Connect with us

india

വിനോദ് കെ.ജോസ് കാരവന്റെ പടിയിറങ്ങുമ്പോള്‍

ഇത്രയും കാലം അദ്ദേഹവും ടീമും ചെയ്ത അസാമാന്യവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തെ ഓര്‍മിക്കുമ്പോള്‍തന്നെ ആ മാധ്യമപ്രവര്‍ത്തകനില്‍നിന്ന് ഇതുവരെയുള്ളതിനേക്കാള്‍ മികച്ച വര്‍ക്കുകള്‍ക്കായി നമുക്ക് കാത്തിരിക്കാം….

Published

on

പി.എം ജയന്‍

അടിയന്തരാവസ്ഥയ്ക്കുശേഷം അതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങളും പ്രതിസന്ധികളും ഇന്ത്യന്‍ മാധ്യമങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നിര്‍ഭയവും നീതിപൂര്‍വവുമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ ഇന്ത്യക്കുപുറത്തുപോലും പേരെടുത്ത മാധ്യമസ്ഥാപനമാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാരവന്‍ മാഗസിന്‍. 2009 മുതല്‍ അതിന്റെ തലപ്പത്ത് (എക്സിക്യൂട്ടീവ് എഡിറ്റര്‍) ഇപ്പോള്‍ നീണ്ട 14 വര്‍ഷത്തെ സേവനത്തിനുശേഷം രാജിവെച്ച ഒരു മലയാളിയായിരുന്നു. വയനാട് സ്വദേശിയായ വിനോദ് കെ ജോസ്. കാരവന്റെ വളര്‍ച്ചയിലും അതിന്റെ പിന്നീടുള്ള സ്വഭാവരൂപീകരണത്തിലും നിര്‍ണായകപങ്ക് വഹിച്ചിരുന്ന ആ മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് നമുക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കാരവന്‍ ചെയ്ത സ്റ്റോറികള്‍ തങ്കലിപികളില്‍തന്നെ മാധ്യമചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.
നേരത്തെ മലയാളത്തില്‍ ഇറങ്ങിയ ഫ്രീപ്രസ് ജേര്‍ണലിന്റെ പത്രാധിപര്‍ എന്ന നിലയില്‍ വിനോദിനെ ദൂരെനിന്ന് അറിയാമായിരുന്നു. അദ്ദേഹം ജയിലില്‍ പോയി സാഹസികമായിചെയ്ത അഫ്‌സല്‍ ഗുരുവിന്റെ(പാര്‍ലമെന്റ് ആക്രമണകേസില്‍ പിന്നീട് തൂക്കിക്കൊല്ലപ്പെട്ടയാള്‍) അഭിമുഖം(ഇന്ത്യന്‍ എക്സപ്രസ്സില്‍) മലയാളത്തിലേക്ക് കൊടുക്കുന്നതിന്റെ അനുമതി തേടി വിളിച്ചപ്പോഴാണെന്ന് തോന്നുന്നു ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് കാരവനിലെ സ്റ്റോറികള്‍ ചിലത്(അസിമാനന്തയുടെ സുദീര്‍ഘമായ അഭിമുഖവും ജഡ്ജ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച സ്റ്റോറികളും ഉള്‍പ്പെടെ…)ഞങ്ങളുടെ ആഴ്ചപ്പതിപ്പിലേക്ക് റീപ്രൊഡ്യൂസ് ചെയ്തിരുന്നു. അക്കാലത്തുണ്ടായിരുന്ന അടുപ്പം ആത്മസൗഹൃദമായി വളരുകയായിരുന്നു.
