ജെറ്റ് എയര്‍വേസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തില്‍ പൊട്ടിത്തെറിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ സഹയാത്രക്കാരനോട് ജീവനക്കാര്‍ മോശമായി പെരുമാറിയ സംഭവം ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു.

‘എന്റെ ഫ്‌ളൈറ്റുകള്‍ക്ക് താനൊരിക്കലും വൈകിയിട്ടില്ല. വരിയില്‍ നില്‍ക്കാതിരിക്കാനോ എന്തെങ്കിലും നേട്ടത്തിനോ വേണ്ടി ശ്രമിക്കാറുമില്ല. താരപരിവേഷത്തില്‍ അഭിരമിക്കുന്ന ആളുമല്ല. ഇന്ന് എന്റെ സഹയാത്രികനോട് ഗ്രൗണ്ട് ജീവനക്കാരന്‍ മോശമായി പെരുമാറുന്നത് കണ്ടു. എനിക്കും കുഞ്ഞുമായി പോകുമ്പോള്‍ ഇത്തരത്തിലുള്ള അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും’ ദുല്‍ഖര്‍ പറഞ്ഞു.

മറ്റു ചില വിമാനത്താവളങ്ങളില്‍ നിന്നും മോശമായ പെരുമാറ്റം തനിക്കുണ്ടായിട്ടുണ്ട്. നിങ്ങളുടെ യാത്രക്കാര്‍ക്ക് യാത്രക്കൊപ്പം മോശം അനുഭവം നല്‍കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും ദുല്‍ഖര്‍ ചോദിച്ചു. ട്വിറ്ററില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് സമാന അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.