ഇന്ത്യന്‍ രാഷ്ട്രീയം കണ്ട അപൂര്‍വ്വം പ്രതിഭാശാലികളില്‍ ഒരാളാണ് പ്രണബ് കുമാര്‍ മുഖര്‍ജി. വിവിധ അധികാര പദവികളില്‍ പ്രണബിനെ പോലെ വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കള്‍ അപൂര്‍വ്വമാണെന്നു തന്നെ പറയാം. പ്രണബിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 11 കാര്യങ്ങള്‍

1- നയതന്ത്രജ്ഞന്‍ എന്നതിന് പുറമേ, പ്രണബ് ഒരു പ്രൊഫസറായിരുന്നു എന്നത് മിക്കവര്‍ക്കും അറിയില്ല. 1963ല്‍ പശ്ചിമബംഗാളിലെ 24 സൗത്ത് പര്‍ഗാനയിലെ വിദ്യാനഗര്‍ കോളജിലാണ് ഇദ്ദേഹം അധ്യാപകനായി ജോലി ചെയ്തിരുന്നത്.

2- ബംഗാളി ന്യൂസ്‌പേപ്പര്‍ ദെഷെര്‍ ദാകില്‍ മാധ്യമപ്രവര്‍ത്തകനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

3- 1969ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പ്രണബിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. ആദ്യമായി പാര്‍ലമെന്റില്‍ എത്തിയത് രാജ്യസഭാംഗമായി

4- മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി പറയുന്നത് പ്രകാരം ദിവസം 18 മണിക്കൂര്‍ ജോലി ചെയ്തിരുന്നു അദ്ദേഹം. ജന്മനഗരമായ മിറാതിയിലേക്ക് ദുര്‍ഗാപൂജയ്ക്ക് വരുന്നത് ഒഴിച്ചാല്‍ അദ്ദേഹം ഔദ്യോഗിക ജോലിയില്‍ നിന്ന് അവധിയെടുത്തിരുന്നില്ല

5- ധനം, വാണിജ്യം, വിദേശം, സാമ്പത്തികം എന്നിങ്ങനെ സുപ്രധാനമായ നാലു മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്ത മറ്റൊരു കേന്ദ്രമന്ത്രിയില്ല.

6- 1984ല്‍ യൂറോ മണി മാഗസിന്റെ ലോകത്തെ ഏറ്റവും മികച്ച ധനമന്ത്രിയായി തെരഞ്ഞെടുത്തത് പ്രണബ് മുഖര്‍ജിയെ ആണ്. ഏഴ് ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.

7- ഇന്ദിരാഗാന്ധി മരിച്ച ശേഷം പ്രണബ് കോണ്‍ഗ്രസ് വിട്ട് രാഷ്ട്രീയ സമാജ് വാദി പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചിരുന്നു

8- നാല്‍പ്പതു വര്‍ഷമായി ഡയറി സൂക്ഷിക്കുന്നയാളാണ് പ്രണബ്. മരണത്തിനു ശേഷം അതു പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

9- ഉദാരവല്‍ക്കരണത്തിന് മുമ്പും ശേഷവും ധനമന്ത്രി പദത്തിലിരുന്ന അപൂര്‍വ്വതയും പ്രണബിനുണ്ട്

10- ഇന്ത്യയുടെ 13-ാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അഫ്‌സല്‍ ഗുരു, അജ്മല്‍ കസബ് തുടങ്ങി ഏഴു പേരുടെ ദയാഹര്‍ജിയാണ് അദ്ദേഹം തള്ളിയത്.

11- രാഷ്ട്രപതിയായിരിക്കെ സെപ്തംബര്‍ അഞ്ചിലെ അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. ന്യൂഡല്‍ഹിയിലെ പ്രസിഡണ്ട് എസ്റ്റേറ്റിലെ സെക്കന്‍ഡറി സ്‌കൂളിയായിരുന്നു അദ്ദേഹം വീണ്ടും അദ്ധ്യാപകനായത്.