കണ്ണൂര്‍: കോട്ടയത്ത് പ്രണയവിവാഹത്തിന്റെ പേരില്‍ കെവിന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതികള്‍ പിടിയില്‍.
കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയുമാണ് കണ്ണൂരില്‍ നിന്ന് പിടിയിലായത്.

കണ്ണൂര്‍ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒളിയിടത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതാണെന്നും ഇരിട്ടി വഴി ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലായതാണെന്നും അഭ്യൂഹമുണ്ട്. ഇരുവരെയും കോട്ടയത്തേക്ക് കൊണ്ടുപോയി.

കെവിന്റെ സംസ്‌കാര ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് പ്രതികള്‍ കീഴടങ്ങിയത്.
കെവിന്റെ മരണം തന്റെ മാതാപിതാക്കളുടെ അറിവോടെയാണെന്ന് നീനു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് തെരച്ചില്‍ ശക്തമാക്കിയതോടെ മുന്‍കൂര്‍ ജാമ്യം തേടി ഷാനുവിന്റെ പിതാവും സഹോദരനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.