അവര്‍ വീണ്ടും ഒന്നിച്ചു. ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈയ്റ്റഡ്. ഡേവിഡ് ബെക്കാം അടക്കമുള്ള സംഘത്തിന്റെ പരിശീലക സ്ഥാനത്ത് സാക്ഷാല്‍ അലക്‌സ് ഫെര്‍ഗ്യൂസണും. 1999 ലെ ടീമാണ് ഒത്തുചേരല്‍ ആഘോഷമാക്കിയത്.2013 ന് ശേഷം ആദ്യമായാണ് ഓള്‍ഡ് ട്രാഫോര്‍ഡിലെ ഡഗ്ഔട്ടില്‍ സാക്ഷാല്‍ സര്‍ അലക്‌സ് ഫെര്‍ഗ്യൂസണ്‍ എത്തിയത് . പീറ്റര്‍ ഷ്‌മെക്കേല്‍, ഗാരി നെവില്‍, ഡേവിഡ് ബെക്കാം, പോള്‍ സ്‌കോള്‍സ്, ഒലേ സോള്‍ഷെയര്‍ തുടങ്ങി തലയെടുപ്പുളള താരനിര. മറുവശത്ത് ലോതര്‍ മത്തേയുസിന്റെ ബയേണ്‍ മ്യൂണിക്ക്. 1999ല്‍ ചാമ്പ്യന്‍സ് ലീഗ് അടക്കം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയ ഹാട്രിക് കിരീടത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിനാണ് ഇരുസംഘവും നേര്‍ക്കുനേര്‍ അണിനിരന്നത്.

ആരോഗ്യാവസ്ഥ മോശമായിട്ടും പ്രതീകാത്മകമായി ബൂട്ടുകെട്ടിയ ആന്‍ഡി കോളിന് പകരം ആദ്യ മിനിറ്റില്‍ തന്നെ എത്തിയത് ഇപ്പോഴത്തെ കോച്ച് ഒലേ സോള്‍ഷെയര്‍. 1999ലെ ഫൈനലില്‍ ബയേണിനെതിരെ ഇഞ്ചുറി ടൈമില്‍ വിജയഗോള്‍ നേടിയ അതേ സോള്‍ഷെയര്‍ ഓര്‍മ്മപുതുക്കലിലും താരമായി. പിന്നാലെ ഡ്വയ്റ്റ് യോര്‍ക്ക്, നിക്കി ബട്ട്, ലൂയിസ് സാഹ, ഡേവിഡ് ബെക്കാം എന്നിവരുടെ ഊഴം. യുണൈറ്റഡിന്റെ പുതുനിര ഈസീസണില്‍ നിരാശമാത്രം സമ്മാനിച്ചപ്പോള്‍ പഴയപടക്കുതിരകള്‍ ആരാധകര്‍ക്ക് സമ്മാനിച്ചത് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍.


1999ലെ ഹാട്രിക് വിജയം ആഘോഷിക്കാനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫൗണ്ടേഷനാണ് മത്സരം സംഘടിപ്പിച്ചത്.