ലണ്ടന്‍: നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ടോട്ടനത്തിനെതിരെ ആര്‍സനല്‍ ജയം നേടി. താരം എബ്രിച്ചേ എസെ നേടിയ ഹാട്രിക്ക് ഗണ്ണേഴ്സിന്റെ വിജയത്തില്‍ നിര്‍ണായകമായി. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ആര്‍സനല്‍ 4-1 നാണ് ടോട്ടനത്തെ തോല്‍പ്പിച്ചത്. ലിയാന്‍ഡ്രോ ട്രോസാര്‍ഡാണ് ഗണ്ണേഴ്സിന്റെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ റീചാര്‍ലിസണ്‍ നേടിയ ഗോളാണ് ടോട്ടനത്തിനുള്ള ഏക ആശ്വാസം.
ജയത്തോടെ ആര്‍സനല്‍ പോയിന്റ് പട്ടികയില്‍ ആറ് പോയിന്റിന്റെ ലീഡുമായി മുന്നില്‍ നില്‍ക്കുകയാണ്.
മത്സരത്തിന്റെ 36-ാം മിനിറ്റില്‍ മൈക്കല്‍ മറിനോയുടെ പാസില്‍ ട്രോസാര്‍ഡ് കൃത്യമായ ഫിനിഷിങ്ങിലൂടെ ആര്‍സനലിന് ലീഡ് നല്‍കി. അതിനുശേഷം, ടിംബറിന്റെ ഡിഫന്‍സ് തകര്‍ത്ത് മുന്നേറ്റം സൃഷ്ടിച്ച നീക്കം ഡെക്ലന്‍ റൈസിന്റെ പാസിലൂടെ എസെയെ കണ്ടെത്തി. രണ്ട് ടച്ച് എടുത്ത് എസെ കരുതലോടെ ബോള്‍ വലയില്‍ എത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എസെ തന്റെ രണ്ടാം ഗോള്‍ നേടി ആര്‍സനലിന്റെ ലീഡ് ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് ടോട്ടനത്തിന്റെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റും അത് ഗോളായും മാറിയത്. ഗോള്‍കീപ്പര്‍ ഡേവിഡ് റയയെ മറികടന്ന് റീചാര്‍ലിസണ്‍ കൃത്യമായി ബോള്‍ വലയില്‍ എത്തിച്ചു.
എന്നാല്‍ ഗണ്ണേഴ്സിന്റെ ആക്രമണം ഇവിടെ അവസാനിച്ചില്ല. 76-ാം മിനിറ്റില്‍ ട്രോസാര്‍ഡിന്റെ അസിസ്റ്റില്‍ എസെ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി ആര്‍സനലിന്റെ നാലാം ഗോളും നേടി.