യു.പി.എ സര്‍ക്കാരിന്റെ കാലത്തെ അവിശുദ്ധ രാഷ്ട്രീയ ബന്ധങ്ങളെയും അഴിമതിയെയും തുറന്നുകാട്ടുന്നതിന് പുറമെ പിന്നീട് അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണകൂടത്തിന്റെ ആശയാടിത്തറ ചോദ്യം ചെയ്യുന്ന നിരവധി സ്റ്റോറികള്‍ കാരവനിലൂടെ പ്രത്യക്ഷപ്പെട്ടു. മോദിയെയും അമിത്ഷായെയും മാത്രമല്ല, അവരുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും അദാനിയെയും റിയലന്‍സിനെയും വരെ പ്രതിസന്ധിയിലാക്കുന്ന അന്വേഷണാത്മക സ്റ്റോറികള്‍……കാരവന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും ഇത്തരം കവര്‍സ്റ്റോറികളിലൂടെയാണ്. വര്‍ഷങ്ങളോളം സമയമെടുത്ത് ഡാറ്റകളും വസ്തുതകളും കണ്ടെത്തി തയ്യാറാക്കുന്ന ഇവരുടെ റിപ്പോര്‍ട്ടുകള്‍ ആത്മാഭിമാനമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏവര്‍ക്കും ആവേശം പകരുന്നതായിരുന്നു. നരേന്ദ്രമോദിയുടേത് ഉള്‍പ്പെടെ നിരവധി വ്യക്തികളുടെ ദീര്‍ഘമായ പ്രൊഫൈല്‍ കാരവന്റെ പ്രത്യേകതയാണ്.(മോദിയുടെ പ്രൊഫൈല്‍ ചെയ്തത് വിനോദ് ആണ്) പുസ്തകംപോലെ കനപ്പെട്ട കണ്ടന്റുകളായിരുന്നു അവരുടെ ഓരോ കവര്‍സ്റ്റോറിയും. മറ്റു പലയിടത്തും വെളിച്ചം കാണാത്ത സ്റ്റോറികള്‍ ഹിന്ദുത്വഫാഷിസ്റ്റ് ഭരണകാലത്ത് വന്നത് കാരവനിലൂടെയാണ്. ദി വീക്കിന്റെ റിപ്പോര്‍ട്ടര്‍ ആയിരുന്ന നിരഞ്ജന്‍ താക്ലെയുടെതായിരുന്നു കാരവനില്‍ പ്രസിദ്ധീകരിച്ച ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ജഡ്ജ് ലോയയുടെ സഹോദരിയുടെയും അചഛന്റെയും അഭിമുഖം. ദി വീക്കില്‍ കൊടുക്കാതായപ്പോള്‍ കാരവന്‍ അതിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. അതിനെത്തുടര്‍ന്ന് ലോയയുടെ മരണം കൊലപാതകമാണെന്ന് സൂചന നല്‍കുന്ന 25 ഓളം സ്റ്റോറികള്‍ കാരവന്‍ പ്രസിദ്ധീകരിച്ചു. ലോയമരണം അന്വേഷിക്കാന്‍ സുപ്രീംകോടതിയില്‍ എത്തിയ പെറ്റീഷന്‍ തള്ളിയതിനെത്തുടര്‍ന്നാണ് ഇന്ത്യയിലാദ്യമായി നാലോളം ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനം നടത്തിയ വിവാദ സംഭവമുണ്ടായത്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ എണ്ണമറ്റ സ്റ്റോറികള്‍ പിന്നെയും വന്നു. ഇന്ത്യയിലെ ലഗസി മീഡിയകളെയെല്ലാം സംഘപരിവാര്‍ ഭരണകൂടം വിലയ്ക്കെടുത്തുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു കാരവന്‍ ഇതൊക്കെ ചെയ്തുകൊണ്ടിരുന്നത്. ഇന്ത്യയിലെ ഒരു കുത്തക കോര്‍പറേറ്റിനെതിരെ കവര്‍ സ്റ്റോറി ചെയ്തപ്പോള്‍ കോപ്പികളെല്ലാം അവരുടെ ദല്ലാളന്മാര്‍ വാങ്ങി മാര്‍ക്കറ്റില്‍ കാരവന്‍ ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ച