ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ആശങ്കാജനകമായ സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ സമ്പത്തില്‍ 73 ശതമാനം സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന് ഓക്‌സ്ഫാം പുറത്തിറക്കിയ വാര്‍ഷിക സര്‍വ്വേയില്‍ പറയുന്നു. രാജ്യത്തെ 67 ശതമാനം വരുന്ന ദരിദ്രരുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വര്‍ധന വെറും ഒരു ശതമാനം മാത്രമാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
ലോക സാമ്പത്തിക ഫോറം ദാവോസില്‍ സമ്മേളിക്കുന്ന വേളയിലാണ് ഈ സര്‍വ്വേ പുറത്തു വന്നിരിക്കുന്നത്. ഏറെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന സര്‍വ്വെകൂടിയാണിത്. ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം, ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലെന്നായിരുന്നു മുന്‍ വര്‍ഷത്തെ സര്‍വ്വെ ഫലം. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അത് 73 ശതമാനമായി. തീവ്രമായ സാമ്പത്തിക അസമത്വത്തില്‍ രാജ്യം എത്തി നില്‍ക്കുന്നു എന്നാണിത് വ്യക്തമാക്കുന്നത്.
‘റിവാര്‍ഡ് വര്‍ക്ക്, നോട്ട് വെല്‍ത്ത്’എന്നാണ് ഓക്‌സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. 2017ല്‍ ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 20.9 ലക്ഷം കോടിയിലേറെ വര്‍ധിച്ചു. 2017-18 ലെ കേന്ദ്രസര്‍ക്കാരിന്റെ ആകെ ബജറ്റിനു തുല്യമായ തുകയാണിത്. ലോകത്ത് സാമ്പത്തിക അന്തരം വര്‍ധിച്ചു വരികയാണെന്നും ഓക്‌സ്ഫാമിന്റെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊത്തം സമ്പത്തിന്റെ 81 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനം ജനങ്ങളുടെ കൈകളിലാണുള്ളത്. മാത്രമല്ല, ലോക ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ദരിദ്രരുടെ സമ്പത്തില്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും ഉണ്ടാകുന്നില്ലെന്നും പഠനം പറയുന്നു.
ലോക ജനസംഖ്യയുടെ നാലില്‍ ഒന്നിനെ പ്രതിനിധാനം ചെയ്യുന്ന 10 രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചാണ് ഓക്‌സ്ഫാം പഠനം നടത്തിയത്. വന്‍തുക ശമ്പളം വാങ്ങുന്ന സി.ഇ.ഒമാര്‍ അവരുടെ വേതനം വെട്ടിക്കുറക്കണമെന്ന ചിന്ത സാധാരണക്കാര്‍ക്കിടയില്‍ ശക്തമാണ്. എല്ലാ രാജ്യങ്ങളും ഈ നിലപാടാണ് പ്രകടിപ്പിക്കുന്നത്. സി.ഇ.ഒമാരുടെ ശമ്പളം 40 ശതമാനം വരെ വെട്ടിക്കുറക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുമ്പോള്‍, യു.എസ്, ബ്രിട്ടന്‍, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളിലെ ജനങ്ങളെല്ലാം സി.ഇ.ഒമാരുടെ ശമ്പളം 60 ശതമാനമെങ്കിലും വെട്ടിക്കുറക്കണമെന്ന നിലപാടുള്ളവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സി.ഇ.ഒമാര്‍ സാധാരണ ജീവനക്കാരെ അപേക്ഷിച്ച് 63 മടങ്ങ് കൂടുതല്‍ ശമ്പളം പറ്റുന്നവരാണെന്ന ധാരണയാണ് ഭൂരിഭാഗം ഇന്ത്യക്കാരിലുമുള്ളത്. അത് 14 മടങ്ങെങ്കിലുമായി കുറയ്ക്കണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ സി.ഇ.ഒമാര്‍ പറ്റുന്ന ശമ്പളം സാധാരണ തൊഴിലാളികളേക്കാള്‍ 483 മടങ്ങ് കൂടുതലാണ് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Be the first to write a comment.