്റ്‌സ്മാന്‍മാരെ മടക്കി ഇംഗ്ലീഷ് ബൗളര്‍മാര്‍ അട്ടിമറി സൃഷ്ടിച്ചേക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ക്യാപ്റ്റന്‍ വിരാട് കൊഹ്്‌ലിയും (49*) രവീന്ദ്ര ജഡേജയും (32*) നങ്കൂരമിട്ട് കളിച്ചതോടെ അധികം നഷ്ടം കൂടാതെ ഇന്ത്യ സമനില കൊണ്ട് രക്ഷപ്പെട്ടു.
ഇംഗ്ലണ്ടിനു വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ ആദില്‍ റഷീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇരു ഇന്നിങ്‌സുകളിലുമായി ലഗ്‌സ്പിന്നര്‍ ഏഴ് ഇന്ത്യന്‍ വിക്കറ്റുകളാണ് പിഴുതത്. 310 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം നിരാശയോടെയായിരുന്നു.
സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ തട്ടിയും മുട്ടിയും ക്രീസില്‍ തുടര്‍ന്ന വെറ്ററന്‍ ഓപണര്‍ ഗൗതം ഗംഭീറിനെ (0) ആദം വോക്‌സ് പുറത്താക്കി. സ്‌കോര്‍ 47ല്‍ നില്‍ക്കെ 18 റണ്‍സെടുത്ത പൂജാരയെ ആദില്‍ റഷീദ് വിക്കറ്റിന് മുന്നില്‍ കുരുക്കി. നിരവധി തവണ ഭാഗ്യം കൊണ്ട് പുറത്താകലില്‍ നിന്നു രക്ഷപ്പെട്ട ഓപണര്‍ മുരളി വിജയിനെ (31) കൂടി പുറത്താക്കി റഷീദ് ഇന്ത്യയെ ഞെട്ടിച്ചു. പിന്നാലെയെത്തിയ അജിന്‍ക്യ രഹാനെ (1) മോയിന്‍ അലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയതോടെ നാലിന് 71 എന്ന നിലയില്‍ ഇന്ത്യ പരാജയം മണത്തു. ആദ്യ ഇന്നിങ്‌സില്‍ നന്നായി ബാറ്റു വീശിയ അശ്വിന്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല. 32 റണ്‍സെടുത്ത അശ്വിനെ അന്‍സാരി പുറത്താക്കി.
വൃദ്ധിമാന്‍ സാഹ ഒമ്പത് റണ്‍സുമായി റഷീദിന് കീഴടങ്ങിയതോടെ ആറിന് 132 എന്ന നിലയില്‍ ഇന്ത്യ പരുങ്ങി. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കൊഹ്്‌ലിയും ജഡേജയുമാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 537 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറിയും (130) കന്നി മത്സരം കളിക്കുന്ന കൗമാര താരം ഹസീബ് ഹമീദിന്റെ (82) അര്‍ധ സെഞ്ച്വറിയുമായിരുന്നു ഇംഗ്ലീഷ് രണ്ടാം ഇന്നിങ്‌സിന്റെ ഹൈലൈറ്റ്.
243 പന്തുകളില്‍ നിന്നായിരുന്നു കുക്ക് തന്റെ 30-ാം ശതകം പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ കുക്ക് നേടുന്ന അഞ്ചാം സെഞ്ച്വറിയാണിത്.
ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന വിദേശ താരമെന്ന ബഹുമതി ഇംഗ്ലീഷ് ക്യാപ്റ്റന് സ്വന്തമായി. കുക്ക് പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ബെന്‍സ്‌റ്റോക്‌സ് 29 റണ്‍സുമായി പുറത്താകാതെ നിന്നു. 177 പന്തുകള്‍ നേരിട്ട ഹമീദ് കുക്കിന് മികച്ച പിന്തുണയാണ് നല്‍കിയത്.
ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിങ് കൂട്ടുകെട്ടാണിത്. ഓസീസിനെതിരെ ഗൗതം ഗംഭീറും വീരേന്ദര്‍ സെവാഗും ചേര്‍ന്നെടുത്ത 182റണ്‍സാണ് റെക്കോര്‍ഡ്.
രണ്ട് ഇന്നിങ്‌സുകളിലുമായി ആറു സെഞ്ച്വറികള്‍ പിറന്ന ടെസ്റ്റില്‍ ഇരു ടീമുകള്‍ക്കും വ്യക്തമായ ആധിപത്യം ലഭിച്ചതുമില്ല. മൂന്ന് വിക്കറ്റും സെഞ്ച്വറിയും നേടിയ മോയിന്‍ അലിയാണ് കളിയിലെ താരം.
അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 17ന് വിശാഖപട്ടണത്ത് നടക്കും.
സ്്‌കോര്‍: ഇംഗ്ലണ്ട് 537, 260/3
ഇന്ത്യ 488, 172/6