മുംബൈ: ബോളിവുഡ് നടി കങ്കണ റാണൗത്ത് പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി യുവനടന്‍ രംഗത്ത്. കങ്കണയുടെ മുന്‍കാമുകന്‍ കൂടിയായ നടന്‍ അധ്യയാന്‍ സുമനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നെ കങ്കണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന് അധ്യയാന്‍ സുമന്‍ ആരോപിച്ചു.

താന്‍ ഇത് തുറന്നു പറഞ്ഞെങ്കിലും അപമാനിതനാവുകയായിരുന്നു. ‘മീ ടൂ മൂവ്‌മെന്റ് തരംഗമായി കൊണ്ടിരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണിത്. ജനങ്ങള്‍ എല്ലാം അറിയട്ടെ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്ന് കരിയറില്‍ തോറ്റവന്‍ എന്ന് വിളിച്ച് എന്നെ അപമാനിച്ചു. കുറച്ചു പേര്‍ എനിക്ക് പിന്തുണ നല്‍കി. അവര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. കങ്കണയുമായുള്ള ബന്ധം എന്നെ സംബന്ധിച്ച് ചരിത്രമാണ്. എനിക്ക് അതൊന്നും ഇനി ഓര്‍ക്കാന്‍ ആഗ്രഹമില്ല. അവരോട് ഞാന്‍ എന്നേ ക്ഷമിച്ചു കഴിഞ്ഞു’ അധ്യയന്‍ സുമന്‍ പറഞ്ഞു.

സംവിധായകന്‍ വികാസ് ബാലിനെതിരേയും നടന്‍ ഹൃത്വിക് റോഷനെതിരേയും മീടൂവിലൂടെ കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് താരത്തിനെതിരേ തന്നെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കങ്കണയുടെ മികച്ച ചിത്രങ്ങളിലൊന്നായ ക്വീനിലെ സംവിധായകനാണ് വികാസ്.