തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിലും പ്രസംഗങ്ങളില്‍ വലിയ വീരവാദങ്ങള്‍ മുഴക്കുന്നുണ്ട് നമ്മുടെ മുഖ്യമന്ത്രി. പാര്‍ട്ടി അണികളുടെ കയ്യടികള്‍ക്ക് വേണ്ടി സംഘപരിവാറിനെ പരമാവധി പ്രകോപിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും പ്രായോഗിക തലത്തില്‍ വട്ടപൂജ്യമാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍. ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രഖ്യാപനങ്ങള്‍ക്കും വീരവാദങ്ങള്‍ക്കും അപ്പുറം താങ്കളെന്ത് ചെയ്തു? മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങള്‍….

1. മുഖ്യമന്ത്രി: സുപ്രിംകോടതി വിധി അനുസരിച്ച് ശബരിമലയിൽ എല്ലാ യുവതികൾക്കും പ്രവേശനം അനുവദിക്കും.

ചോദ്യം: മല കയറാൻ വന്ന എത്ര യുവതികളെ പ്രവേശിപ്പിച്ചു?

2. ആചാരങ്ങൾ പ്രകാരം സർക്കാർ ഭക്തർക്കൊപ്പമായിരിക്കും.

ചോദ്യം: തൊട്ട് മുമ്പ് പറഞ്ഞതിന് വിപരീതം. ഇത് ആരെ തൃപ്തിപ്പെടുത്താൻ?

3. മുഖ്യമന്ത്രി: സംഘ്പരിവാർ പ്രായമായ സ്ത്രീകളെയും ആക്രമിക്കുന്നു.

– ചോദ്യം: ആരോടാണീ പരാതി പറയുന്നത്? താങ്കൾ തന്നെയല്ലേ ആഭ്യന്തര മന്ത്രി?

4. മുഖ്യമന്ത്രി: പൊലീസ് സേനയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു.

– ചോദ്യം: അതു നിയന്ത്രിക്കാൻ സർക്കാർ എന്തു ചെയ്തു?

5. മുഖ്യമന്ത്രി: ശബരിമലയിൽ ഡ്യൂട്ടിക്കെത്തിയ വനിതാ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡ് ജീവനക്കാർ തടഞ്ഞു.

– ചോദ്യം: ദേവസ്വം ബോർഡ് സർക്കാറിനു കീഴിലല്ലേ? എന്തു ചെയ്തു?

6. മുഖ്യമന്ത്രി: സർക്കാറിന് കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ട്.

– ചോദ്യം: എന്നിട്ട് നടപ്പാക്കാൻ കഴിയാത്തതെന്തേ?

7. മുഖ്യമന്ത്രി: യുവതികൾ മലകയറാൻ തുടങ്ങിയ സാഹചര്യത്തിൽ നട അടച്ചിടുമെന്ന് പറഞ്ഞ തന്ത്രിയും പതിനെട്ടാം പടിയ്ക്കു താഴെ സത്യാഗ്രഹം നടത്തിയ പരികർമ്മികളും സുപ്രിംകോടതി വിധിയെ അട്ടിമറിക്കാനുളള ശ്രമമണ് നടത്തിയത്.

– ചോദ്യം: പോലീസ് സംരക്ഷണം നൽകാനാവില്ലെന്നു പറഞ്ഞ് കൈയൊഴിഞ്ഞ സർക്കാർ ആ അട്ടിമറിക്ക് കൂട്ടു നിൽക്കുകയായിരുന്നില്ലേ?

8. മുഖ്യമന്ത്രി: വിശ്വാസികൾക്കെല്ലാം ശബരിമലയിൽ പോകാം. സമാധാനപരമായി അവിടേക്കു പോകുന്നതിന് സൗകര്യം ഒരുക്കൽ സർക്കാറിന്റെ ചുമതലയാണ്.

– ചോദ്യം: കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ ആ ചുമതല നിർവ്വഹിച്ചോ?

9. മുഖ്യമന്ത്രി: ബി.ജെ.പിയുടെ അജണ്ടയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംഘം കോൺഗ്രസിലുണ്ട്.

– ചോദ്യം: യുവമോർച്ച നേതാവിന്റെ പോസ്റ്റ് ഷെയർ ചെയ്യുന്ന സി.പി.എം നേതാവ് എ പത്മകുമാറിന്റെ കാര്യമോ? അയാൾ ആരുടെ അജണ്ടയാണ് നടപ്പാക്കുന്നത്?

10. മുഖ്യമന്ത്രി: ശബരിമലയിലേക്കു വരുന്ന സ്ത്രീകളുടെ വീട് കേരളത്തിൽ എവിടെയായാലും ആസൂത്രിതമായി ആക്രമിക്കുന്നു.

– ചോദ്യം: അക്രമികൾക്കെതിരെ എന്തു നടപടിയെടുത്തു?