പനാജി: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ദാബോളിം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയമ വിരുദ്ധമായി സമ്മേളനം നടത്തിയതിന് പരാതി. ഗോവ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഐറസ് റോഡ്രിഗസാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ നേവിയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ അനധികൃതമായി പാര്‍ട്ടി സമ്മേളനം നടത്തുകയും അമിത് ഷാ യോഗത്തെ അഭിസംബോധന ചെയ്തതും നിയമവിരുദ്ധമാണെന്ന് റോഡ്രിഗസ് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി, ഗോവ ചീഫ് സെക്രട്ടറി, പോലീസ് ഡി.ജി.പി. എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്താനും അവിടെ നിന്ന് തിരിച്ചു പോകാനും കഴിയാതെ ബുദ്ധിമുട്ടി. അവിടെയുള്ള പ്രധാന നിര്‍മാണങ്ങളില്‍ പലതിനും കേടുപാടുകള്‍ സംഭവിച്ചതായും പരാതിയിലുണ്ട്.

രണ്ടായിരത്തിലധികം ആളുകളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇത് ഐ.പി.സി 141 ന്റെ (നിയമവിരുദ്ധമായ സംഘംചേരല്‍) ലംഘനമാണെന്നും പരാതിയിലുണ്ട്. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കിയതിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്.

അതേസമയം അമിത് ഷാക്കെതിരെയും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കെതിരെയും കേസെടുക്കണമെന്ന് കോണ്‍ഗ്രസ് എം.പിയായ ശാന്താറാം നായിക് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അനുമതി ലഭിച്ച ശേഷമാണ് പാര്‍ട്ടി അധ്യക്ഷന് സ്വീകരണം നല്‍കിയതെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.