മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെയും മനീഷ് പാണ്ഡെയെയും ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തണമെന്ന് മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. യൂട്യൂബ് ചാനലിലെ വിഡിയോയിലാണ് ആകാശ് സഞ്ജുവിനെയും മനീഷ് പാണ്ഡെയെയും പിന്തുണച്ചു രംഗത്തെത്തിയത്. ശക്തമായൊരു ബാറ്റിങ് നിരയില്ലാതെ ടീം ഇന്ത്യയ്ക്ക് ആക്രമിച്ചു കളിക്കാന്‍ സാധിക്കില്ലെന്നും ആകാശ് വ്യക്തമാക്കി. ആറ് ബാറ്റ്‌സ്മാന്‍മാരെ വച്ചാണ് ഇന്ത്യ കളിക്കുന്നത്. അതിന് ശേഷം ജഡേജയും വാഷിങ്ടന്‍ സുന്ദറും വരും. എട്ടാം നമ്പരില്‍വരെ മികവുള്ളവരെത്തുമ്പോള്‍ നമ്മള്‍ ആക്രമിച്ചു കളിക്കുകയാണു വേണ്ടത് ആകാശ് വ്യക്തമാക്കി.

എന്നാല്‍ അവര്‍ക്ക് അതിനു സാധിക്കുന്നില്ല. നമ്മുടെ രീതി മധ്യനിരയിലെവിടെയോ തടസ്സപ്പെട്ടിരിക്കുന്നു. ശിഖര്‍ ധവാന്‍ തുടക്കത്തില്‍ തന്നെ പുറത്തായി. എന്നാല്‍ സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ എന്നിവരെപ്പറ്റി ഞാന്‍ ഒന്നും പറയില്ല. കാരണം അവര്‍ തുടക്കക്കാരാണ്. ഒരാള്‍ നാലാമതും മറ്റൊരാള്‍ അഞ്ചാമനായും ബാറ്റിങ്ങിന് ഇറങ്ങി. പുതിയ ചുമതലകളിലാണ് അവര്‍. അത് ബുദ്ധിമുട്ടായിരിക്കാം. സഞ്ജുവിന്റെയും മനീഷിന്റെയും കാര്യത്തില്‍ ഇന്ത്യന്‍ ടീം ക്ഷമ കാണിക്കണം. ഒരു മത്സരം കളിച്ചശേഷം അവരെ പുറത്താക്കരുത്.

ബാറ്റിങ് പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ ടീമില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നു തോന്നുന്നു. അതുകൊണ്ടു തന്നെ സിലക്ഷനില്‍ ചില മാറ്റങ്ങള്‍ അവര്‍ വരുത്തണം. ഹാര്‍ദിക് പാണ്ഡ്യയെ അഞ്ചാമനായും ജഡേജയെ ആറാമതും ബാറ്റിങ്ങിന് ഇറക്കണമെന്നും ആകാശ് ചോപ്ര ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ട്വന്റി20യില്‍ 15 പന്തുകളില്‍നിന്ന് 23 റണ്‍സാണു സഞ്ജു സാംസണ്‍ നേടിയത്.