മാഡ്രിഡ്: കഴിഞ്ഞ ദിവസമാണ് ബാഴ്‌സലോണയെ അവരുടെ തട്ടകത്തില്‍ വെച്ച് ഫ്രഞ്ച് ടീം പാരിസ് സെന്റ് ജെര്‍മെയ്ന്‍ കീഴടക്കിയിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടം പ്രീ ക്വര്‍ട്ടറിലെ ആദ്യ പാദത്തിലാണ് ബാഴ്‌സലോണ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയത്.

പിഎസ്ജിയുടെ വിജയത്തില്‍ ഹാട്രിക്ക് നേടിയ എംബാപ്പെയുടെ മികവ് ശ്രദ്ധേയമായിരുന്നു. എന്നാല്‍ അതിനിടെ പോരാട്ടം രണ്ടാം പകുതിയിലേക്ക് പ്രവേശിച്ച ഘട്ടത്തില്‍ താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇവിടെയും മുന്നില്‍ എംബാപ്പെ തന്നെയായിരുന്നു. എംബാപ്പെയും ബാഴ്‌സ താരം ജോര്‍ദി ആല്‍ബയും തമ്മിലായിരുന്നു വാക്കുതര്‍ക്കം. സഹ താരങ്ങളെത്തിയാണ് ഇരുവരേയും തണുപ്പിച്ചത്.

വലിയ ആളാണ് താനെന്ന് നിങ്ങള്‍ സ്വയം വിശ്വസിക്കുന്നുവെന്നായിരുന്നു ആല്‍ബയുടെ പരാമര്‍ശം. ഇതൊക്കെ തെരുവില്‍ വച്ചാണ് പറഞ്ഞതെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും ഇതായിരുന്നു എംബാപ്പെ മറുപടി. പിന്നാലെ ആല്‍ബ പിക്വെയോട് എംബാപ്പെയെക്കുറിച്ച് ആക്ഷേപ സ്വരത്തില്‍ ആ വൃത്തികെട്ടവന്‍ എല്ലാം പഠിച്ചു എന്നു പരിഹാസ രൂപത്തില്‍ പറഞ്ഞു. പിന്നീട് നിങ്ങള്‍ ആരെയാണ് കൊല്ലണമെന്ന് പറഞ്ഞത് എന്ന ചോദ്യം പിക്വെ എംബാപ്പെയോടു ചോദിച്ചു. തെരുവിലാണെങ്കില്‍ കൊല്ലും എന്നായിരുന്നു പിക്വെയോടുള്ള താരത്തിന്റെ മറുപടി.

തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങിയ ഘട്ടത്തില്‍ സഹ താരങ്ങള്‍ എത്തിയാണ് രംഗം തണുപ്പിച്ചത്.