കഥ വിനോദ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇതിന് പുറമെ കര്‍ഷകസമരം നടക്കുന്ന വേളയില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം ട്വീറ്റ് ചെയ്തതിനെത്തുടര്‍ന്ന് വിനോദ് ഉള്‍പ്പെടെ ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യാദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. അഞ്ചോളം സംസ്ഥാനത്തില്‍നിന്ന് പത്തോളം കേസുകള്‍. അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്. മാധ്യമസ്ഥാപനത്തെ പ്രതിസന്ധിയിലാക്കാന്‍വേണ്ടിതന്നെ മറ്റനവധി കേസുകളും വന്നുകൊണ്ടേയിരുന്നു.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തില്‍ ഇക്കാലത്ത് മാതൃകയായി കാരവന്‍ അല്ലാതെ മറ്റെത്ര മാധ്യമങ്ങളാണ് ഉള്ളത് എന്നറിയില്ല. കോവിഡ് കാലത്തും ഈ പ്രസിദ്ധീകരണം നിലനിര്‍ത്തുന്നതിന് വിനോദും ടീമും എടുത്ത ഏഫര്‍ട് ഏറെയായിരുന്നു. കോവിഡ് കാലത്ത് ഡിജിറ്റലില്‍ സബ്സ്‌ക്രിപ്ഷന്‍ വ്യവസ്ഥയില്‍ വിജയകരമായി നടത്തിയ അപൂര്‍വാനുഭവും ചിലപ്പോള്‍ കാരവന് മാത്രം അവകാശപ്പെട്ടതാണ്. എല്ലാ മാധ്യമങ്ങളും പൂട്ടുകയും അല്ലാത്തവ ഭരണകൂടത്തിനൊപ്പം സഞ്ചരിക്കുയും ചെയ്യുമ്പോഴാണ് വിനോദ് നല്ല ജേണലിസത്തിന് വായനക്കാര്‍ പണം തന്ന് സഹായിക്കാന്‍ തയ്യാറാണെന്ന് തെളിയിച്ചത്.
ഇത്രയും എഴുതിയത് സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ അസാധ്യമായിക്കൊണ്ടിരിക്കുന്ന സങ്കീര്‍ണമായ ചരിത്രഘട്ടത്തില്‍ വിനോദിനെപ്പോലെ ഏറെ ക്രഡിബിലിറ്റിയും ധീരതയും കഴിവുമുള്ള മാധ്യമപ്രവര്‍ത്തകന്‍ കാരവന്‍ ഒഴിയുന്നു എന്ന വാര്‍ത്ത അറിയുമ്പോഴുള്ള നേരിയ വേദന പങ്കുവെക്കാനാണ്. ഏറെക്കാലം ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് നിരവധി ജേര്‍ണലിസ്റ്റുകളെക്കൊണ്ട് മികച്ച സ്റ്റോറികള്‍ ചെയ്യിക്കുകയായിരുന്നതിനാല്‍ സ്വന്തമായി വര്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയ കാര്യവും നേരത്തെ ഉറപ്പ് കൊടുത്ത പുസ്തകമെഴുതി തീര്‍ക്കാനുള്ള കാര്യവുമാണ് വിനോദ് തന്റെ എഫ് ബി പോസ്റ്റില്‍ പറയുന്നത്. ഇത്രയും കാലം അദ്ദേഹവും ടീമും ചെയ്ത അസാമാന്യവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തെ ഓര്‍മിക്കുമ്പോള്‍തന്നെ ആ മാധ്യമപ്രവര്‍ത്തകനില്‍നിന്ന് ഇതുവരെയുള്ളതിനേക്കാള്‍ മികച്ച വര്‍ക്കുകള്‍ക്കായി നമുക്ക് കാത്തിരിക്കാം…. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

