ഇന്ത്യന്‍ നിരത്തുകളില്‍ വെസ്പയ്ക്ക് ശേഷം അപ്രീലിയ എന്ന മോഡലുമായി പിയാജിയോയുടെ പരീക്ഷണം. ഇതിന്റെ വിജയം ഉറപ്പിച്ചതോടെ മാക്‌സി സ്‌കൂട്ടറായ അപ്രീലിയ SXR 160 എന്ന മോഡല്‍ ഇന്ത്യയിലെത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഈ വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ച് കഴിഞ്ഞു.

ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ ആദ്യമായി വില്‍പ്പനയ്‌ക്കെത്തുന്ന മാക്‌സി സ്‌കൂട്ടറായിരിക്കും അപ്രീലിയ SXR160. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള പ്ലാന്റിലാണ് ഈ വാഹനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. ഡീലര്‍ഷിപ്പുകള്‍ക്ക് പുറമെ, ബുക്കിങ്ങിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഒരുക്കിയിട്ടുണ്ട്. 5000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ്.

2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് അപ്രീലിയ SXR 160 ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ, ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നീ നാല് നിറങ്ങളില്‍ എത്തുന്ന സ്‌കൂട്ടറിന് എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, എല്‍.ഇ.ഡി ടെയ്ല്‍ലൈറ്റ്, കണക്ടിവിറ്റി സംവിധാനങ്ങളുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നീ ഫീച്ചറുകളും നല്‍കും.

ഇന്ത്യന്‍ നിരത്തുകളിലുള്ള റെഗുലര്‍ സ്‌കൂട്ടറുകളെക്കാള്‍ മികച്ച യാത്രാസുഖം ഉറപ്പാക്കുന്ന വാഹനമായിരിക്കും SXR 160 മാക്‌സി സ്‌കൂട്ടര്‍. മുന്നിലേയും പിന്നിലേയും യാത്രക്കാരെ ഒരുപോലെ കംഫര്‍ട്ടബിളാക്കുന്ന വീതിയും നീളവുമുള്ള സീറ്റുകളും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന റിയര്‍ സസ്‌പെന്‍ഷനുമാണ് യാത്രാസുഖം ഉറപ്പാക്കുന്നത്.

160 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ മൂന്ന് വാല്‍വ് എന്‍ജിനായിരിക്കും ഈ സ്‌കൂട്ടറിന് കരുത്തേകുന്നത്. ഇത് 10.7 ബി.എച്ച്.പി പവറും 11.6 എന്‍.എം ടോര്‍ക്കുമേകും. ട്രാന്‍സ്മിഷന്‍ ഓട്ടോമാറ്റിക്കാണ്. സുരക്ഷയൊരുക്കുന്നതിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കുന്നതിനൊപ്പം സിംഗിള്‍ ചാനല്‍ എ.ബി.എസും നല്‍കുന്നുണ്ട്.