കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ പരിപാടിയില്‍ പങ്കെടുത്തതിനു പിന്നാലെ പുതിയ നുണക്കഥയുമായി ആര്‍.എസ്.എസ് രംഗത്ത്. നാഗ്പൂരില്‍ പ്രണബ് മുഖര്‍ജി പ്രസംഗം നടത്തിയതിനുശേഷം ആര്‍.എസ്.എസില്‍ ചേരാനുള്ള ഓണ്‍ലൈന്‍ അപേക്ഷകളുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ധിച്ചുവെന്നാണ് ഇത്തവണത്തെ പ്രചാരണം.

പുതുതായി ലഭിച്ച അപേക്ഷകളുടെ നാല്‍പതു ശതമാനവും ബംഗാളില്‍ നിന്നാണെന്നും ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് ബിപ്ലബ് റോയ് അവകാശപ്പെടുന്നത്. ജൂണ്‍ ആറിനു വെറും 378 അപേക്ഷകളാണ് ലഭിച്ചതെന്നും എന്നാല്‍ പ്രണബ് വന്നതിനു ശേഷം 1779 പേര്‍ അംഗത്വത്തിന് അപേക്ഷിച്ചതായും ബിപ്ലബ് അവകാശപ്പെടുന്നു.

അദ്ദേഹം മുന്‍ രാഷ്ട്രപതിയും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ്. അദ്ദേഹത്തിന്റെ നാഗ്പൂര്‍ സന്ദര്‍ശനം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നുവെന്നും ബിപ്ലബ് പറഞ്ഞു.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ ക്ഷണം സ്വീകരിച്ച് പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെത്തി പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മകള്‍ ഷര്‍മിസ്ത മുഖര്‍ജി വരെ നാഗ്പൂരിലെ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പ്രണബിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചടങ്ങില്‍ അദ്ദേഹം ബി.ജെ.പിയെയോ ആര്‍.എസ്.എസിനെയോ വിമര്‍ശിച്ചാലും പങ്കെടുത്തതിന്റെ പേരില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഷര്‍മിസ്ത പറഞ്ഞിരുന്നു.

ഷര്‍മിസ്ത പറഞ്ഞതു പോലെ പ്രണബ് നാഗ്പൂര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വഴി പ്രചരിച്ചിരുന്നു. മോഹന്‍ ഭഗവതിനെ പോലെ ആര്‍എസ്എസ് തൊപ്പിയിട്ട് സെല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടിരുന്നു. ഇതില്‍ സാധാരണ വേഷത്തിലായിരുന്നു പ്രണബെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം ആര്‍.എസ്.എസിന് അനുകൂലമാക്കുന്നതായിരുന്നു.