ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു മുമ്പായി ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു. ബവാനയെ പ്രതിനിധീകരിക്കുന്ന വേദ് പ്രകാശ് സതീഷ് ആണ് എം.എല്‍.എ സ്ഥാനവും ആം ആദ്മി പാര്‍ട്ടി അംഗത്വവും രാജിവെച്ച് ബി.ജെ.പിയിലെത്തിയത്. നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ 272 വാര്‍ഡുകളിലേക്ക് ഏപ്രില്‍ 23-ന് തെരഞ്ഞെടുക്കാനിരിക്കെ സംസ്ഥാനം ഭരിക്കുന്ന ആപിന് വന്‍ തിരിച്ചടിയായി ഇത്.

കേജ്രിവാളിനെ മടുത്തുവെന്നും ‘വിശുദ്ധനായ’ നരേന്ദ്ര മോദിക്കു കീഴില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം കൊണ്ടാണ് പാര്‍ട്ടി മാറുന്നതെന്നും വേദ്പ്രകാശ് സതീഷ് പറഞ്ഞു. ബി.ജെ.പിയില്‍ സ്ഥാനങ്ങളൊന്നും ആഗ്രഹിക്കുന്നില്ലെന്നും സത്യസന്ധതയോടെ ജോലി ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും വേദ്പ്രകാശ് പറയുന്നു.

ഡല്‍ഹി മുനിസിപ്പല്‍ ഭരണത്തില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിടുന്ന ബി.ജെ.പി ആം ആദ്മി പാര്‍ട്ടിക്കെതിരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. കേജ്രിവാളിനു കീഴില്‍ ഡല്‍ഹിയിലെങ്ങും അഴിമതി നിറഞ്ഞതായി ബി.ജെ.പി ആരോപിക്കുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ജയം നേടാന്‍ കഴിഞ്ഞതോടെ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.