ന്യൂഡല്‍ഹി: മകന്റെ സമ്പാദ്യത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ബി. ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടിയും പ്രതിരോധത്തില്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജെയ് ഷാക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്ന് അമിത് ഷാ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രാജിക്ക് നിര്‍ദേശം നല്‍കണമെന്നും ജെയ് ഷായുടെ കമ്പനിക്കെതിരായ ആരോപണം സുപ്രീംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട രണ്ടംഗ സമിതി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന ബി. ജെ.പി വാദം ഒളിച്ചോട്ടമാണെന്നും വിഷയത്തില്‍ മോദി പ്രതികരിക്കാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി അധ്യക്ഷന്മാരായിരുന്ന എല്‍.കെ അദ്വാനി, ബംഗാരു ലക്ഷ്മണ്‍, നിതിന്‍ ഗഡ്കരി എന്നിവര്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ രാജിവച്ചിട്ടുണ്ടെന്നും ശര്‍മ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. സ്വകാര്യ വ്യക്തിയെ ന്യായീകരിക്കാന്‍ കേന്ദ്രമന്ത്രി രംഗത്തെത്തിയെന്നായിരുന്നു വിമര്‍ശം.

അതേസമയം ജയ് ഷായുടെ ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനി ഒറ്റ വര്‍ഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടില്‍ ഉറച്ചു നില്ക്കുന്നതായി ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ വ്യക്തമാക്കി. മോദി പ്രധാനമന്ത്രിയായും അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഈ വളര്‍ച്ച എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2013- 2014 സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം 6,230 രൂപയുടെയും 1,724 രൂപയുടെയും നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 2013-14 ല്‍ 5,796 രൂപ ഇന്‍കം ടാക്സ് റിട്ടേണായി കമ്പനിക്ക് ലഭിച്ചു. 2014-15 കാലയളവില്‍ റവന്യൂ വരുമാനം 50,000 രൂപയും ലാഭം 18, 728 രൂപയുമായി. എന്നാല്‍ 201516 കാലയളവില്‍ ടെംപിള്‍ എന്റര്‍പ്രൈസസിന്റെ റവന്യൂ 80.5 കോടിരൂപയായി ഉയര്‍ന്നു. അതായത് 16 ലക്ഷം ശതമാനം വളര്‍ച്ചയാണ് കമ്പനി ഒറ്റ വര്‍ഷം കൊണ്ട് നേടിയെടുത്തത്.

രജിസ്റ്റര്‍ ഓഫ് കമ്പനീസില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ഒരു ഉന്നതനും രാജ്യസഭാ എംപിയുമായ പരിമള്‍ നത്വാനിയുടെ യുടെ ബന്ധുവായ രാജേഷ് കന്ദ്വാലയുടെ ഉടമസ്ഥതയിലുള്ള സാമ്പത്തിക സ്ഥാപനത്തില്‍ നിന്നും ടെംപിള്‍ എന്റര്‍്രൈപസസിന് 15.78 കോടി രൂപയുടെ വായ്പ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ റവന്യുവില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ പൊടുന്നനെ 2016 ഒക്ടോബറില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. 2016 ലെയും മുന്‍വര്‍ഷങ്ങളിലെയും നഷ്ടത്തോടെ കമ്പനിയുടെ അറ്റാദായത്തില്‍ തകര്‍ച്ചയുണ്ടാതാണ് ഇതിന് കാരണമെന്നാണ് കമ്പനി ഡയറക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2004 ലാണ് ജയ് ഷാ, ജിതേന്ദ്ര ഷാ എന്നിവര്‍ ഡയറക്ടര്‍മാരായി ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത്. അമിത് ഷായുടെ ഭാര്യ സോണാല്‍ ഷായ്ക്ക് കമ്പനിയില്‍ ഷെയര്‍ ഉണ്ട്.

2014 ല്‍ കമ്പനിക്ക് സ്ഥിരാസ്തികളോ സ്റ്റോക്കുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടുന്നാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ചത്. കമ്പനിയുടെ ആസ്തി വെറും രണ്ട് ലക്ഷമായിരിക്കെയാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്. കരുതല്‍ ധനവും അധികവരുമാനവും 80.2 ലക്ഷമായി ഉയര്‍ന്നു, മുന്‍വര്‍ഷം ഇത് 19 ലക്ഷം മാത്രമായിരുന്നു. ഉത്പന്ന വില്‍പ്പനയിലൂടെയാണ് റവന്യൂവരുമാനം 80 കോടിയായി ഉയര്‍ന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. 51 കോടി രൂപയുടെ വിദേശവരുമാനം ഉള്‍പ്പെടെയാണിത്. തൊട്ടുമുന്‍പത്തെ വര്‍ഷം വിദേശവരുമാനം പൂജ്യം ആയിരുന്നു.