വാരാണസി: ഗോരഖ്പൂര്‍ ശിശു കൂട്ടക്കുരുതിക്കു പിന്നാലെ ഉത്തര്‍പ്രദേശ് ആസ്പത്രിയില്‍ നിന്ന് മറ്റൊരു സംഭവം കൂടി. അനസ്‌തേഷ്യക്കു പകരം വ്യവസായിക ആവശ്യത്തിനുള്ള വിഷവാതകം ഉപയോഗിച്ചതിനെത്തുടര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു. ശസ്ത്രിക്രിയക്കിടെയാണ് ദാരുണാന്ത്യം സംഭവിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലാണ് കൂട്ടമരണം. ചികിത്സക്കു അനുവദിച്ചിട്ടില്ലാത്ത വാതകമാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു ഉപയോഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. അനസ്‌തേഷ്യ മരുന്നിനു പകരം നൈട്രസ് ഓക്‌സൈഡ് ആണ് ഡോക്ടര്‍മാര്‍ ഉപയോഗിച്ചതെന്ന് ഉത്തര്‍പ്രദേശ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നൈട്രസ് ഓക്‌സൈഡ് ഉപയോഗിക്കാന്‍ ഇടയായതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നു ആസ്പത്രി അധികൃതര്‍ പറഞ്ഞു.
അലഹബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി പരേഹത് ഇന്‍ഡസ്ട്രിയില്‍ എന്റര്‍പ്രൈസസാണ് ആസ്പത്രിയിലേക്ക് നൈട്രസ് ഓക്‌സൈഡ് വിതരണം ചെയ്തത്. എന്നാല്‍ ഈ കമ്പനിക്ക് ഒരുവിധ മെഡിക്കല്‍ വാതകങ്ങളും നിര്‍മിക്കാനോ വില്‍ക്കാനോ അനുമതിയില്ലെന്നാണ് വിവരം.