റാലേഗാന്‍ സിദ്ധി: ദേശീയതലത്തില്‍ ലോക്പാല്‍ സംവിധാനം സ്ഥാപിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ രണ്ട് മുതല്‍ ഉപവാസ സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ. രാജ്യത്തെ അഴിമതി മുക്തമാക്കുന്നതിന് വേണ്ടി ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ജന്‍മനാടായ മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ റാലേഗാന്‍ ഗ്രാമമാണ് സമരത്തിന് വേദിയാവുകയെന്നും ഹസാരെ വ്യക്തമാക്കി.

ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് ഇച്ഛാശക്തിയില്ലെന്ന് ഹസാരെ പറഞ്ഞു. 2011ല്‍ ലോക്പാല്‍ ബില്‍ പാസാക്കണം എന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ 12 ദിവസം ഡല്‍ഹിയില്‍ ഉപവാസ സമരം നടത്തിയിരുന്നു.

ലോക്പാല്‍ നിയമനം വൈകുന്നതില്‍ സുപ്രീംകോടതി കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാറിനെ അതൃപ്തിയറിയിച്ചിരുന്നു. ലോക്പാല്‍ അംഗങ്ങളെ കണ്ടെത്താന്‍ ഒരു സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ സെര്‍ച്ച് കമ്മിറ്റിയെ നിയമിച്ചിട്ടില്ല.