ന്യൂഡല്‍ഹി: പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ബോര്‍ഡ് സെക്രട്ടറിയും സോഷ്യല്‍ മീഡിയ ഡസ്‌ക് സെക്രട്ടറിയുമായ മൗലാനാ മുഹമ്മദ് ഉംറൈന്‍ മഹ്ഫൂസ് റഹ്മാനിയുടേതാണ് ആഹ്വാനം. നേരത്തെ, നിരവധി മുസ്‌ലിം രാഷ്ട്രങ്ങള്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഭോപ്പാലിലെ ഇഖ്ബാല്‍ മൈതാനിയില്‍ മക്രോണിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നു. മുസ്‌ലിം വിരുദ്ധ പ്രസ്താവനയില്‍ ഫ്രഞ്ച് അംബാസഡറെ വിളിച്ചു വരുത്തി ഇന്ത്യ വിശദീകരണം ചോദിക്കണമെന്ന് പ്രതിഷേധത്തെ അഭിസംബോധന ചെയ്യവെ കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ് ആവശ്യപ്പെട്ടു. മുഹമ്മദ് നബിയുടെ അധിക്ഷേപകരമായ കാര്‍ട്ടൂണെ പിന്തുണച്ച മക്രോണ്‍ മുസ്‌ലിം വികാരത്തെ മുറിപ്പെടുത്തുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

മുഹമ്മദ് നബിയുടെ അധിക്ഷേപകരമായ കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ പ്രദര്‍ശിപ്പിച്ച സ്‌കൂള്‍ അധ്യാപകനെ ഒക്ടോബറില്‍ കഴുത്തറുത്തു കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉണ്ടായത്. സംഭവത്തിന് പിന്നാലെ കൃത്യത്തിന് ഇസ്‌ലാമിനെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച മക്രോണിന്റെ നടപടിയാണ് പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചത്.

സൗദി, ഖത്തര്‍, കുവൈത്ത്, തുര്‍ക്കി, പാകിസ്താന്‍ തുടങ്ങിയ മുസ്‌ലിം രാഷ്ട്രങ്ങള്‍ മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. മധ്യേഷ്യയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മിക്കതിലും ഫ്രഞ്ച് ഉത്പന്ന ബഹിഷ്‌കരണം തുടരുകയാണ്. ബഹിഷ്‌കരണം നിര്‍ത്തണമെന്ന ഫ്രഞ്ച് വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന മുസ്‌ലിം രാഷ്ട്രങ്ങള്‍ ചെവിക്കൊണ്ടിട്ടില്ല.