ഗോരഖ്പൂര്‍: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ബാബാ രാഘവ്ദാസ് (ബി.ആര്‍.ഡി) മെഡിക്കല്‍ കോളജില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ 28 വരെ മരിച്ചത് 290 കുഞ്ഞുങ്ങള്‍. പ്രിന്‍സിപ്പല്‍ പി.കെ സിങ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നവജാതശിശുക്കളുടെ ഐ.സി.യുവില്‍ മാത്രം 213 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മസ്തിഷ്‌ക ജ്വരം ബാധിച്ചാണ് 77 കുട്ടികള്‍ മരിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ ആസ്പത്രിയില്‍ ഇതുവരെ 1250 മരണങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ മാസമാദ്യം ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ട് 71 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചതില്‍ കുപ്രസിദ്ധി നേടിയ മെഡിക്കല്‍ കോളജാണിത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 72 കുട്ടികളാണ് മരണത്തിന് കീഴടങ്ങിയത്. മസ്തിഷ്‌ക ജ്വരം, ന്യൂമോണിയ, നവജാത ശിശുക്കളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവ മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.
ഓഗസ്റ്റ് 27,28,29 തിയ്യതികളില്‍ മസ്തിഷ്‌ക ജ്വരം വാര്‍ഡില്‍ 11 ഉം എന്‍.എന്‍.ഐ.സിയുവില്‍ 25 ഉം ജനറല്‍ പീഡിയാട്രിക് വാര്‍ഡില്‍ 25ഉം കുട്ടികള്‍ മരിച്ചു. മാസം തിരിച്ചുള്ള മരണക്കണക്കുകള്‍ ഇപ്രാകാരം; ജനുവരി (152), ഫെബ്രുവരി (122), മാര്‍ച്ച് (159), ഏപ്രില്‍ (123), മെയ് (139), ജൂണ്‍ (137), ജൂലൈ (128).
മേഖലയിലെ കനത്ത മഴ, പ്രളയം തുടങ്ങിയവ അസുഖങ്ങള്‍ പരത്താന്‍ സാധ്യതയുണ്ടെന്നും മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. ബി.ആര്‍.ഡി മെഡിക്കല്‍ കോളജിനു പുറമേ, അടുത്തുള്ള ഫാറൂഖാബാദിലെ ജില്ലാ ആസ്പത്രിയില്‍ 49 മരണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 30 പേര്‍ നവജാത ശിശുക്കളാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്‌സഭാ മണ്ഡലത്തിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കല്‍ കോളജുകളില്‍ ഒന്നായ ബി.ആര്‍.ഡി സ്ഥിതി ചെയ്യുന്നത്. മുമ്പുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ശിശു മരണം ഇല്ലാതാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിക്കുമെന്ന് യോഗി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും കാര്യങ്ങള്‍ പഴയ പടി തന്നെയെന്ന് വ്യക്തമാക്കുന്നതാണ് മരണം സംബന്ധിച്ച കണക്കുകള്‍. നേരത്തെ, പ്രാണവായു കിട്ടാതെ കുട്ടികള്‍ പിടഞ്ഞു മരിച്ച സംഭവത്തില്‍ ബി.ആര്‍.ഡി പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് മിശ്രയെയും ഭാര്യയെയും കാന്‍പൂരില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.