ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,000 കോടി രൂപ തട്ടിച്ച് വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നിരവ് മോദി റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് നിരവ് ഈമാസം 12ന് യൂറോസ്റ്റാര്‍ ഹൈ-സ്പീഡ് ട്രെയിനില്‍ ലണ്ടനില്‍ നിന്ന് ബ്രസല്‍സിലേക്ക് യാത്ര ചെയ്തതായും സി.ബി.ഐ വ്യക്തമാക്കി. നിരവിനെ കണ്ടെത്താന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയതോടെയാണ് വിമാനയാത്ര ഒഴിവാക്കി ട്രെയിനിലേക്ക് മാറിയതെന്ന് സി.ബി.ഐ വക്താവ് അഭിഷേക് ദയാല്‍ പറഞ്ഞു. ലണ്ടനില്‍ നിന്ന് ബ്രസല്‍സിലേക്ക് നിരവ് യാത്ര ചെയ്ത കാര്യം യൂറോപ്യന്‍ ഇമിഗ്രേഷന്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പുവിവരം പുറത്തായതോടെ ഫെബ്രുവരി 24 നാണ് നിരവിന്റെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയത്. ഇതിനു മുമ്പ് രാജ്യംവിട്ട ഇയാള്‍ ലണ്ടനിലുണ്ടെന്നാണ് സൂചന. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടാനുള്ള ശ്രമങ്ങളാരംഭിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈമാസം 11 ന് സി.ബി.ഐ നിരവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്. ഇതിന്റെ പിറ്റേന്നായിരുന്നു നിരവിന്റെ ബ്രസല്‍സ് യാത്ര. അതേസമയം റദ്ദാക്കിയ പാസ്പോര്‍ട്ടുമായി ഇപ്പോഴും നിരവ് യാത്ര ചെയ്യുന്നതെങ്ങനെയാണെന്ന കാര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും കൃത്യമായ രൂപമില്ല. അന്വേഷണ ഏജന്‍സികള്‍ യാത്രാ വിവരം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. നിരവിന് ഉന്നതങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നതിന്റെ തെളിവാണിതെന്നും ആരോപണമുണ്ട്്. ജനുവരി ആദ്യ ആഴ്ചയിലാണ് നിരവ് ഇന്ത്യയില്‍നിന്ന് കടന്നത്. ഇക്കാലയളവില്‍ സിംഗപ്പുര്‍ പെര്‍മനന്റ് റെസിഡന്റിനായും അവിടുത്തെ പാസ്പോര്‍ട്ടിനായും നിരവ് അപേക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.