ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഏവരും ഉറ്റു നോക്കുന്ന ഉത്തര്‍പ്രദേശില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ നിലവില്‍ വരുമെന്നാണ് ഭൂരിഭാഗം സര്‍വേകളും പ്രവചിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി ഉയര്‍ന്നുവരുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച മുന്നേറ്റം ഇത്തവണ യു.പിയില്‍ ആവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് ഇന്ത്യാ ടുഡെ-ആക്‌സിസ് സര്‍വേ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ബി.ജെ.പിയുടെ വോട്ട്‌നിലയില്‍ കുറവു വരും.
ബി.ജെ.പി-എസ്.എ.ഡി സഖ്യം ഭരിക്കുന്ന പഞ്ചാബ് ഇത്തവണ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നതാണ് എക്‌സിറ്റ് പോള്‍ സര്‍വേകളുടെ മറ്റൊരു പ്രധാന പ്രവചനം. വ്യക്തമായ ഭൂരിപക്ഷത്തോടെ പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഇന്ത്യാ ടുഡെ-ആക്‌സിസ് സര്‍വേ പ്രവചിക്കുന്നു. മാത്രമല്ല ബി.ജെ.പി- എസ്.എ.ഡി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മികച്ച പ്രകടനം പുറത്തെടുക്കുന്ന ആം ആദ്മി പാര്‍ട്ടി പ്രതിപക്ഷ കക്ഷിയായി ഉയര്‍ന്നുവരുമെന്നും സര്‍വേ പറയുന്നു. നേരത്തെതന്നെ കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തിയ സംസ്ഥാനമാണ് പഞ്ചാബ്. അമരീന്ദര്‍ സിങിന്റെ നേതൃത്വവും ക്രിക്കറ്റ് താരം സിദ്ധുവിന്റെ വരവും കോണ്‍ഗ്രസ് ക്യാമ്പിന് വലിയ ആവേശം പകര്‍ന്നിരുന്നു. അതേസമയം പഞ്ചാബില്‍ തൂക്കു സഭയായിരിക്കും നിലവില്‍ വരികയെന്നാണ് ന്യൂസ് 24 എക്‌സിറ്റ് പോള്‍ സര്‍വേ പറയുന്നത്. 54 സീറ്റാണ് കോണ്‍ഗ്രസിനും എ.എ.പിക്കും സര്‍വേ പ്രവചിക്കുന്നത്. ബി.ജെ.പി-എസ്.എ.ഡി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന പ്രവചനം ഇവരും ശരിവെക്കുന്നു.
മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കാണ് മിക്ക എക്‌സിറ്റ് പോള്‍ സര്‍വേകളും സാധ്യത പ്രവചിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന് ഇന്ത്യാ ടുഡെ-ആക്‌സിസ് സര്‍വേ പറയുന്നു. എന്നാല്‍ തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല. 403 അംഗ സഭയില്‍ 185 സീറ്റ് വരെ ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് പ്രവചനം. സമാജ്് വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന് 120 സീറ്റ് ലഭിക്കും. മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി 90 സീറ്റ് നേടുമെന്നും സര്‍വേ പറയുന്നു. 202 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ യു.പിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവൂ. അതായത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഫലിച്ചാല്‍ സര്‍ക്കാര്‍ രൂപകരിക്കുന്നതില്‍ ബി.എസ്.പി നിലപാട് നിര്‍ണായകമാകും.
62 മുതല്‍ 71 സീറ്റു വരെ നേടി പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരമുറപ്പിക്കുമെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഭരണ കക്ഷിയായ ബി.ജെ.പി-എസ്.എ. ഡി സഖ്യം കേവലം 9-15 സീറ്റിലേക്ക് ചുരുങ്ങി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പ്രവചനം. ഡല്‍ഹിക്ക് പുറത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബല പരീക്ഷണത്തിനിറങ്ങിയ എ.എ.പി 42 മുതല്‍ 51 സീറ്റ് വരെ നേടി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയാകുമെന്നും ഇന്ത്യാ ടുഡെ-ആക്‌സിസ് സര്‍വേ പ്രവചിക്കുന്നു.