കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ നല്‍കിയ ഹര്‍ജിയില്‍ ചതിക്കപ്പെട്ടുവെന്ന് നടി ഹണിറോസ്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോടാണ് ഹണിറോസ് വിമര്‍ശനം ഉന്നയിച്ചത്. മോഹന്‍ലാലാണ് ഹര്‍ജി തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഹണി റോസ് പറഞ്ഞു. തുടര്‍ന്ന് ബാബുരാജുമായി സംസാരിച്ചു.

‘ഹര്‍ജി കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, അതിന്റെ ആവശ്യമില്ലെന്നും ഒപ്പ് വാട്‌സ് ആപ്പു വഴി അയച്ചുതന്നാല്‍ മതിയെന്നുമായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ അതുപറ്റില്ലെന്ന് താന്‍ ശാഠ്യം പിടിച്ചു. അപ്പോള്‍ ഹര്‍ജിയുടെ ഒന്നും മൂന്നും പേജുകള്‍ അയച്ചുതരികയായിരുന്നു’ഹണി റോസ് പറഞ്ഞു.

എന്നാല്‍ ഹര്‍ജിയിലെ രണ്ടാം പേജിലാണ് പ്രോസിക്യൂട്ടറെ മാറ്റണം എന്നതടക്കമുള്ള വിവാദ ഭാഗങ്ങള്‍ ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ താന്‍ ഒറ്റപ്പെട്ടു പോയ അവസ്ഥയിലായെന്നും ഹണി റോസ് പരാതിപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ തിരിച്ചെടുക്കുന്ന സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് യോഗം ചേര്‍ന്നത്.