ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസില്‍ വിവാദ വജ്ര വ്യാപാരി നീരവ് മോദിക്ക് ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25ന് നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിലാണ് കോടതി നടപടി.

നീരവ് മോദിക്കെതിരെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഈ ഉത്തരവോടെ ഇനിയുള്ള ഏതു ദിവസവും അറസ്റ്റ് ഉണ്ടായേക്കാമെന്നാണ് വിവരം. കോടതി ഉത്തരവിടുകയാണെങ്കില്‍ നീരവ് മോദിയെ ബ്രിട്ടണ്‍ ഇന്ത്യക്ക് കൈമാറുകയും ചെയ്യും. എന്നാല്‍ ഉത്തരവിനെതിരെ നീരവിന് അപ്പീല്‍ പോകാന്‍ സാധിക്കും.

പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് 13,578 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യംവിട്ട നീരവ് മോദി ലണ്ടനില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന വിവരം ടെലഗ്രാഫ് പത്രം ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നോ കമന്റ്‌സ് എന്നായിരുന്നു മോദിയുടെ മറുപടി.