മുംബൈ: മയക്കുമരുന്നു വാങ്ങുന്നതിനിടെ ടെലിവിഷന്‍ നടി പ്രീതിക ചൗഹാനെ മുംബൈ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് 99 ഗ്രാമം മരിജുവാനയും കണ്ടെടുത്തു. വില്‍പ്പനയ്ക്കാരനായ ഫൈസല്‍ ഷൈഖ് എന്നയാളെയും എന്‍സിബി അറസ്റ്റ് ചെയ്തതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെസ്റ്റ് അന്ധേരിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കി. കോടതി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നടിയെ അറസ്റ്റ് ചെയ്തതായി എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സ്ഥിരീകരിച്ചു.

നിരവധി ഹിന്ദി സീരിയലുകളില്‍ അഭിനയിച്ച താരമാണ് പ്രീതിക ചൗഹാന്‍. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് ശേഷം ബോളിവുഡിലെ ലഹരി മരുന്ന് മാഫിയയെ കുറിച്ച് എന്‍സിബി വിശദാന്വേഷണം നടത്തുന്നതിനിടെയാണ് ഒരു നടി കൂടി അറസ്റ്റിലാകുന്നത്.

നേരത്തെ, നടി റിയ ചക്രവര്‍ത്തിയെ സുശാന്തിന് മയക്കുമരുന്ന് എത്തിച്ചു എന്ന ആരോപണത്തില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, ശ്രാദ്ധ കപൂര്‍, സാറ അലിഖാന്‍ എന്നിവരെ എന്‍സിബി ചോദ്യം ചെയ്തിരുന്നു.