കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഒന്നാംപ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. കോളേജിലെ ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊച്ചിയിലെ എസ്.ഡി.പി.ഐ ഓഫീസിലാണ് ഗൂഢാലോചന നടത്തിയതെന്നും മുഹമ്മദ് പൊലീസിന് മൊഴി നല്‍കി.

എസ്.എഫ്.ഐ എതിര്‍ത്തപ്പോള്‍ ചെറുക്കാന്‍ തീരുമാനിച്ചു. സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകള്‍ നേരത്തെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. വാക്ക് തര്‍ക്കമുണ്ടായപ്പോള്‍ താനാണ് കൊച്ചിന്‍ ഹൗസിലുള്ളവരെ വിളിച്ചു വരുത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചാണ് മുഹമ്മദിനെ പൊലീസ് പിടികൂടിയത്. ക്യാപസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡണ്ടും ആലപ്പുഴ ജില്ലാ പ്രസിഡണ്ടുമാണ് മുഹമ്മദ്.