india

ഇന്ത്യക്കാര്‍ ഉടന്‍ സിറിയ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം

Published

on

തിരുനന്തപുരം: നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ സിറിയ വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. ലഭ്യമായ ഏറ്റവും നേരത്തെയുള്ള വിമാനങ്ങളില്‍ അവിടെനിന്നു മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രമിക്കണം. ഇതിനു സാധിക്കാത്തവര്‍ പരമാവധി മുന്‍കരുതല്‍ എടുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണം.

സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ ഒഴിവാക്കണം. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍ ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പറായ +963 993385973 (വാട്സ്ആപ്പിലും), അപ്ഡേറ്റുകള്‍ക്കായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.

Continue Reading

india

ഇന്ത്യന്‍ ജൂഡീഷ്യറിയിലെ ഗുരുതര പ്രശ്‌നങ്ങള്‍: സ്വകാര്യ പ്രമേയം അവതരിപ്പിച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ പുറത്ത് വിട്ട കണക്കുകൾ പ്രകാരം കേസുകൾ തീർപ്പാക്കുന്നതിലെ ഈ ആലസ്യവും അപാകതയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുസ്ലിം, ദളിത്, ആദിവാസി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളെയാണ്

Published

on

ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി രാജ്യസഭയിൽ സ്വകാര്യ പ്രമേയം അവതരിപ്പിച്ച് പി.വി അബ്ദുൽ വഹാബ് എം.പി. ജനാസംഖ്യാനുപാതികമായി ജഡ്ജിമാരുടെ എണ്ണം അടിയന്തരമായി ഉയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2002ലെ ആൾ ഇന്ത്യ ജഡ്ജസ് അസ്സോസിയഷൻ കേസിലെ വിധിപ്രകാരം 2007 ഓടെ 10 ലക്ഷം ആളുകൾക്ക് 50 ജഡ്ജിമാർ എന്ന അനുപാതത്തിലേക്ക് ഉയർത്തേണ്ടതുണ്ടെങ്കിലും നിലവിലെ കണക്കുകൾ പ്രകാരം പത്തുലക്ഷം ജനങ്ങൾക്ക് 21 ജഡ്ജിമാർ മാത്രം ഉള്ള സാഹചര്യത്തിൽ 2002ലെ സുപ്രീം കോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസുകൾ കോടതികളിൽ കെട്ടി കിടക്കുന്നതിലെ ആശങ്കയും അദ്ദേഹം അറിയിച്ചു. രാജ്യത്താകെ 4.5 കോടി കേസുകളാണ് വിവിധ കോടതികളിലായി തീർപ്പാക്കാതെ കിടക്കുന്നത്. അതിൽ തന്നെ 2.5 കോടി കേസുകളും ക്രിമിനൽ കേസുകളാണ്. ഹൈ കോടതികളിൽ ശരാശരി ഒരു കേസ് തീർപ്പാവാൻ 3 വർഷമെടുക്കുമ്പോൾ കീഴ്‌കോടതികളിൽ അത് 6 വർഷം ആവുന്നു.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ പുറത്ത് വിട്ട കണക്കുകൾ പ്രകാരം കേസുകൾ തീർപ്പാക്കുന്നതിലെ ഈ ആലസ്യവും അപാകതയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുസ്ലിം, ദളിത്, ആദിവാസി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളെയാണ്. ഇത്തരത്തിലുള്ള അപാകതകൾ കാരണം പൊതുജനങ്ങൾക്ക് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുണ്ടെന്നും അത് ഗൗരവതരമായി തന്നെ സർക്കാർ പരിഗണയ്ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി രേഖകൾ ഡിജിറ്റൽ വൽക്കരിക്കേണ്ടതിന്റെയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലങ്ങളും നൽകി രാജ്യത്തെ നീതിന്യായ വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്താണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

india

തടാകത്തിലേക്ക് കാര്‍ മറിഞ്ഞ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദില്‍ നിന്നും ഭൂതന്‍ പോച്ചംപള്ളിയിലേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്

Published

on

തെലങ്കാനയില്‍ കാര്‍ നിയന്ത്രണം തെറ്റി തടാകത്തിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ യദാദ്രി ഭുവനാഗിരി ജില്ലയിലായിരുന്നു സംഭവം. ഹൈദരാബാദില്‍ നിന്നും ഭൂതന്‍ പോച്ചംപള്ളിയിലേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ ഹര്‍ഷ, ബാലു, വംശി, ദിഗ്‌നേഷ്, വിനയ് എന്നിവരാണ് മരിച്ചത്.

അമിതവേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.തുടര്‍ന്ന് സമീപത്തെ തടാകത്തിലേക്ക് മറിയുകയുമായിരുന്നു. സംഭവമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. പരിക്കേറ്റയാളെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. മരണച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് കൈമാറും.

 

Continue Reading

Trending